പഠനക്കാലത്ത് അച്ഛന്‍ രണ്ടുതവണ മാത്രമാണ് സ്‌കൂളില്‍ വന്നത്';ഓർമ്മകൾ അയവിറക്കി മുഖ്യമന്ത്രി

By :  Devina Das
Update: 2026-06-01 09:53 GMT

തിരുവനന്തപുരം: തിരുവനന്തപുരം പട്ടം ഗവ. ഗേൾസ് എച്ച്എസ്എസിൽ നടന്ന സംസ്ഥാനതല പ്രവേശനോത്സവ വേദിയിൽ മുഖ്യമന്ത്രി പങ്കുവെച്ച വാക്കുകൾ വളരെ ശ്രദ്ധേയമായി . കുട്ടിക്കാലത്തെ ഓർമ്മകളും കാലത്തിന് അനുസരിച്ച് വിദ്യാഭ്യാസ രംഗത്ത് സർക്കാർ കൊണ്ടുവരാൻ പോകുന്ന മാറ്റങ്ങളും മുഖ്യമന്ത്രി വി ഡി സതീശൻ പങ്കുവെച്ചു .

പ്രസംഗത്തിന്റെ തുടക്കത്തിൽ തന്റെ കുട്ടിക്കാലത്തെ ഓർമ്മകൾ പങ്കുവെച്ചാണ് സതീശൻ തുടങ്ങിയത്. 'ഇവിടെ നിൽക്കുമ്പോൾ എന്റെ മനസിൽ മുഴുവൻ ഗൃഹാതുരത്വം നിറഞ്ഞ എന്റെ കുട്ടിക്കാലമായിരുന്നു. എന്നാൽ എനിക്ക് ഒരു സങ്കടമുണ്ട്. കാരണം മഴ പെയ്യുന്നില്ല എന്നതാണ് സങ്കടം. ഞങ്ങളൊക്കെ പഠിക്കുമ്പോൾ സ്‌കൂൾ തുറക്കുന്ന ദിവസം ഉറപ്പായി മഴ പെയ്യുമായിരുന്നു. നിങ്ങളിൽ ഭൂരിഭാഗം പേരും സ്‌കൂൾ ബസിലാണ് വരുന്നത്. ഞങ്ങളെല്ലാവരും നടന്നാണ് സ്‌കൂളിലേക്ക് പോയിരുന്നത്. വെള്ളം തട്ടി തെറിപ്പിച്ച്, കുറെ മഴക്കൊണ്ട്, കുടയുണ്ടെങ്കിൽ കുട മാറ്റിപ്പിടിച്ച്, അങ്ങോട്ടും ഇങ്ങോട്ടും കളിച്ച് വരുന്ന വരവുണ്ട്. മഴയില്ലാത്തതിന്റെ വിഷമം എനിക്ക് തോന്നുന്നു. കാലാവസ്ഥ വ്യതിയാനം കാരണം മഴ ഒരാഴ്ച വൈകുമെന്നാണ് പറയുന്നത്. മൺസൂൺ വന്നാൽ പിന്നെ മഴയാണ്. സ്‌കൂൾ തുറക്കുന്നതിന്റെ ഭാഗമായിട്ടാണ് ഞങ്ങൾ മഴയെ കണ്ടിരുന്നത്.നിങ്ങളുടെ മാതാപിതാക്കൾക്ക് നിങ്ങളെ കുറിച്ച് ഒരു പാട് സ്വപ്‌നങ്ങളുണ്ട്. എന്നെ ഒന്നാം ക്ലാസിൽ ചേർക്കാൻ വേണ്ടിയാണ് എന്റെ അച്ഛൻ സ്‌കൂളിൽ വന്നത്. പിന്നെ പ്രീഡിഗ്രിക്ക് ചേർക്കാൻ വേണ്ടിയാണ് അച്ഛൻ വന്നത്. അല്ലാതെ ഞാൻ പത്തുകൊല്ലം പഠിച്ച സ്‌കൂളിലും 12 വർഷം കോളജിൽ പഠിച്ചതിന്റെയും ഇടയിൽ ആരും എന്നെ അന്വേഷിച്ച് വീട്ടിൽ നിന്ന് വന്നിട്ടില്ല. രണ്ടു മൂന്ന് കുഴപ്പമൊക്കെ കാണിച്ചപ്പോൾ വീട്ടിൽ നിന്ന് ആളെ വിളിച്ച് കൊണ്ടുവരാൻ പറഞ്ഞെങ്കിലും ഞാൻ അത് അങ്ങ് കൈകാര്യം ചെയ്തു.' - വി ഡി സതീശൻ ഓർമ്മിച്ചു.'ഇപ്പോൾ അമ്മമാർക്ക് മക്കളുടെ കാര്യത്തിൽ എന്ത് ശ്രദ്ധയാണ്. കെജിയിൽ ചേർക്കുമ്പോൾ തന്നെ രാവിലെ തയ്യാറായി കുട്ടികളെ അണിയിച്ചൊരുക്കി ബസിൽ അല്ലെങ്കിൽ സ്‌കൂളിൽ കൊണ്ടുപോയി ചേർക്കുന്നു. കേരളത്തിലെ വിദ്യാഭ്യാസ രംഗത്തുണ്ടായ പുരോഗതിയിൽ വലിയ പങ്ക് വഹിച്ചിട്ടുള്ളത് കേരളത്തിലെ അമ്മമാരാണ്. അവരുടെ കുഞ്ഞുങ്ങളോടുള്ള ശ്രദ്ധ, പഠനക്കാര്യത്തിലുള്ള ശ്രദ്ധ. ഇപ്പോൾ പിടിഎ യോഗം വിളിച്ചാൽ 80 ശതമാനം സ്ത്രീകളായിരിക്കും. കുട്ടികളുടെ പഠനക്കാര്യത്തിൽ അമ്മമാരാണ് കൂടുതൽ ശ്രദ്ധ ചെലുത്തുന്നത്. അധ്യാപകരും കുഞ്ഞുങ്ങളുടെ മാതാപിതാക്കളും തമ്മിൽ ഫ്രണ്ട്ഷിപ്പ് ഉണ്ടാക്കണം. നല്ല സൗഹൃദം ഉണ്ടാക്കണം. കുട്ടികളുടെ ചെറുപ്പത്തിൽ അവരുടെ കഴിവുകൾ പുറത്തുവരും. ചിലപ്പോൾ വീട്ടിൽ വച്ചായിരിക്കാം, ചിലപ്പോൾ സ്‌കൂളിൽ വച്ചായിരിക്കും. ഇത് കണ്ടാൽ അധ്യാപകരും മാതാപിതാക്കളും പരസ്പരം പങ്കുവെയ്ക്കണം. കുഞ്ഞുങ്ങളെ നിങ്ങൾ ജീവിക്കുന്നത് പുതിയ ഒരു കാലത്താണ്. എന്താണ് ഈ കാലത്തിന്റെ പ്രത്യേകത? വിജ്ഞാന വിസ്‌ഫോടനം. പണ്ടും അറിവുകൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ഇപ്പോൾ അറിവുകൾ ഉണ്ടാവുന്നതിന്റെ വേഗം കൂടി. എൻജിനിയറിങ് വിദ്യാഭ്യാസം കഴിഞ്ഞ് ഒരു കുട്ടി പുറത്തുവരുമ്പോൾ പഠിച്ച കാര്യങ്ങൾ കാലഹരണപ്പെട്ട് പോകുകയാണ്. പുതിയ കാര്യങ്ങൾ വരികയാണ്. എല്ലാ തലത്തിലും പുതിയ കണ്ടുപിടിത്തങ്ങൾ ഉണ്ടാവുന്നു. അറിവുകൾ തേടി പിടിക്കുക. നിർമ്മിതിബുദ്ധിയുടെ കാലമാണ്. മനുഷ്യന്റെ ബുദ്ധിശക്തിയേക്കാൾ ബുദ്ധി ശക്തിയുള്ള ഒന്നായി നിർമ്മിതബുദ്ധി മാറിയിരിക്കുകയാണ്. അറിവ് നേടാനുള്ള ശ്രമം നടത്തണം'- വി ഡി സതീശൻ വ്യക്തമാക്കി.

Similar News