ഇന്ത്യൻ റെയിൽവേയിൽ വൻ വിജയം ;വന്ദേ ഭാരത് ഇനി മുതൽ വിദേശ രാജ്യങ്ങളിലേക്കും

By :  Devina Das
Update: 2026-05-30 07:42 GMT

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയിൽ വൻ വിജയമായി മാറിയ വന്ദേ ഭാരത് സെമി ഹൈസ്പീഡ് ട്രെയിനുകൾ ഇനി വിദേശ രാജ്യങ്ങളിലെ റെയിൽ പാളങ്ങളിലേക്കും. വന്ദേ ഭാരത് എക്സ്പ്രസ്സ് ട്രെയിനുകൾ അന്താരാഷ്ട്ര വിപണിയിലേക്ക് കയറ്റുമതി ചെയ്യാനുള്ള വൻ പദ്ധതികളുമായി ഇന്ത്യൻ റെയിൽവേയും കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ റൈറ്റ്സ് ലിമിറ്റഡും മുന്നോട്ട് പോകുന്നു . ആഗോളതലത്തിൽ ഭൂരിഭാഗം രാജ്യങ്ങളും ഉപയോഗിക്കുന്ന 'സ്റ്റാൻഡേർഡ് ഗേജ്' (Standard Gauge) ട്രാക്കുകൾക്ക് അനുയോജ്യമായ വന്ദേ ഭാരത് ട്രെയിനുകളുടെ രൂപകൽപ്പനയിലാണ് നിലവിൽ അധികൃതർ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.അന്താരാഷ്ട്ര വിപണി ലക്ഷ്യമിട്ട് സ്റ്റാൻഡേർഡ് ഗേജ് വന്ദേ ഭാരത് പ്ലാറ്റ്‌ഫോമിന്റെ ഡിസൈൻ വികസനത്തിനായി ഇന്ത്യൻ റെയിൽവേയുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്ന് റൈറ്റ്സ് ലിമിറ്റഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ രാഹുൽ മിത്തൽ വ്യക്തമാക്കി.

ഡിസൈന് അംഗീകരിച്ച് വിദേശ ഓർഡറുകൾ ഉറപ്പാക്കുന്നതോടെയും നിർമ്മാണം ആരംഭിക്കും. കൂടാതെ, വിദേശ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി വന്ദേ ഭാരതിന്റെ ഒരു റെയ്ക്ക് പരീക്ഷണ ഓട്ടത്തിനായി വിദേശത്ത് എത്തിക്കാനും റൈറ്റ്സ് നിർദ്ദേശിച്ചിട്ടുണ്ട്.നിലവിൽ ഇന്ത്യൻ റെയിൽവേയ്ക്കായി ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറി (ICF), കപൂർത്തലയിലെ റെയിൽ കോച്ച് ഫാക്ടറി, റായ്ബറേലിയിലെ മോഡേൺ കോച്ച് ഫാക്ടറി എന്നിവിടങ്ങളിൽ 'ബ്രോഡ് ഗേജ്' (Broad Gauge) രൂപത്തിലാണ് വന്ദേ ഭാരത് നിർമ്മിക്കുന്നത്. എന്നാൽ ആഗോളതലത്തിൽ മെട്രോകൾക്കും അതിവേഗ റെയിൽപ്പാതകൾക്കും സ്റ്റാൻഡേർഡ് ഗേജാണ് ഉപയോഗിക്കുന്നത്.

Similar News