കൊല്‍ക്കത്തിയിലെ ട്രാമുകള്‍ക്ക് പ്രായം 153; നഗരത്തിന്റെ നൊസ്റ്റാള്‍ജിയ ഓര്‍മയാകുമോ?

Kolkata trams celebrated its 153rd anniversary

By :  Rajesh
Update: 2026-03-04 17:49 GMT


ഡോ. സന്തോഷ് മാത്യു

ഇന്ത്യയില്‍ ട്രാം ഓടുന്ന ഏക നഗരമേത്? അത് കൊല്‍ക്കത്ത തന്നെ. എന്നാല്‍ അത് മാത്രമല്ല വിശേഷണം. ഏഷ്യയിലെ ഏറ്റവും പഴക്കം ചെന്ന, ഇപ്പോഴും നിരത്തിലുള്ള വൈദ്യുതി ഉപയോഗിച്ചോടുന്ന ട്രാം സര്‍വീസും ഈ നഗരത്തിനു മാത്രം സ്വന്തം. 1873-ല്‍ ഇന്ത്യയിലെ ആദ്യത്തെ ട്രാം കൊല്‍ക്കൊത്തയില്‍ വരുമ്പോള്‍ അത് കുതിരവലിക്കുന്ന, പാളത്തിലോടുന്ന മണിക്കൂറില്‍ മൂന്ന് മൈല്‍ മാത്രം വേഗത ഉണ്ടായിരുന്ന ഒരു ഗതാഗത സംവിധാനം മാത്രമായിരുന്നു. റിപ്പണ്‍ പ്രഭുവിന്റെ കാലത്താണ് ട്രാം ഇവിടെയെത്തുന്നത്. പിന്നീട് മദ്രാസിലും ബോംബെയിലും ബറോഡയിലും നാസിക്കിലും കാണ്‍പുരിലും ഭാവ്‌നഗറിലും എല്ലാം ട്രാം എത്തി. 1895-ല്‍ ഇന്ത്യയിലെ ആദ്യ ഇലക്ട്രിക്ക് ട്രാം ഓടിയത് മദ്രാസിലാണ്. 1930 മുതല്‍ 1970 വരെയുള്ള കാലഘട്ടത്തില്‍ ഇവിടെല്ലാം ട്രാം സര്‍വീസ് വിജയകരമായി നടന്നിരുന്നു. എന്നാല്‍, കാലാന്തരത്തില്‍ അതെല്ലാം സേവനം നിര്‍ത്തുകയായിരുന്നു.

നമ്മുടെ കേരളത്തിലും ട്രാം ഉണ്ടായിരുന്നു. പറമ്പിക്കുളം കാടുകളെ ചാലക്കുടിയുമായി ബന്ധിപ്പിക്കുന്ന ഈ സംവിധാനം പഴയ കൊച്ചി നാട്ടുരാജ്യമാണ് കൊണ്ടുവന്നത്. 1907 മുതല്‍ 1963 വരെ കൊച്ചിന്‍ സ്റ്റേറ്റ് ഫോറസ്‌റ് ട്രാംവേ എന്ന കമ്പനിയാണ് എണ്‍പത് കിലോമീറ്റര്‍ നീളമുള്ള ഈ ട്രാം സര്‍വീസ് നടത്തിയിരുന്നത്. പറമ്പിക്കുളം വനാന്തരങ്ങളിലെ ഈട്ടിയും തേക്കും കടത്തികൊണ്ടുവരുന്നതിനാണ് ഇവിടേയ്ക്ക് ട്രാം കടന്നുവന്നത്.


 



കല്‍ക്കട്ട ട്രാംവേസ് കമ്പനിയുടെ മേല്‍നോട്ടത്തില്‍ 1902-ല്‍ ഇലക്ട്രിക്ക് ട്രാം എത്തിയതോടെ ഈ നഗരത്തിന്റെ മുഖച്ഛായ തന്നെ മാറുകയായിരുന്നു. ഇരട്ടനഗരങ്ങളായ കൊല്‍ക്കട്ടയെയും ഹൗറയെയും ബന്ധിപ്പിക്കുന്ന തലത്തിലേക്ക് ട്രാം അതിന്റെ സേവനം പടിപടിയായി ഉയര്‍ത്തുകയും ചെയ്തു. ഹൗറ, ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ, ഏറ്റവും വലിയ റെയില്‍ കെട്ടിട സമുച്ചയമാകുന്നതില്‍ ട്രാം അതിന്റേതായ പങ്ക് വഹിച്ചിട്ടുണ്ട്. ഏറ്റവും പ്രതാപകാലത്ത് കൊല്‍ക്കത്ത ട്രാമിന് 25 ദിശകളിലേക്ക് സേവനം ഉണ്ടായിരുന്നു. ഇന്നും കൊല്‍ക്കത്തയിലെ 15000 ത്തോളം ആള്‍ക്കാര്‍ ട്രാമിനെ ആശ്രയിക്കുന്നുണ്ട്. ഏറ്റവും ചെലവ് കുറഞ്ഞ, പരിസ്ഥിതി സൗഹാര്‍ദ്ദമായ ട്രാം ഇന്ന് ആറു ദിശകളിലേക്ക് മാത്രമാണ് സര്‍വീസ് നടത്തുന്നത്. ഇന്ന് വെസ്റ്റ് ബംഗാള്‍ ട്രാന്‍സ്പോര്‍ട് കോര്‍പറേഷന്‍ നേരിട്ട് മേല്‍നോട്ടം വഹിക്കുന്ന ട്രാം ജീവിതത്തിനും മരണത്തിനും ഇടയിലുള്ള ഊര്‍ദ്ധശ്വാസം വലിക്കുകയാണ്. നഗരത്തിന്റെ ആധുനികവത്കരണത്തിന് ട്രാം ലൈനുകള്‍ തടസം നില്കുന്നുവെന്നും ഇത് വലിയൊരു പ്രദേശം അപഹരിക്കുന്നുമെന്നാണ് ആക്ഷേപം. വളരെ തിരക്കുള്ള കൊല്‍ക്കൊത്ത റോഡുകളില്‍ പലപ്പോഴും ഇത് കാരണം. ചെറു ഗതാഗത തടസങ്ങള്‍ ഉണ്ടാകുമ്പോളും ആ നഗരത്തിന്റെ തിലകകുറി തന്നെയാണ് ട്രാം.

2026 ഫെബ്രുവരി 24-ന് കൊല്‍ക്കത്തയിലെ ട്രാം അതിന്റെ 153ാമത് വാര്‍ഷികം വിപുലമായി ആഘോഷിച്ചു. പശ്ചിമ ബംഗാള്‍ ട്രാന്‍സ്പോര്‍ട്ട് വകുപ്പ് സംഘടിപ്പിച്ച ചരിത്രപ്രസിദ്ധമായ 'ട്രാംജാത്ര' യ്ക്കായി ജര്‍മ്മനി, ഓസ്ട്രേലിയ തുടങ്ങിയ ദൂരെ നിന്ന് പോലും ട്രാം പ്രേമികള്‍ നഗരത്തിലെത്തി. 1873 ഫെബ്രുവരി 24 ന് കുതിരകള്‍ വലിച്ച ആദ്യത്തെ ട്രാമുകള്‍ കൊല്‍ക്കത്ത തെരുവിലിറങ്ങി. ഇന്നും ട്രാമുകള്‍ ഓടിക്കൊണ്ടിരിക്കുന്ന ഏക നഗരം കൊല്‍ക്കത്തയാണ്.


 




ട്രാമുകളുടെ പ്രതാപ കാലത്ത് ഡല്‍ഹി, ബോംബെ, മദ്രാസ് തുടങ്ങിയ മഹാനഗരങ്ങളിലും നാസിക്, പട്‌ന, ഭാവ്നഗര്‍ തുടങ്ങിയ ചെറിയ പട്ടണങ്ങളിലും കാണാവുന്ന ഒരു ജനപ്രിയ നഗര ഗതാഗത മാര്‍ഗ്ഗമായിരുന്നു ട്രാം. കുതിരവണ്ടി ട്രാമുകള്‍ സീല്‍ദായ്ക്കും അര്‍മേനിയന്‍ ഘട്ട് സ്ട്രീറ്റിനും ഇടയിലുള്ള 3.8 കിലോമീറ്റര്‍ 1873-മുതല്‍ ഓടിക്കൊണ്ടിരുന്നു. 1874-ല്‍, ആദ്യത്തെ കുതിരവണ്ടി ട്രാമുകള്‍ മുംബൈയില്‍ പ്രവര്‍ത്തനം തുടങ്ങി. കൊളാബയില്‍ നിന്ന് ക്രോഫോര്‍ഡ് മാര്‍ക്കറ്റ് വഴി പൈധോണിയിലേക്കും, ബോറി ബണ്ടറില്‍ നിന്ന് പൈധോണിയിലേക്കും രണ്ട് റൂട്ടുകളിലൂടെ ആയിരുന്നു സര്‍വീസ്. ട്രാമുകള്‍ വന്ന ഇന്ത്യയിലെ മൂന്നാമത്തെ നഗരമാണ് നാസിക്. 1886-ല്‍ പട്നയില്‍ കുതിരവണ്ടി ട്രാമുകള്‍ എത്തി. 1874-ല്‍, ആദ്യത്തെ കുതിരവണ്ടി ട്രാമുകള്‍ മുംബൈയില്‍ പ്രവര്‍ത്തനം തുടങ്ങി. കൊളാബയില്‍ നിന്ന് ക്രോഫോര്‍ഡ് മാര്‍ക്കറ്റ് വഴി പൈധോണിയിലേക്കും, ബോറി ബണ്ടറില്‍ നിന്ന് പൈധോണിയിലേക്കും രണ്ട് റൂട്ടുകളിലൂടെ ആയിരുന്നു സര്‍വീസ്. ട്രാമുകള്‍ വന്ന ഇന്ത്യയിലെ മൂന്നാമത്തെ നഗരമാണ് നാസിക്. 1886-ല്‍ പട്നയില്‍ കുതിരവണ്ടി ട്രാമുകള്‍ എത്തി.

1880-ല്‍, കല്‍ക്കട്ടയില്‍ ട്രാമുകള്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു. ബൗബസാര്‍ സ്ട്രീറ്റ്, ഡല്‍ഹൗസി സ്‌ക്വയര്‍, സ്ട്രാന്‍ഡ് റോഡ് വഴി സീല്‍ദായ്ക്കും അര്‍മേനിയന്‍ ഘട്ട് സ്ട്രീറ്റിനും ഇടയില്‍ റിപ്പണ്‍ പ്രഭു പുതിയതും നീളമേറിയതും മീറ്റര്‍ ഗേജ് പാത ഉദ്ഘാടനം ചെയ്തു. രണ്ട് വര്‍ഷത്തിന് ശേഷം, കല്‍ക്കട്ട ട്രാംവേ കമ്പനി ട്രാമുകള്‍ വലിക്കാന്‍ ആവി ലോക്കോമോട്ടീവുകള്‍ (കുതിരകള്‍ക്ക് പകരം) പരീക്ഷിച്ചു. 1902-ഓടെ, കല്‍ക്കട്ടയില്‍ ആദ്യത്തെ ഇലക്ട്രിക് ട്രാം കാറുകള്‍ പ്രവര്‍ത്തനം തുടങ്ങി. എസ്പ്ലനേഡിനും കിഡര്‍പോറിനും ഇടയിലും എസ്പ്ലനേഡിനും കാളിഘട്ടിനും ഇടയില്‍ ഇത് പ്രവര്‍ത്തിപ്പിച്ചു.


 



1907-ല്‍ ബോംബെ ഇലക്ട്രിക് സപ്ലൈ ആന്‍ഡ് ട്രാംവേ കമ്പനിക്ക് (ബെസ്റ്റ്) കീഴില്‍ ബോംബെ ട്രാം വൈദ്യുതീകരിച്ചു. കാണ്‍പൂരില്‍ 1907-ലും. ഒരു വര്‍ഷത്തിനു ശേഷം ഡല്‍ഹിയിലും ട്രാമുകള്‍ എത്തി. യാത്രക്കാരുടെ എണ്ണം കുറവായതിനാല്‍ 1903-ല്‍ ട്രാം സര്‍വീസ് നിര്‍ത്തുന്ന ആദ്യത്തെ നഗരമായി പട്‌ന മാറി. പട്ടിണിയും പ്ലേഗും ഉണ്ടായതിനെത്തുടര്‍ന്ന് 1933-ല്‍ നാസിക്ക് അതിന്റെ ട്രാംവേകള്‍ അടച്ചുപൂട്ടി. നികത്താനാവാത്ത നഷ്ടത്തിലേക്ക് ഓടിയതിന് ശേഷം അതേ വര്‍ഷം തന്നെ കാണ്‍പൂര് അതിന്റെ ട്രാമുകള്‍ അടച്ചുപൂട്ടി. മദ്രാസിലെ ട്രാം കമ്പനി 1950-ല്‍ പാപ്പരാവുകയും 1953-ല്‍ അതിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയും ചെയ്തു. 1964 വരെ ബോംബയില്‍ ട്രാമുകള്‍ ഓടിക്കൊണ്ടിരുന്നു. 1963-ല്‍ വരെ ഡല്‍ഹിയിലും.

കൊല്‍ക്കത്തയുടെ ഹൃദയമിടിപ്പായ ട്രാം വണ്ടികള്‍ വിശ്രമിക്കുന്ന ഗര്യാഹാട്ട് ട്രാം ഡിപ്പോ മുടിഞ്ഞ തറവാട് പോലെയാണിന്ന്. നഗരത്തിന്റെ തിരക്കുകളില്‍ നിന്നും മാറി, പഴയകാലത്തിന്റെ പ്രൗഢി വിളിച്ചോതുന്ന ഡിപ്പോക്ക് ഇപ്പോള്‍ ശ്മശാന മൂകതയാണ്. തുരുമ്പിച്ച പാളങ്ങളും, നീലയും വെള്ളയും ചായം പൂശിയ പഴയ ട്രാം വണ്ടികളും അവിടെ ഒരു വലിയ കാലഘട്ടത്തിന്റെ കഥ മൗനമായി പറയുന്നു. എണ്‍പതുകളില്‍ കല്‍ക്കത്തയില്‍ ട്രാമില്‍ രാജകീയമായി യാത്രചെയ്തിരുന്ന നല്ല കാലം പലര്‍ക്കും നൊസ്റ്റാള്‍ജിയ ആണ്. ഒരുകാലത്ത് ചരിത്രപരമായും സാംസ്‌കാരികമായും സമൃദ്ധമായ കല്‍ക്കത്തയുടെ ഇന്നത്തെ ദയനീയാവസ്ഥയുടെ പ്രതീകങ്ങളാണി ട്രാമുകള്‍ എന്ന് പറയാം. ട്രാമുകളുടെ നഗരം ഇന്ന് ട്രാമുകളുടെ ശവപ്പറമ്പായിരിക്കുന്നു എന്നത് സത്യം. മിക്ക റോഡുകളിലും ട്രാമിന്റെ ട്രാക്കുകള്‍ മൂടി ടാര്‍ ചെയ്തു. റോഡുകളില്‍ നിന്ന് ട്രാക്കുകള്‍ നീക്കം ചെയ്യുന്നത് ചിലവേറിയ കാര്യമായതിനാലാണ് അവ മൂടി ടാര്‍ ചെയ്തത്. റോഡുകള്‍ പൂര്‍ണമായി മോട്ടോര്‍ വാഹനങ്ങള്‍ക്ക് തുറന്നു കൊടുത്തു. ചിലയിടത്തൊക്കെ കൈ രേഖകള്‍ പോലെ ഇരുമ്പ് പാളത്തിന്റെ അവശിഷ്ടങ്ങള്‍ ദൃശ്യമാണ്.

(പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി, സെന്റര്‍ ഫോര്‍ സൗത്ത് ഏഷ്യന്‍ സ്റ്റഡീസില്‍ പ്രൊഫസറാണ് ലേഖകന്‍)

Similar News