13 മണിക്കൂർ; വരുന്നൂ ബെംഗളൂരു-മുംബൈ വന്ദേഭാരത് സ്ലീപ്പർ ,പോക്കറ്റ് കാലിയാകാതെ യാത്ര ചെയ്യാം
ബെംഗളൂരുവിൽ നിന്ന് മംഗളൂരുവിലേക്കും മുംബൈയിലേക്കും പുതിയ വന്ദേഭാരത് ട്രെയിൻ സർവീസുകൾ വരുന്നു . വളരെ നാളുകളായി കാത്തിരിക്കുന്ന ബെംഗളൂരു-മംഗളൂരു വന്ദേ ഭാരത് എക്സ്പ്രസിന്റെ സാങ്കേതിക തടസ്സങ്ങൾ നീങ്ങിയതായും ഉടൻ തന്നെ സർവീസ് തുടങ്ങുമെന്നും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി . ബെംഗളൂരുവിലെ ബി ഇ എം എൽ (BEML) കാമ്പസിൽ ഇന്ത്യയുടെ ബുള്ളറ്റ് ട്രെയിൻ സെറ്റുകളുടെ നിർമ്മാണത്തിനായി സജ്ജമാക്കിയ പ്രത്യേക സമുച്ചയം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കവെ ആണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത് .
ഹസ്സൻ-മംഗളൂരു പാതയിലെ വൈദ്യുതീകരണം പൂർത്തിയായതിനൊപ്പം, കുത്തനെയുള്ള കയറ്റങ്ങളുള്ള ഈ മേഖലയിൽ സുരക്ഷ ഉറപ്പാക്കാൻ അത്യാധുനിക 'ഓട്ടോമേറ്റഡ് എമർജൻസി ബ്രേക്കിംഗ്' (AEB) സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. നിലവിൽ മംഗളൂരുവിനും മഡ്‌ഗാവിനും ഇടയിൽ ഓടുന്ന വന്ദേ ഭാരത് സർവീസിനെ ബെംഗളൂരുവിലേക്ക് നീട്ടാനാണ് റെയിൽവേ പദ്ധതിയിടുന്നത്. ഇത് നിലവിലുള്ള ട്രെയിനുകളേക്കാൾ ഒരു മണിക്കൂറെങ്കിലും യാത്രാസമയം കുറയ്ക്കാൻ സഹായിക്കും.
മുംബൈയിലേക്കുള്ള യാത്ര സുഗമമാക്കാൻ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനൊപ്പം ഹുബ്ബള്ളി വഴി ഒരു സൂപ്പർഫാസ്റ്റ് എൽഎച്ച്ബി ട്രെയിനും ഉടൻ തന്നെ നിലവിൽ വരും. ഗുണ്ടക്കൽ, കലബുറഗി വഴി പോകുന്ന വന്ദേ ഭാരത് സ്ലീപ്പർ ഏകദേശം 16 മണിക്കൂർ കൊണ്ട് മുംബൈയിലെത്തും. അതിവേഗ ട്രെയിനുകൾ യാഥാർത്ഥ്യമാകുന്നതോടെ ചെന്നൈ-ബെംഗളൂരു യാത്രാസമയം വെറും 73 മിനിറ്റായി ചുരുങ്ങുമെന്നും നഗരങ്ങൾ തമ്മിലുള്ള ദൂരം കുറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബെംഗളൂരു സബർബൻ റെയിൽവേ പദ്ധതിയുടെ (BSRP) പ്രവർത്തനങ്ങൾ മികച്ച രീതിയിലാണ് പുരോഗമിക്കുന്നതെന്ന് മന്ത്രി വൈഷ്ണവ് പറഞ്ഞു. പദ്ധതി നടപ്പിലാക്കുന്ന ഏജൻസിയായ കെ-റൈഡിന്റെ (K-RIDE) മാനേജിംഗ് ഡയറക്ടറായി ഒരു സാങ്കേതിക വിദഗ്ധനെ നിയമിക്കണമെന്ന് റെയിൽവേ മന്ത്രാലയം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് നിയമനം നടന്നതോടെ കഴിഞ്ഞ കുറച്ചു മാസങ്ങളായി ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള ജോലികൾ വേഗത്തിലായെന്നും പ്രധാനമന്ത്രി നേരിട്ട് ഇതിന്റെ പുരോഗതി വിലയിരുത്തിയതായും അദ്ദേഹം വ്യക്തമാക്കി