ശബരിമല സ്വർണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം ബിജെപി നേതാക്കളുടെ ചിത്രങ്ങൾ പുറത്തുവന്നു
Photos of Unnikrishnan Potty with karanataka BJP leaders out in the media
തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലെ സ്വർണമോഷണക്കേസിലെ പ്രധാന പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി ബിജെപി നേതാക്കളോടൊപ്പമുള്ള ചിത്രങ്ങൾ പുറത്തുവന്നിരിക്കുന്നു. കർണാടക മുൻ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായിരുന്ന ഡി.വി. സദാനന്ദ ഗൗഡയും മുൻ ഉപമുഖ്യമന്ത്രി അശ്വത്ത് നാരായണനുമൊത്തുള്ള ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്.
2020 ജനുവരിയിൽ ബെംഗളൂരുവിലെ ജാലഹള്ളി അയ്യപ്പ ക്ഷേത്രത്തിലെ സ്വർണവാതിലുകളുടെ സമർപ്പണ ചടങ്ങിനിടെയാണ് ഈ നേതാക്കൾ പോറ്റിയോടൊപ്പം എത്തിയത്. മണിക്കൂറുകളോളം ഇരു ബിജെപി നേതാക്കളും പോറ്റിയോടൊപ്പം പരിപാടിയിൽ പങ്കെടുത്തു. നേതാക്കളുമായി അടുത്ത് ഇടപഴകുന്നതായി കാണുന്ന ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
ഏറെക്കാലമായി ബെംഗളൂരുവിൽ താമസിക്കുന്ന ഉണ്ണികൃഷ്ണൻ പോറ്റിക്ക് കർണാടകത്തിലെ ബിജെപി നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇതിനുമുമ്പ് മുഖ്യമന്ത്രി പിണറായി വിജയൻ, കോൺഗ്രസ് അധ്യക്ഷയായിരുന്ന സോണിയ ഗാന്ധി, യുഡിഎഫ് കൺവീനറും എംപിയുമായ അടൂർ പ്രകാശ്, മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി തുടങ്ങിയവരോടൊപ്പമുള്ള ചിത്രങ്ങളും പുറത്തുവന്നിരുന്നു.