"അളിയൻ ആരാ മോൻ"; മാതൃകാ പൊതുപ്രവർത്തകൻ ,ബന്ധുനിയമനവിവാദത്തിൽ വിശദീകരണവുമായി സണ്ണി ജോസഫ്
തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തിൽ വിശദീകരണവുമായി വൈദ്യുതമന്ത്രി സണ്ണി ജോസഫ്. കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറിയും സണ്ണി ജോസഫിന്റെ സഹോദരീ ഭർത്താവുമായ ബെന്നി തോമസിനെ മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചതാണ് വിവാദമായത്.നിയമനത്തിൽ നിയമപരമായ തടസ്സമില്ലെന്നും ബെന്നി തോമസ് മാതൃകാപരമായ പൊതുപ്രവർത്തനം നടത്തുന്ന ആളാണെന്നും മന്ത്രി പറഞ്ഞു. മികച്ച ഭൂരിപക്ഷത്തിൽ പഞ്ചായത്ത് പ്രസിഡൻ്റായ നേതാവാണ് ബെന്നി തോമസ്. തന്റെ ചീഫ് ഏജൻറ് ആയിരുന്നുവെന്നും മന്ത്രി പ്രതികരിച്ചു. മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ സഹോദരിയുടെ ഭർത്താവിനെ നിയമിച്ചത് വലിയ വിവാദമായിരുന്നു.വേണമെങ്കിൽ ബെന്നി തോമസിനെ മറ്റൊരു മന്ത്രിയുടെ സ്റ്റാഫിൽ ഉൾപ്പെടുത്താമായിരുന്നു. അങ്ങനെയൊരു കാപട്യത്തിന് താൻ തയ്യാറല്ല. വരുന്നവരോട് എല്ലാം തന്റെ ബന്ധുവാണെന്ന് സ്വയം പരിചയപ്പെടുത്തിയിരുന്നുവെന്നും മന്ത്രി പറഞ്ഞു.
മന്ത്രിയുടെ സഹോദരി ഭർത്താവ് ബെന്നി തോമസിന്റെ നിയമനം ബന്ധു നിയമനമാണെന്ന് ആരോപിച്ച് സമൂഹമാധ്യമങ്ങളിലുൾപ്പെടെ ഇടത് കേന്ദ്രങ്ങളിൽ നിന്ന് വിമർശനം ഉയരുകയായിരുന്നു.