തെക്കിന്റെ കൈലാസം എന്നറിയപ്പെടുന്ന വെള്ളിങ്കിരിമല;സ്വയംഭൂ ശിവലിംഗം കാണാനെത്തുന്നവരുടെ എണ്ണത്തിൽ വൻ വർധന
ഇത് ദക്ഷിണ കൈലാസം എന്നറിയപ്പെടുന്ന വെള്ളിങ്കിരി മലനിരകൾ. രാത്രികാല ട്രക്കിങ് അനുവദിക്കുന്ന അപൂർവ്വം ഇടങ്ങളിലൊന്ന്. ഏഴു മലകൾക്കപ്പുറം വാഴുന്ന ശിവൻ, കാടും മലയും മുള്ളും ചവിട്ടിക്കയറി ചെന്നെത്തുക എന്നത് എളുപ്പമേയല്ല. എന്നിരുന്നാലും ഓരോ വർഷവും വളരെയധികം സഞ്ചാരികളാണ് ഈ കൈലാസത്തിലെത്തുന്നത്.
ഇപ്രാവശ്യം വെള്ളിങ്കിരിമലയിലെ സ്വയംഭൂ ശിവലിംഗം കാണാനെത്തുന്നവരുടെ എണ്ണത്തിൽ വൻ വർധനയാണ് ഉണ്ടായിരിക്കുന്നത് .പ്രവേശനം ആരംഭിച്ച ഫെബ്രുവരി ഒന്നുമുതൽ ഇതുവരെ 55,000 പേർ മല കയറി. മുൻ വർഷത്തേക്കാൾ അധികമാണിത്. ശിവരാത്രി ദിവസമാണ് ഏറ്റവും കൂടുതൽപേർ എത്തിയിരിക്കുന്നത്.ഫെബ്രുവരി ഒന്നുമുതൽ മേയ് വരെയാണ് വെള്ളിങ്കിരിമല കറാൻ വനംവകുപ്പ് അനുമതി നൽകിയിരിക്കുന്നത്. ആരോഗ്യവകുപ്പിന്റെ പരിശോധനയ്ക്കുശേഷമാണ് ആളുകളെ കയറ്റിവിടുന്നത്.
ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളവർ മല കയറാൻ വരരുതെന്ന് വനംവകുപ്പ് മുന്നറിയിപ്പ് നൽകുകയും ചെയ്തു .വെള്ളിങ്കിരി മലയിൽനിന്ന് ശേഖരിച്ച പ്ലാസ്റ്റിക് വസ്തുക്കൾ കൊണ്ട് അലമാരയും മേശയും സോഫയുമുണ്ടാക്കി വനംവകുപ്പ്. സ്വകാര്യ റീസൈക്ലിങ് കമ്പനിയാണ് മാലിന്യം വീട്ടുപകരണങ്ങളാക്കി മാറ്റിയത്. 2025-ൽ 28 ടൺ മാലിന്യങ്ങളാണ് ശേഖരിച്ചത്.ചോക്‌ളേറ്റ്, ബിസ്കറ്റ് തുടങ്ങിയവയുടെ കവറുകളാണ് അധികവും കിട്ടിയത്.
ഇവ സംസ്‌കരിച്ചശേഷമാണ് അലമാരയും മറ്റും നിർമ്മിച്ചത് .വെള്ളിങ്കിര മലയിലേക്ക് പ്ലാസ്റ്റിക് വസ്തുക്കൾ കൊണ്ടുപോകുന്നതിൽ വിലക്കുണ്ടെങ്കിലും മല കയറാൻ വരുന്നവർ ബിസ്കറ്റും മറ്റു ലഘുഭക്ഷണങ്ങളും കൊണ്ടുപോകുന്നുണ്ട്.
മലമുകളിൽ കടകളൊന്നും ഇല്ലാത്തിനാൽ ക്ഷീണവും വിശപ്പും മാറ്റാൻ മറ്റു മാർഗങ്ങളില്ല. അതിനാൽ ലഘുഭക്ഷണം കൊണ്ടുപോകുന്നത് തുടരുന്നുണ്ട്.