ധവളപത്രം പുറത്തിറക്കി സർക്കാർ ;വിയോജിപ്പുമായി പ്രതിപക്ഷം

By :  Devina Das
Update: 2026-06-04 04:40 GMT

തിരുവനന്തപുരം : സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച ധവളപത്രം പുറത്തിറക്കി സർക്കാർ . ധനവകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി വിഡി സതീശൻ ധവളപത്രം നിയമസഭയുടെ മേശപ്പുറത്ത് വെച്ചതിന് പിന്നാലെ മുൻ ധനമന്ത്രി കെ എൻ ബാലഗോപാൽ വിയോജനക്കുറിപ്പുമായി രംഗത്തെത്തി .

സംസ്ഥാന സർക്കാരിൻറെ സാമ്പത്തിക സ്ഥിതിയെ സംബന്ധിച്ച രഹസ്യ വിവരങ്ങൾ പുറത്തുപോകുന്നത് ഭരണഘടനാ വിരുദ്ധവും ചട്ടലംഘനവുമാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. സർക്കാർ ധവളപത്രം തയ്യാറാക്കുന്നതിന് ഒരു മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തിയാതായാണ് മുഖ്യമന്ത്രി മുൻപ് അറിയിച്ചിട്ടുള്ളത്. ഈ മൂന്ന് പേരും സർക്കാർ സംവിധാനത്തിന് പുറത്തുള്ളവരാണ്. ഇതിന് മുൻപ് ഈ സഭയിൽ സമർപ്പിച്ച ധവളപത്രങ്ങൾ ധനകാര്യ വകുപ്പാണ് തയ്യാറാക്കിയിട്ടുള്ളത്. അതാണ് കീഴ്വഴക്കം. എന്നാൽ ധനകാര്യ വകുപ്പിനെ ഇരുട്ടിൽ നിർത്തി ബാഹ്യ സംവിധാനം ഏർപ്പെടുത്തിയാണ് ഇത്തരത്തിലൊരു രേഖ തയ്യാറാക്കി സഭയിൽ വയ്ക്കുന്നത്. ഇത് ഒരു ഔദ്യോഗിക രേഖയല്ല. ഇതിന് നിയമപരമായ ഒരു പിൻബലമില്ല. ഈ സഭ അങ്ങനെ ഒരു രേഖ ഉണ്ടാക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടുമില്ല. സർക്കാർ വ്യവസ്ഥാപിത നടപടിക്രമങ്ങൾ പാലിക്കാതെ രഹസ്യസ്വഭാവമുള്ള ധനകാര്യ വകുപ്പിൻറെ രേഖകൾ ഇത്തരത്തിൽ സർക്കാർ സർവ്വീസിൽ ഇല്ലാത്തവരെ ഏൽപ്പിച്ചത് അംഗീകരിക്കാൻ കഴിയില്ലെന്നും ഇതുസംബന്ധിച്ച് സ്പീക്കറുടെ റൂളിംഗ് പ്രതീക്ഷിക്കുന്നതായും ക്രമപ്രശ്നത്തിൽ പറയുന്നു.കഴിഞ്ഞ പത്തുവർഷത്തെ സർക്കാരിന്റെ വരുമാന ചോർച്ചയും ധൂർത്തും ധവളപത്രത്തിൽ ഇടംപിടിക്കുമെന്നാണ് സൂചന. കിഫ്ബി ഉണ്ടാക്കിയ സാമ്പത്തിക ബാദ്ധ്യത, നികുതി പിരിവിലെ പ്രശ്‌നങ്ങൾ, കേന്ദ്രത്തിൽ നിന്ന് പല ഇനങ്ങളിലായി ലഭിച്ചിട്ടുള്ള തുക, ഇതിന്റെ ചെലവഴിക്കൽ, വകമാറ്റി ചെലവഴിക്കൽ തുടങ്ങിയ കാര്യങ്ങളും വിശദമായി പ്രതിപാദിച്ചേക്കും. സർക്കാർ ഖജനാവിന്റെ ഇപ്പോഴത്തെ കൃത്യമായ അവസ്ഥയും വ്യക്തമാക്കും.

സംസ്ഥാനത്തിന്റെ നിലവിലെ സമ്പദ്വ്യവസ്ഥയെക്കുറിച്ച് വിസ്മയിപ്പിക്കുന്ന ഒരു ധവളപത്രം വരുന്നുണ്ടെന്നും അതിൽ കഴിഞ്ഞ സർക്കാരിന്റെ കാലത്തെ സാമ്പത്തിക വീഴ്ചകൾക്കുള്ള കൃത്യമായ മറുപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വി ഡി സതീശൻ സഭയിൽ പ്രഖ്യാപിച്ചിരുന്നു. കേന്ദ്രത്തിൽ നിന്ന് മുമ്പ് എന്ത് കിട്ടി, ഇപ്പോൾ എന്ത് കിട്ടുന്നില്ല എന്നതിനെക്കുറിച്ചെല്ലാം ധവളപത്രത്തിൽ വ്യക്തമാക്കുമെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചിരുന്നു.എന്നാൽ ധവളപത്രം എന്ന ഉമ്മാക്കി കാണിച്ച് തങ്ങളുടെ വായടപ്പിക്കാൻ നോക്കേണ്ടെന്നാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അഭിപ്രായപ്പെട്ടത്. ധവളപത്രം വരുമ്പോൾ അതിന് പറയേണ്ട മറുപടി ആ ഘട്ടത്തിൽ കൃത്യമായി പറയുമെന്നും പിണറായി വിജയൻ വ്യക്തമാക്കി. ഗവർണറുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ചയും ഇന്ന് അവസാനിക്കും. നന്ദിപ്രമേയ ചർച്ചയ്ക്ക് മുഖ്യമന്ത്രി വിഡി സതീശൻ മറുപടി പറയും.

Similar News