"പൊന്നുമോനെ മാപ്പ് ';കണ്ണില്ലാത്ത ക്രൂരത; തീരാനോവായി അർഷിത്
കേരള മനസ്സാക്ഷിയെ ഒന്നടങ്കം ലജ്ജിപ്പിക്കുന്നതും നടുക്കുന്നതുമായ കണ്ണില്ലാത്ത ക്രൂരതയുടെ വാർത്തയാണ് പനവൂരിലെ ഒന്നര വയസ്സുകാരൻ അർഷിദിന്റെ അതിദാരുണമായ കൊലപാതകം. ആ പിഞ്ചു കുഞ്ഞു അനുഭവിച്ച വേദനയുടെ ആഴം നമുക്ക് ചിന്തിക്കാവുന്നതിലും അതി കഠിനമാണ് . അമ്മയുടെയും രണ്ടാനച്ഛന്റെയും ക്രൂര മർദ്ദനത്തിനൊടുവിലാണ് ആ കുരുന്നുജീവൻ ഇല്ലാതായത് .പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ വിറയലോടെയല്ലാതെ വായിച്ചുതീർക്കാൻ കഴിയില്ല. ഒരു ഒന്നര വയസ്സുകാരന്റെ ശരീരത്തിൽ 51 മുറിവുകളും പരിക്കുകളുമാണ് ഉണ്ടായിരുന്നത്! ജനനേന്ദ്രിയത്തിൽ ഉൾപ്പെടെ ക്രൂരമായ മർദ്ദനമേറ്റു. കാൽപാദങ്ങളിലും വിരലുകളിലും പൊള്ളിച്ചതിന്റെ അടയാളങ്ങൾ.ക്രൂരമായ മർദ്ദനം കാരണം ആഹാരം ഛർദ്ദിച്ച കുഞ്ഞിനെ വീണ്ടും ഉപദ്രവിച്ചു.ദിവസങ്ങൾക്ക് മുൻപ് കുഞ്ഞിന്റെ കൈ ഒടിഞ്ഞിട്ടും, സൈക്കിളിൽ നിന്ന് വീണതാണെന്ന കള്ളം പറഞ്ഞ് ആ കൊടും ക്രിമിനൽ ക്രൂരത മറച്ചുവെച്ചു.
വളരെ വേദന സഹിച്ചാണ് ആ പൊന്നുമോൻ മരണത്തിന് കീഴടങ്ങിയത്. ഈ നിഷ്ടൂരമായ കൊടുംക്രൂരതയ്ക്ക് പിന്നിലെ പ്രതികൾ ഒരു തരത്തിലുള്ള ദയയും അർഹിക്കുന്നില്ല. നിയമത്തിന്റെ പരമാവധി ശിക്ഷ തന്നെ പ്രതികൾക്ക് ഉറപ്പാക്കേണ്ടതുണ്ട് .
അധികാരികളുടെ വൻ വീഴ്ച ഈ സംഭവത്തിൽ പ്രകടമാണ് . പോലീസിന്റെ ഭാഗത്തുനിന്നും ചൈൽഡ് ലൈൻ പ്രവർത്തകരുടെ ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ചയാണ് ഉണ്ടായത്.അധികൃതരുടെ ഭാഗത്തുനിന്നും സമയബന്ധിതമായ ഇടപെടൽ ഉണ്ടായിരുന്നുവെങ്കിൽ ആ കുരുന്നിന്റെ ജീവൻ ഇന്ന് നഷ്ടമാകുമായിരുന്നില്ല. കേരളത്തിലെ ശിശുസംരക്ഷണ സംവിധാനങ്ങളും പോലീസും ഇത്തരം കാര്യങ്ങളെ അതീവ ഗൗരവകരമായി പരിഗണിക്കേണ്ടതുണ്ട് . പരാതി കിട്ടിയിട്ടും നടപടിയെടുക്കാതിരുന്ന ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ അന്വേഷണം നടത്തുകയും വീഴ്ച വരുത്തിയവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുകയും ചെയ്യണം . ഇനിയൊരു ജീവനും ഇത്തരമൊരു ഗതി വരാതിരിക്കാൻ ഭരണകൂടം ഉണർന്ന് പ്രവർത്തിക്കേണ്ടത് അനിവാര്യമാണ് .ആദരാഞ്ജലികൾ .........