ബംഗാളില്‍ മമത ബാനര്‍ജിക്ക് വന്‍ തിരിച്ചടി; ഋതബ്രത ബാനർജി പ്രതിപക്ഷ നേതാവ്
കൊൽക്കത്ത: തെരഞ്ഞെടുപ്പിലെ കനത്ത പ്രഹരത്തിന് പിന്നാലെ ബംഗാളിൽ വീണ്ടും മമത ബാനർജിക്ക് വൻ തിരിച്ചടി. തൃണമൂൽ കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട ഋതബ്രത ബാനർജിയെ ബംഗാൾ നിയമസഭാ സ്പീക്കർ രതീന്ദ്ര ബോസ് പ്രതിപക്ഷ നേതാവ് ആയി അംഗീകരിച്ചു. 58 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന്് ഋതുബ്രത രേഖാമൂലം സ്പീക്കറെ അറിയിച്ചിരുന്നു. നിയമസഭയിൽ പ്രതിപക്ഷത്തിനായി അനുവദിച്ച മുറിയുടെ താക്കോൽ കൈമാറുകയും ചെയ്തു.പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ട ഋതബ്രത തൃണമൂൽ അധ്യക്ഷ മമത ബാനർജിയോട് പാർട്ടിയുടെ മുഖ്യഉപദേശകയായി പ്രവർത്തിക്കാൻ അഭ്യർഥിക്കമെന്ന് പറഞ്ഞു. അജിത് പവാറിന്റെ നേതൃത്വത്തിൽ എൻസിപി പിളർന്നപ്പോൾ, പാർട്ടി നേതാക്കൾ ശരദ് പവാറിനോടുള്ള തങ്ങളുടെ കൂറ് വാക്കുകളാൽ എടുത്തുപറഞ്ഞ സംഭവത്തെ ഓർമ്മിപ്പിക്കുന്നതായിരുന്നു ഋതബ്രതയുടെ ഈ നീക്കം.
80 തൃണമൂൽ കോൺഗ്രസ് എഎംഎൽഎമാരിൽ 60 എംഎൽഎമാരുടെ പിന്തുണ തനിക്കുണ്ടെന്ന് പ്രതിപക്ഷനേതാവായി തെരഞ്ഞെടുത്തതിന് പിന്നാലെ ഋതബ്രത പറഞ്ഞു. തൃണമൂലിൽ ഭൂരിപക്ഷം എംഎൽഎമാരുടെ പിന്തുണ ലഭിച്ചതോടെ ഋതബ്രതയും കൂട്ടരും പാർട്ടി മാറിയാൽ കൂറുമാറ്റ നിരോധനനിയമം ബാധകമാകില്ല. ഒരുപക്ഷേ നിയമസഭയിൽ പുതിയ സംഘമായി ഇരിക്കുകയോ, ബിജെപിയുടെ ഭാഗമാകുകയോ ചെയ്താൽ അത് മമതക്ക് വലിയ തിരിച്ചടിയാകും. ഇവർ പാർട്ടി പേരും ചിഹ്നവും ആവശ്യപ്പെട്ടാൽ അത് നഷ്ടമാകുന്ന സാഹചര്യവും ഉണ്ടാകും.
മഹാരാഷ്ട്രയിലെ പ്രബല പാർട്ടിയായ എൻസിപിയിൽ കണ്ടതിന് സമാനമായ രാഷ്ട്രീയ സ്ഥിതിയാണ് ബംഗാളിലുള്ളത്. പാർട്ടിയെ തന്റെ കൈയിൽ നിർത്താനുള്ള അവസാനവട്ട ശ്രമമാണ് മമത നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് പാർട്ടിയുടെ എല്ലാ ഘടകങ്ങളും പോഷകസംഘടനകളും പിരിച്ചുവിട്ടത്. വിമതർ തെരഞ്ഞടുപ്പ് കമ്മീഷനെ സമീപിച്ച് പാർട്ടി പേരും ചിഹ്നവും ആവശ്യപ്പെടുന്നത് തടയുകയാണ് നടപടിയിലൂടെ മമത ലക്ഷ്യമിട്ടത്. രാഷ്ട്രീയ ഭാവി പരുങ്ങലിലായ മമത അടുത്ത ദിവസം നടക്കുന്ന ഇന്ത്യസഖ്യയോഗത്തിൽ മറ്റ്പാർട്ടികളുടെ പിന്തുണ നേടാനാകുമോയെന്നാണ് നോക്കുന്നത്.