സഞ്ചാരികൾക്ക് മനംകവരുന്ന കാഴ്ചയൊരുക്കി പൂത്തുലഞ്ഞു നില്‍ക്കുന്ന ജക്രാന്ത;നീലവസന്തമായി 'മൂന്നാര്‍

By :  Devina Das
Update: 2026-03-10 06:46 GMT

മൂന്നാർ: മറയൂർ-മൂന്നാർ റോഡിൽ തേയിലത്തോട്ടങ്ങൾക്കിടയിൽ മനംകവരുന്ന കാഴ്ചയായി പൂത്തുലഞ്ഞു നിൽക്കുന്ന ജക്രാന്ത മരങ്ങൾ. മറയൂരിനും മൂന്നാറിനും ഇടയിൽ സമുദ്രനിരപ്പിൽനിന്ന് 8000 അടി ഉയരത്തിലുള്ള പാറക്കെട്ടിന്റെ താഴ്ഭാഗത്തുള്ള വാഗവരൈയിലാണ് മരങ്ങൾ കൂടുതലും പൂവിട്ടിരിക്കുന്നത്.തേയിലത്തോട്ടങ്ങൾക്കിടയിലും പാതയോരങ്ങളിലും ഇലകൾ പൂർണമായും കൊഴിഞ്ഞ ഉയരം കൂടിയ മരച്ചിലകൾ നിറയെ നീലനിറത്തിലുള്ള പൂക്കളുമായി മാർച്ച്, ഏപ്രിൽ മാസങ്ങളിൽ നിൽക്കുന്ന മരങ്ങൾക്ക് 'നിറഞ്ഞ നാട്' എന്ന അർഥം ഉൾക്കൊണ്ടാണ് വാഗവരൈ എന്ന പ്രാദേശികനാമം ഉണ്ടായതെന്നു തോട്ടം തൊഴിലാളികൾ പറയുന്നു.നീലവാക എന്നു പ്രാദേശികമായി അറിയപ്പെടുന്ന ജക്രാന്ത വിദേശ വൃക്ഷമാണ്. തെക്കേ അമേരിക്കയിൽ നിന്ന് വന്ന വൃക്ഷത്തിന്റെ ശാസ്ത്രീയ നാമം 'ജെക്കറാന്ത മിമിസിഫോളിയ' എന്നാണ്. തേയിലത്തോട്ടങ്ങളിലെ കൊളോണിയൽ ഭരണകാലത്ത് യൂറോപ്യരാണു പാതയോരങ്ങളിലും ബംഗ്ലാവുകളുടെ സമീപത്തും ഇവ വച്ചുപിടിപ്പിച്ചത്. തോട്ടങ്ങളുടെ സൗന്ദര്യ വൽകരണത്തിനായാണു വിദേശികൾ പാതയോരങ്ങളിൽ ഇവ വച്ചുപിടിപ്പിച്ചതെന്നാണു പറയപ്പെടുന്നത്. 50 അടിയിലേറെ ഉയരത്തിൽ വളരുന്ന വൃക്ഷം വിദേശരാജ്യങ്ങളിൽ അലങ്കാര വൃക്ഷമായാണ് ഉപയോഗിക്കുന്നത്.

Similar News