എന്‍സിഇആര്‍ടി പുസ്തകങ്ങള്‍ അക്കാദമിക് വിരുദ്ധമാണെങ്കില്‍ കേരളം ശക്തമായി എതിർക്കും ;വി ശിവൻകുട്ടി
തിരുവനന്തപുരം: രാജ്യത്തെ അക്കാദമിക സ്വാതന്ത്ര്യം മുമ്പെങ്ങുമില്ലാത്തവിധം വെല്ലുവിളികൾ നേരിടുന്ന സവിശേഷ സാഹചര്യത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വരാനിരിക്കുന്ന എൻസിഇആർടി പുസ്തകങ്ങൾ അക്കാദമിക് വിരുദ്ധമാണെങ്കിൽ കേരളം ഇപ്പോഴത്തെപ്പോലെ തന്നെ ശക്തമായ രീതിയിൽ പ്രതികരിക്കുമെന്ന് മന്ത്രി അറിയിച്ചു. ഡൽഹിയിൽ നടന്ന എൻ.സി.ഇ.ആർ.ടി യോഗത്തിൽ, കേന്ദ്ര സർക്കാരിന്റെ ഈ അക്കാദമിക് വിരുദ്ധ നടപടികളോട് കേരളം ഔദ്യോഗികമായി എതിർപ്പ് അറിയിച്ചെന്നും മന്ത്രി ഫെയ്‌സ്ബുക്ക് കുറിപ്പിൽ അറിയിച്ചു.
പാഠപുസ്തക പരിഷ്‌കരണത്തിന്റെ പേരിൽ കേന്ദ്ര സർക്കാർ നടത്തുന്ന ഇടപെടലുകൾ ചരിത്രവസ്തുതകളെ വളച്ചൊടിക്കാനും ശാസ്ത്രീയ അവബോധം ഇല്ലാതാക്കാനും ലക്ഷ്യമിട്ടുള്ളതാണ്. എൻ.സി.ഇ.ആർ.ടി വ്യാപകമായി പാഠഭാഗങ്ങൾ വെട്ടിമാറ്റിയപ്പോൾ, അക്കാദമിക സത്യസന്ധത ഉയർത്തിപ്പിടിക്കാൻ അഡീഷണൽ പാഠപുസ്തകങ്ങൾ പുറത്തിറക്കി കേരളം സധൈര്യം മാതൃക കാട്ടിയിട്ടുണ്ട്. വരാനിരിക്കുന്ന എൻ.സി.ഇ.ആർ.ടി പുസ്തകങ്ങൾ അക്കാദമിക് വിരുദ്ധമാണെങ്കിൽ കേരളം ഇപ്പോഴത്തെപ്പോലെ തന്നെ ശക്തമായ രീതിയിൽ പ്രതികരിക്കും. മതനിരപേക്ഷതയും ജനാധിപത്യ മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്ന വിദ്യാഭ്യാസ രീതിക്കായി കേരളം എന്നും വിട്ടുവീഴ്ചയില്ലാതെ മുൻപന്തിയിൽ തന്നെയുണ്ടാകും എന്നും മന്ത്രി അറിയിച്ചു.എസ്.സി.ഇ.ആർ.ടി യുടെ നേതൃത്വത്തിൽ പരിഷ്‌കരിച്ച പുതിയ പാഠപുസ്തകങ്ങൾ കേരളം ഇപ്പോൾ സജ്ജമാക്കിയിട്ടുണ്ട്. കേന്ദ്രത്തിന്റെ പാഠപുസ്തകങ്ങൾ സ്വീകരിക്കുമ്പോൾ തന്നെ, അതിൽ എന്തൊക്കെ പഠിപ്പിക്കണം, എന്ത് ഒഴിവാക്കണം എന്ന് തീരുമാനിക്കാനുള്ള പൂർണ്ണമായ അധികാരം സംസ്ഥാനത്തിനുണ്ട്.
എൻ.സി.ഇ.ആർ.ടി വ്യാപകമായി പാഠഭാഗങ്ങൾ വെട്ടിമാറ്റിയപ്പോൾ, അക്കാദമികമായ സത്യസന്ധത ഉയർത്തിപ്പിടിക്കാൻ കേരളം സധൈര്യം മുന്നോട്ടുവന്നു. അതിന്റെ ഭാഗമായാണ് നാല് പ്രധാന വിഷയങ്ങളിൽ അഡീഷണൽ പാഠപുസ്തകങ്ങൾ പ്രസിദ്ധീകരിച്ച് നാം കുട്ടികളിലേക്ക് എത്തിച്ചത്. ഇന്ത്യയുടെ ചരിത്രവും വൈവിധ്യവും ശാസ്ത്രീയതയും ഒരു വിട്ടുവീഴ്ചയുമില്ലാതെ വരുംതലമുറ പഠിക്കണമെന്നത് കേരളത്തിന്റെ നിർബന്ധമാണ്. വരാനിരിക്കുന്ന എൻ.സി.ഇ.ആർ.ടി പുസ്തകങ്ങൾ അക്കാദമിക് വിരുദ്ധമാണെങ്കിൽ കേരളം ശക്തമായ രീതിയിൽ പ്രതികരിക്കും. വെട്ടിമാറ്റിയ ചരിത്രസത്യങ്ങൾ പഠിപ്പിക്കാൻ അഡീഷണൽ പുസ്തകങ്ങൾ ഇറക്കിയ മാതൃക വരുംവർഷങ്ങളിലും നാം തുടരുമെന്നും മന്ത്രി അറിയിച്ചു.