ആദ്യകാല കോൺഗ്രസ് നേതാവ് കല്ലറ സരസമ്മ അന്തരിച്ചു

Veteran Congress leader Kallara Sarasamma passes away

Update: 2025-11-27 15:19 GMT

തിരുവനന്തപുരം:  പ്രശസ്ത ചലച്ചിത്ര നടിമാരായ അംബികയുടെയും രാധയുടെയും മാതാവും ആദ്യകാല കോൺഗ്രസ് നേതാവും മഹിളാ കോൺഗ്രസ് മുൻ ജില്ലാ നേതാവുമായിരുന്ന കല്ലറ സരസമ്മ (86) നിര്യാതയായി.

വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരത്ത് വച്ചായിരുന്നു അന്ത്യം.

സംസ്കാരം നവംബർ 29ന് വൈകുന്നേരം 3 മണിക്ക് കല്ലറയിലെ സ്വവസതിയിൽ വച്ച് നടക്കും.

1939-ൽ തിരുവനന്തപുരം ജില്ലയിലെ കല്ലറയിൽ ജനിച്ച സരസമ്മ, കോൺഗ്രസിന്റെ മതേതര-ജനാധിപത്യ ആശയങ്ങളിൽ അടിയുറച്ച് വിശ്വസിച്ചിരുന്നു. കെ. കരുണാകരന്റെ ആദർശങ്ങൾ പ്രചോദനമാക്കി മഹിളാ കോൺഗ്രസിലും തിരുവനന്തപുരം ജില്ലാ കോൺഗ്രസ് കമ്മിറ്റിയിലും (ഡി.സി.സി.) സജീവമായി പ്രവർത്തിച്ചു. 2014-ൽ മഹിളാ കോൺഗ്രസ് ജില്ലാ നേതൃസ്ഥാനവും വഹിച്ചിരുന്നു. മക്കൾ സിനിമാരംഗത്ത് ഉയർന്നു വന്ന കാലത്തും രാഷ്ട്രീയ പ്രവർത്തനത്തിൽ നിന്ന് പിന്തിരിഞ്ഞില്ല.

ചെന്നൈയിലെ പ്രശസ്തമായ എ.ആർ.എസ് ഗാർഡൻ സ്റ്റുഡിയോയുടെ മുൻ ഉടമ കൂടിയായിരുന്നു. പരേതനായ കുഞ്ഞൻ നായരാണ് ഭർത്താവ്.

മക്കൾ: അംബിക നായർ, മല്ലിക നായർ, ഉദയചന്ദ്രിക നായർ (രാധ), മല്ലികാർജുൻ നായർ, സുരേഷ് നായർ. മരുമക്കൾ: ശ്രീകുമാർ, ഡോ. ചെങ്കൽ എസ്. രാജശേഖരൻ നായർ (ജനം ടി.വി. മാനേജിംഗ് ഡയറക്ടർ, ഉദയസമുദ്ര ഗ്രൂപ്പ് ചെയർമാൻ), പാർവതി നായർ, പ്രജി നായർ.

Tags:    

Similar News