ആഴത്തിൽ വേരൂന്നിയ കുടിപ്പകയുടെ ചരിത്രത്തിൽ വൈരികൾ കൈ കോർക്കുമോ ?തമിഴകം ഉറ്റുനോക്കുന്നു

By :  Devina Das
Update: 2026-05-08 10:31 GMT

തമിഴകത്തെ സർക്കാർ രൂപീകരണത്തിനായി ഡിഎംകെ-എഐഎഡിഎംകെ സഖ്യം സാധ്യമാകുമെന്ന അഭ്യൂഹങ്ങൾ പരക്കുന്നതിനിടെ പതിറ്റാണ്ടുകളായി ശത്രുക്കളായിരുന്ന ഇരുകക്ഷികളും ഒരു 'മഹാസന്ധി'ക്ക് തയ്യാറെടുക്കുകയാണോ എന്ന ചോദ്യം വളരെയേറെ പ്രസക്തമാവുകയാണ് . എന്നാൽ ഈ നീക്കങ്ങൾക്ക് മുന്നിൽ ഹിമാലയം പോലെ തടസ്സമായി നിൽക്കുന്നത് ആഴത്തിൽ വേരൂന്നിയ കുടിപ്പകയുടെ ഒരു നീണ്ടകാലത്തെ ചരിത്രമാണ്.തമിഴ് മണ്ണിൻറെ ജീവവായു ആയി കാലങ്ങളായി നിലകൊള്ളുന്ന ദ്രാവിഡ കക്ഷികളുടെ ഏകീകരണം എന്നത് വിജയ് പ്രഭാവത്തെ നേരിടാനുള്ള ഒരു തന്ത്രമായി കാണാമെങ്കിലും ചരിത്രം പറയുന്നത് മറ്റൊരു കഥയാണ്. അഞ്ചു പതിറ്റാണ്ടിന്റെ പഴക്കമുള്ള ഒരു ചരിത്രത്തെ സ്പർശിക്കാതെ ഇന്നത്തെ ഇത്തരം സംഭവവികാസങ്ങളെ വിലയിരുത്തൻകഴിയില്ല .

1972-ൽ എംജിആർ പുറത്തായതിന് ശേഷം ഡിഎംകെ നേരിട്ട ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധിയായിരുന്നു 1979-ലേത്. ഇന്ദിരാഗാന്ധിയുടെ രാഷ്ട്രീയ തിരിച്ചുവരവിനെ പ്രതിരോധിക്കാൻ ദ്രാവിഡ കക്ഷികൾ ഒന്നിക്കണമെന്ന ആശയവുമായി കേന്ദ്രമന്ത്രി ബിജു പട്നായിക് രംഗത്തെത്തി. സെപ്റ്റംബർ 12-ന് അദ്ദേഹം കരുണാനിധിയെയും എംജിആറിനെയും രഹസ്യ ചർച്ചകൾക്ക് പ്രേരിപ്പിച്ചു. സെപ്റ്റംബർ 13-ന് ചെന്നൈയിലെ ചെപ്പോക്ക് ഗസ്റ്റ് ഹൗസിൽ വെച്ച് ഈ രണ്ട് അതികായന്മാരും മുഖാമുഖം കണ്ടു.

പാർട്ടിയുടെ പേര് ഡിഎംകെ എന്ന് നിലനിർത്താനും പതാക എഐഎഡിഎംകെയുടേതാക്കാനും അന്ന് തത്വത്തിൽ ധാരണയായിരുന്നു. എംജിആർ മുഖ്യമന്ത്രിയായി തുടരുമെന്നതായിരുന്നു കരാറിലെ പ്രധാന വ്യവസ്ഥ. എന്നാൽ, ചരിത്രം സാക്ഷ്യം വഹിച്ച ആ മഹാസംഗമം വെറും 48 മണിക്കൂർ മാത്രമാണ് ആയുസ്സുണ്ടായിരുന്നത്. സ്വന്തം പാർട്ടിക്കുള്ളിലെ എതിർപ്പും സ്വത്വനഷ്ടമുണ്ടാകുമെന്ന ഭയവും കാരണം സെപ്റ്റംബർ 15-ന് എംജിആർ ഈ ധാരണയിൽ നിന്ന് ഏകപക്ഷീയമായി പിന്മാറി. അന്ന് പരാജയപ്പെട്ട ആ ലയനശ്രമം ദ്രാവിഡ രാഷ്ട്രീയത്തിലെ പകയുടെ ആഴം വർദ്ധിപ്പിക്കുകയാണുണ്ടായത്.ലയനം പരാജയപ്പെട്ടതോടെ ശത്രുത കൂടുതൽ കടുത്തു. ദ്രാവിഡ രാഷ്ട്രീയത്തിലെ പകയുടെ കറുത്ത അധ്യായങ്ങൾ പരിശോധിക്കുമ്പോൾ 1989 മാർച്ച് 25-ലെ ആ നിയമസഭാ സമ്മേളനം തമിഴ്‌നാടിന്റെ രാഷ്ട്രീയ ചരിത്രത്തെത്തന്നെ മാറ്റിമറിച്ച ഒന്നായിരുന്നു. ബജറ്റ് അവതരണത്തിനിടെ സഭയ്ക്കുള്ളിലുണ്ടായ അഭൂതപൂർവ്വമായ സംഘർഷത്തിൽ അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന ജയലളിത ശാരീരികമായി ആക്രമിക്കപ്പെട്ടു.

മുഖ്യമന്ത്രി കരുണാനിധിയുടെ സാന്നിധ്യത്തിൽ ഭരണപക്ഷ അംഗങ്ങൾ തന്റെ സാരി വലിച്ചുകീറാൻ ശ്രമിച്ചുവെന്നും തന്നെ പരസ്യമായി അപമാനിച്ചുവെന്നും ആരോപിച്ച്, അഴിഞ്ഞുവീണ മുടിയുമായി സഭ വിട്ടിറങ്ങിയ ജയലളിതയുടെ ആ ചിത്രം ഇന്നും തമിഴ് മനസ്സാക്ഷിയിലുണ്ട്. "ഇനി ഈ സഭയിലേക്ക് വരുന്നത് മുഖ്യമന്ത്രിയായിട്ടായിരിക്കും" എന്ന് ശപഥം ചെയ്ത് പുറത്തുപോയ ജയലളിത, 1991-ൽ ഉജ്ജ്വല വിജയം നേടി ആ ശപഥം നിറവേറ്റി. ഈ സംഭവം വ്യക്തിപരമായ വൈരാഗ്യത്തിന് അപ്പുറം രണ്ട് രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കിടയിൽ ഒരിക്കലും നികത്താനാവാത്ത വിടവാണ് സൃഷ്ടിച്ചത്.ഭരണം മാറുമ്പോൾ പരസ്പരം വേട്ടയാടുക എന്ന അതുവരെ കണ്ടു ശീലിച്ചിട്ടില്ലാത്ത പകയുടെ പുതിയൊരു ഏടു കൂടി ഇതോടെ തുറക്കപ്പെട്ടു.ഈ പകയുടെ ഭീകരമായ ആവർത്തനമായിരുന്നു ഒരു ദശകത്തിന് ശേഷം 2001 ജൂൺ 30-ലെ അർദ്ധരാത്രിയിൽ ചെന്നൈ കണ്ടത്. ചെന്നൈ നഗരത്തിലെ 10 ഫ്ലൈഓവർ നിർമ്മാണത്തിൽ അഴിമതി ആരോപിച്ച ജയലളിത സർക്കാർ, 78 വയസ്സുകാരനായ കരുണാനിധിയെ അർദ്ധരാത്രിയിൽ വീട്ടിൽ കയറി വലിച്ചിഴച്ച് അറസ്റ്റ് ചെയ്തു.

പോലീസ് ഉദ്യോഗസ്ഥർ അദ്ദേഹത്തെ ബലമായി പിടിച്ചുതള്ളുന്നതും "അയ്യോ... കൊലപണ്ണ വരാങ്കളേ..." എന്ന് അദ്ദേഹം നിലവിളിക്കുന്നതും സൺ ടിവിയിലൂടെ തത്സമയം കണ്ട ലോകം ഞെട്ടിപ്പോയി. പിതാവിനെ സംരക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ക്രൂരമായ മർദ്ദനമേറ്റ എം.കെ. സ്റ്റാലിനും അന്ന് അറസ്റ്റിലായി. സ്വന്തം പിതാവിനെ ഭരണകൂടം പരസ്യമായി അപമാനിച്ചതും താൻ നേരിട്ട ശാരീരിക മർദ്ദനങ്ങളും സ്റ്റാലിനെ സംബന്ധിച്ചിടത്തോളം കേവലം രാഷ്ട്രീയ മുറിവുകളല്ല, മറിച്ച് വൈകാരികമായ വടുക്കളാണ്. ഇത്രയും തീവ്രമായ ഒരു ഭൂതകാലം നിലനിൽക്കുമ്പോൾ, എഐഎഡിഎംകെയുമായി ഒരു രാഷ്ട്രീയ സന്ധിയുണ്ടാക്കുക എന്നത് സ്റ്റാലിന് വ്യക്തിപരമായും രാഷ്ട്രീയപരമായും അസാധ്യമായ ഒന്നായി മാറുന്നു.ബദ്ധ ശത്രുക്കളായ എഐഎഡിഎംകെയുമായുള്ള സഖ്യ സാധ്യതകളെ പരസ്യമായി തള്ളി പറയുമ്പോഴും ഡിഎംകെയുടെ ആസ്ഥാനമായ അറിവാളയത്തിൽ നടന്ന യോഗം ഡിഎംകെയ്ക്കുള്ളിലെ ഭിന്നത മറനീക്കി പുറത്തുകൊണ്ടുവരുന്നതായിരുന്നു. എഐഎഡിഎംകെയുമായി യാതൊരുവിധ സഖ്യവും പാടില്ലെന്ന കടുത്ത നിലപാടിലാണ് സ്റ്റാലിനെങ്കിലും, പാർട്ടിയിലെ രണ്ടാംനിര നേതാക്കൾ ഈ പങ്കാളിത്തത്തിനായി സമ്മർദ്ദം ചെലുത്തുന്നുണ്ട്. ദ്രാവിഡ രാഷ്ട്രീയത്തിന്റെ അസ്തിത്വം നിലനിർത്താൻ ശത്രുത കണക്കിലെടുക്കാതെ പ്രായോഗിക നിലപാടുകൾ സ്വീകരിക്കേണ്ടി വരുമെന്നാണ് ഇവരുടെ വാദം. രാഷ്ട്രീയത്തിൽ സ്ഥായിയായ മിത്രങ്ങളോ ശത്രുക്കളോ ഇല്ലെന്ന ആപ്തവാക്യവും ഇവർ ഓർമ്മിപ്പിക്കുന്നു.

എങ്കിലും, എഐഎഡിഎംകെ സഖ്യത്തെക്കുറിച്ചുള്ള ചർച്ചകളിലുള്ള പ്രതിഷേധ സൂചകമെന്നോണം പാർട്ടി ഡെപ്യൂട്ടി ജനറൽ സെക്രട്ടറി കനിമൊഴി യോഗത്തിൽ നിന്ന് വിട്ടുനിന്നത് ശ്രദ്ധേയമായി. മുത്തുവേൽ കരുണാനിധിയെന്ന തലൈവരെ അപമാനിച്ചവരുമായി കൈകോർക്കുന്നത് രാഷ്ട്രീയ ആത്മഹത്യയാണെന്ന വികാരം പാർട്ടിക്കുള്ളിലെ വലിയൊരു വിഭാഗം പങ്കുവെക്കുന്നു.വിജയിനെ അധികാരത്തിൽ നിന്ന് അകറ്റി നിർത്തിക്കൊണ്ട് ദ്രാവിഡ രാഷ്ട്രീയത്തിന്റെ അപ്രമാദിത്വം നിലനിർത്താൻ ഡിഎംകെയും എഐഎഡിഎംകെയും ഒരു നിശബ്ദ ധാരണയിലെത്തുമോ എന്നാണ് രാഷ്ട്രീയ വൃത്തങ്ങ ഉറ്റുനോക്കുന്നത്. ടിവികെ ഭൂരിപക്ഷം തികയ്ക്കാൻ കഴിയാത്ത പക്ഷം ബദ്ധവൈരികളായ എഐഎഡിഎംകെയെ പുറത്തുനിന്ന് പിന്തുണച്ച് ഒരു സുസ്ഥിര ഭരണം ഉറപ്പാക്കാൻ ഡിഎംകെ തയ്യാറായേക്കുമെന്നാണ് അണിയറ വർത്തമാനങ്ങൾ.

1979-ൽ ബിജു പട്നായിക് നടത്തിയ ലയനശ്രമം പരാജയപ്പെട്ടതുപോലെ, ഇന്നത്തെ സഖ്യചർച്ചകളും വെറുമൊരു നിഴൽയുദ്ധമായി മാറുമോ? അതോ, ദ്രാവിഡ വംശാവലിയുടെ അതിജീവനത്തിനായി മായാത്ത മുറിവുകളെ അവഗണിച്ച് ഇരുകക്ഷികളും കൈകോർക്കുമോ? പതിറ്റാണ്ടുകൾ നീണ്ട പകയുടെ ചരിത്രത്തിൽ പ്രായോഗിക രാഷ്ട്രീയം പുതിയ അധ്യായങ്ങൾ കൂട്ടിച്ചേർക്കുമോ എന്ന് വരും ദിവസങ്ങൾ തീരുമാനിക്കും. തമിഴ് മണ്ണ് ഇപ്പോൾ നിൽക്കുന്നത് വികാരത്തിനും വിവേകത്തിനും ഇടയിലുള്ള ഒരു രാഷ്ട്രീയ മുൾമുനയിലാണ്.

Similar News