ലോകപ്രശസ്തമായ 'സ്ഫിയര്‍' ഇനി അബുദാബിയിൽ

By :  Devina Das
Update: 2026-05-16 09:56 GMT

അബുദാബി: ലോകപ്രശസ്തമായ 'സ്ഫിയർ'((Sphere) ഇനി മുതൽ യുഎഇയിലും . അമേരിക്കയ്ക്കു പുറത്തെ ലോകത്തെ ആദ്യ സ്ഫിയർ വേദിയായി അബുദാബിയെ തെരഞ്ഞെടുത്തു. 2023 സെപ്റ്റംബറിലാണ് ലോകത്തിലെ ആദ്യത്തെ സ്ഫിയർ വേദി ലാസ് വേഗാസിൽ തുറന്നത്. ലാസ് വേഗാസിലെ പോലെ, അത്യാധുനിക സാങ്കേതിക വിദ്യകളാൽ പ്രവർത്തിക്കുന്നതായിരിക്കും അബുദാബിയിലേതും. ഇതിലൂടെ ലോകത്തെമ്പാടുമുള്ള വിനോദ സഞ്ചാരികളെയാണ് ലക്ഷ്യമിടുന്നത്.

യാസ് ഐലൻഡിലെ യാസ് മാളിനും സീവേൾഡിനും ഇടയിലാണ് 16,262 കോടി രൂപ ചെലവിൽ സ്ഫിയർ ഒരുങ്ങുക. പച്ചപ്പാൽ ചുറ്റപ്പെട്ട ഈ പ്രദേശം യാസ് ഐലൻഡിലെ മറ്റ് തീം പാർക്കുകൾക്കും ആകർഷണങ്ങൾക്കും അടുത്താണ് സ്ഥിതി ചെയ്യുന്നത്. പദ്ധതിയുടെ നിർമ്മാണം 2029 അവസാനത്തോടെ പൂർത്തിയാകുമെന്നാണ് കരുതുന്നത്.സ്ഫിയർ എക്സ്പീരിയൻസ്, കൺസേർട്ട് റെസിഡൻസികൾ, ബ്രാൻഡ് ഇവന്റുകൾ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായിട്ടാണ് അബുദാബി സ്ഫിയറിൽ പരിപാടികൾ നടക്കുക. പ്രാദേശിക അറബിക് സംസ്‌കാരവും പൈതൃകവും ഉൾപ്പെടുത്തിയുള്ള കലാപ്രകടനങ്ങളും ഇവിടെയുണ്ടാകും.

എന്താണ് സ്ഫിയർ

വെർച്വൽ റിയാലിറ്റി ഗ്ലാസുകൾ വയ്ക്കാതെ തന്നെ ആ ലോകത്ത് നേരിട്ട് എത്തിയ അനുഭവം നൽകുന്ന വിസ്മയ വേദി. പുറമെനിന്ന് നോക്കിയാൽ ഭീമാകാരമായ ഗോളം. കോടിക്കണക്കിന് എൽഇഡി ലൈറ്റുകൾ കൊണ്ടാണ് പുറംഭാഗം നിർമിക്കുന്നത്. അതുകൊണ്ട് തന്നെ ഗോളത്തിനു പുറത്ത് ചന്ദ്രനോ ഭൂമിയോ സിനിമയോ ഏതു ദൃശ്യങ്ങളും അതിമനോഹരമായി തെളിയും.

അകത്തു പ്രവേശിച്ചാൽ ലോകത്തെ ഏറ്റവും വലിയ ഹൈ-റെസല്യൂഷൻ എൽഇഡി സ്‌ക്രീൻ ചുറ്റുമുള്ളതിനാൽ കാണികൾ ആ ദൃശ്യത്തിന് അകത്താണെന്ന തോന്നുലുണ്ടാക്കും. സിനിമ കാണുമ്പോൾ കാറ്റടിക്കുന്നതും മണം അനുഭവപ്പെടുന്നതും ഇരിപ്പിടങ്ങൾ കുലുങ്ങുന്നതുമായ സാങ്കേതിക വിദ്യകളെല്ലാം ഇതിലുണ്ടാകും. ലോകോത്തര ശബ്ദ സംവിധാനവും പ്രത്യേകതയാണ്.

Similar News