ഇന്ത്യന്‍ നഗരങ്ങളില്‍ കൊച്ചിയെ പുകഴ്ത്തി ന്യൂയോർക്കിലെ ട്രാവല്‍ ഇന്‍ഫ്ലുവന്‍സര്‍

By :  Devina Das
Update: 2026-03-23 11:29 GMT

ഇന്ത്യൻ നഗരങ്ങളിൽ കൊച്ചിയെ പുകഴ്ത്തി ന്യൂയോർക്കിൽ നിന്നുള്ള ട്രാവൽ ഇൻഫ്ലുവൻസറായ ക്ലോയി ജേഡ്. ഇന്ത്യയിലെ നഗരങ്ങൾ മുഴുവൻ വൃത്തിഹീനമാണെന്ന് കൊച്ചി കണ്ടവർ പറയില്ലെന്നാണ് ട്രാവൽ ഇൻഫ്ലുവൻസറുടെ നിലപാട്. ഇൻസ്റ്റഗ്രാമിൻ പങ്കുവച്ച കൊച്ചിയുടെ വിഡിയോയിലാണ് ക്ലോയി ജേഡ് തന്റെ അഭിപ്രായം പങ്കുവയ്ക്കുന്നത്.'ഇന്ത്യ വൃത്തിഹീനമായ രാജ്യമല്ല' ഇന്ത്യൻ നഗരങ്ങൾ അഴുക്കു നിറഞ്ഞവയാണെന്ന് ആളുകൾ പറയാറുണ്ട്, എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം അങ്ങനെയല്ല. ഞാൻ ഇപ്പോൾ ഇന്ത്യയിലെ കേരളത്തിലാണുള്ളത്. മുൻ ധാരണകൾ മാറ്റുന്നതാണ് ഇവിടത്തെ കാഴ്ചകളെന്നും ക്ലോയി ജേഡ് പറയുന്നു.

പലപ്പോഴും ഇന്ത്യയെക്കുറിച്ച് കേൾക്കുന്ന ആദ്യത്തെ കാര്യം ഇന്ത്യ വൃത്തിക്കുറവുള്ള രാജ്യമാണ് എന്നതാണ്. ഇത് എന്റെ രണ്ടാം സന്ദർശനമാണ്. ഇന്ത്യയുടെ ചില ഭാഗങ്ങൾ അല്പം അഴുക്കുള്ളതാണെങ്കിലും രാജ്യത്തെ മുഴുവൻ അത്തരത്തിൽ കാണാൻ കഴിയില്ല. കൊച്ചിയിലെ വൃത്തിയായി പരിപാലിക്കുന്ന നടപ്പാതകളും റോഡുകളും ഹോട്ടലുകളും ചൂണ്ടിക്കാട്ടി അവർ പറയുന്നു. റോഡരികിലെ മാലിന്യങ്ങളുടെ അഭാവവും പൊതുസ്ഥലങ്ങളിലെ ശുചിത്വവും അവർ പ്രത്യേകം ചൂണ്ടിക്കാട്ടുന്നു.കൊച്ചി മെട്രോ യാത്രയെ കുറിച്ചും ബോട്ടിലെ ശുചിത്വത്തെയും അവർ പ്രശംസിച്ചു. സോളാർ ഊർജം ഉപയോഗിച്ചാണ് ഇത് പ്രവർത്തിക്കുന്നതെന്നും ക്ലോയി ജേഡ് ചൂണ്ടിക്കാട്ടി.

Similar News