സംസ്ഥാനത്ത് കടുത്ത ചൂട്: രാവിലെ 11 മുതൽ ഉച്ചയ്ക്ക് 3 വരെ നേരിട്ട് വെയിൽ ഏൽക്കരുത്; ദുരന്ത നിവാരണ അതോറിറ്റിയുടെ ജാഗ്രതാ നിർദേശങ്ങൾ
Kerala Heatwave: KSDMA Issues Public Safety Advisory as temperatures soar
തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനിലയും കടുത്ത ചൂടും റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ച് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (കെഎസ്ഡിഎംഎ). സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.
രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് 3 മണി വരെയുള്ള സമയത്ത് നേരിട്ട് സൂര്യപ്രകാശം ശരീരത്തിൽ കൂടുതൽ സമയം ഏൽക്കുന്നത് പൂർണമായും ഒഴിവാക്കണം. ദാഹമില്ലെങ്കിലും പരമാവധി ശുദ്ധജലം കുടിക്കുക. നിർജലീകരണം വർധിപ്പിക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയവ പകൽ സമയത്ത് ഒഴിവാക്കണം.
മറ്റ് പ്രധാന നിർദേശങ്ങൾ:
• അയഞ്ഞതും ഇളം നിറത്തിലുള്ളതുമായ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.
• പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക; കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് ഗുണകരമാണ്.
• പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക. ഓറഞ്ച് ലായനി, സംഭാരം തുടങ്ങിയവ പ്രോത്സാഹിപ്പിക്കുക.
• മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യ ശേഖരണ കേന്ദ്രങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ തീപിടുത്ത സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റും സുരക്ഷാ മുൻകരുതലുകളും ഉറപ്പാക്കണം.
• കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദസഞ്ചാരികളും ജാഗ്രത പാലിക്കുക. വനം വകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണം.
• വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ശുദ്ധജലവും വായു സഞ്ചാരവും ഉറപ്പാക്കണം.
• പരീക്ഷാ സമയത്ത് ജലലഭ്യത പ്രത്യേകം ശ്രദ്ധിക്കുക. കുട്ടികളുടെ അസംബ്ലി, വിനോദയാത്രകൾ തുടങ്ങിയവ 11 മുതൽ 3 വരെ ഒഴിവാക്കുകയോ സമയം ക്രമീകരിക്കുകയോ ചെയ്യണം.
• അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത സംവിധാനം ഉറപ്പാക്കണം.
• കിടപ്പിലായ രോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ തുടങ്ങിയവർ 11 മുതൽ 3 വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
• ഓൺലൈൻ ഭക്ഷണ വിതരണക്കാർക്ക് ഉച്ചസമയത്ത് സുരക്ഷ ഉറപ്പാക്കണം. ആവശ്യമെങ്കിൽ വിശ്രമ അനുവാദം നൽകുക.
• മാധ്യമപ്രവർത്തകർ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ കുടകൾ ഉപയോഗിക്കുകയും വെള്ളം കുടിക്കുകയും ചെയ്യുക.
• പൊതുപരിപാടികൾ, സമ്മേളനങ്ങൾ എന്നിവയിൽ ജലവും തണലും ഉറപ്പാക്കുക. 11 മുതൽ 3 വരെ സാധ്യമെങ്കിൽ ഒഴിവാക്കുക.
• നിർമാണ തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോര കച്ചവടക്കാർ തുടങ്ങിയവർ ജോലി സമയം ക്രമീകരിക്കുകയും വിശ്രമം ഉറപ്പാക്കുകയും വേണം.
• കന്നുകാലികളെയും വളർത്തുമൃഗങ്ങളെയും ഉച്ചവെയിലിൽ മേയാൻ വിടരുത്; ജലലഭ്യത ഉറപ്പാക്കുക.
• കുട്ടികളെയോ മൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനത്തിൽ വെച്ച് പോകരുത്.
• ജലം പാഴാക്കാതെ ഉപയോഗിക്കുക; മഴ വരുമ്പോൾ സംഭരിക്കുക.
• എപ്പോഴും ഒരു ചെറിയ കുപ്പി വെള്ളം കരുതുക.
• അസ്വസ്ഥത അനുഭവപ്പെട്ടാൽ ഉടൻ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.
• കാലാവസ്ഥ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും പാലിക്കുകയും ചെയ്യുക.