വിവാഹ ഓട്ടങ്ങള്‍ക്ക് ആനവണ്ടി ട്രെന്‍ഡ്';ആവശ്യക്കാർ ഏറെ

By :  Devina Das
Update: 2026-04-29 11:19 GMT

തിരുവനന്തപുരം: വിവാഹ ഓട്ടങ്ങൾക്കായി കെഎസ്ആർടിസി ബസുകൾക്ക് ആവശ്യക്കാരേറെ . സാമ്പത്തികമായി വലിപ്പച്ചെറുപ്പമില്ലാതെ കെഎസ്ആർടിസി ബസുകളെ ഇത്തരം ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണം കൂടുകയാണെന്ന് കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ അധികൃതർ പറയുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച വിവാഹ ആവശ്യങ്ങൾക്ക് ആനവണ്ടിയുടെ ബുക്കിങ് ഇരട്ടിയായതാതാണ് കണക്കുകൾ. വരുമാന വർധനവ് ലക്ഷ്യമിട്ട് തുടങ്ങിയ പാക്കേജ് ട്രിപ്പുകൾ ആരംഭിച്ചതോടെയാണ് കല്യാണ ഓട്ടങ്ങൾക്ക് ഡിമാൻഡ് ഏറിയത്.കഴിഞ്ഞ ഏപ്രിലിൽ 205 ബസുകൾ വിവാഹ ആവശ്യത്തിനായി വാടകയ്ക്ക് എടുത്തപ്പോൾ ഇത്തവണ ഏപ്രിലിൽ അത് 500ലധികമായി വർധിച്ചു. കഴിഞ്ഞ ഞായറാഴ്ച മാത്രം പത്തനംതിട്ട ജില്ലയിൽ 17 ബസുകളാണ് ബുക്ക് ചെയ്തത്. ആലപ്പുഴയിൽ അഞ്ച് ബസും സ്‌പെഷ്യൽ ഓട്ടത്തിനുപോയിട്ടുണ്ട്. ഏപ്രിൽ, സെപ്റ്റംബർ മാസങ്ങളിലാണ് കല്യാണ ഓട്ടത്തിന് കെഎസ്ആർടിസി അധികവും ബുക്കിങ് വന്നിരിക്കുന്നത്.

ബസുകളിൽ ഓഡിനറിയോടാണ് പൊതുജനങ്ങൾക്ക് താത്പര്യം. ഇത്തരം ബസുകളാണ് കൂടുതലായും കല്യാണങ്ങളിൽ സർവീസ് നടത്തുന്നതും. ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ്, ലോ ഫ്‌ളോർ ബസുകളും വാടകയ്ക്ക് നൽകുന്നുണ്ട്. അതത് ഡിപ്പോകളിലെ വാഹനങ്ങളുടെ അവസ്ഥയനുസരിച്ചിരിക്കും ലഭ്യത. ഓഡിനറി ബസിന് 3600 രൂപ മുതൽ വാടക തുടങ്ങും. സ്വകാര്യ വാഹനങ്ങൾക്ക് ഇരട്ടിത്തുക നൽകേണ്ട ഇടത്താണ് കെഎസ്ആർടിസി ഈ തുക വാങ്ങുന്നത്.

Similar News