പശ്ചിമേഷ്യയില്‍ അമേരിക്കയും ഇറാനും തമ്മിൽ സംഘർഷം രൂക്ഷം

By :  Devina Das
Update: 2026-06-06 10:15 GMT

വാഷിങ്ടൺ: പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിൽ സംഘർഷം രൂക്ഷമാകുന്നു. ലോകത്തിലെ ഏറ്റവും നിർണായക സമുദ്ര വ്യാപാരപാതകളിലൊന്നായ ഹോർമുസ് കടലിടുക്കിന് സമീപത്തേക്ക് ഇറാൻ ആക്രമണ ഡ്രോണുകൾ അയച്ചതിനെ തുടർന്ന് അവ വെടിവെച്ചിട്ടതായി യുഎസ് സൈന്യം അറിയിച്ചു.

ഇറാന്റെ നാല് ഡ്രോണുകളാണ് അമേരിക്ക വെടിവെച്ചിട്ടത്. ഇറാൻ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഗൊരുക്കിലെയും ഖേഷ്മ് ദീപിലെയും ഇറാനിയൻ തീരദേശ നിരീക്ഷണ റഡാർ സൈറ്റുകളും ആക്രമിച്ചന്നൊണ് അമേരിക്കൻ സൈനിക വൃത്തങ്ങൾ അറിയിച്ചത്.യുഎസ് നടപടികൾക്ക് മറുപടിയായി കുവൈത്തിനും ബഹ്‌റൈനും നേരെ ഇറാൻ മിസൈലുകളും ഡ്രോണുകളും അയച്ചു. ഏഴു മിസൈലുകളാണ് ഇറാൻ വിക്ഷേപിച്ചതെന്നും, ഏഴും പ്രതിരോധിച്ചെന്നും യുഎസ് സൈന്യം അവകാശപ്പട്ടു. എന്നാൽ കുവൈത്തിലെയും ബഹ്‌റൈനിലെയും അമേരിക്കൻ സൈനിക കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായും നാശനഷ്ടങ്ങൾ വരുത്തിയതായും ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി) അറിയിച്ചു. യുഎസ് സൈനിക കേന്ദ്രങ്ങളിൽ ഒന്നിൽപോലും നാശനഷ്ടങ്ങളുണ്ടായിട്ടില്ലെന്നാണ് യുഎസ് സൈന്യത്തിന്റെ പ്രസ്താവനയിൽ പറയുന്നത്.ഇറാന്റെ മിസൈലുകളെയും ഡ്രോണുകളെയും പ്രതിരോധിക്കുകയാണെന്ന് കുവൈത്ത് സൈന്യവും അറിയിച്ചു. വ്യോമ പ്രതിരോധ സംവിധാനങ്ങൾ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് സ്‌ഫോടന ശബ്ദങ്ങൾ കേൾക്കുന്നതെന്നും ജനങ്ങൾ അധികൃതരുടെ സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്നും കുവൈത്ത് സൈന്യം പറഞ്ഞു.

ഹോർമുസ് കടലിടുക്കിലേക്കും സമീപത്തെ സമുദ്ര ഗതാഗത പാതകളിലേക്കും ഇറാൻ നിരവധി ഡ്രോണുകൾ വിന്യസിപ്പിച്ചിരുന്നു. ഇത് കടൽ ഗതാഗതത്തിനും വാണിജ്യ കപ്പലുകൾക്കും അടിയന്തര ഭീഷണി ഉയർത്തിയതിനാലാണ് നടപടി സ്വീകരിച്ചതെന്ന് അമേരിക്ക വിശദീകരിച്ചു. സമുദ്ര മേഖലയിലെ ഭീഷണികൾ കണ്ടെത്തുന്നതിനും ഡ്രോൺ നീക്കങ്ങൾ ഏകോപിപ്പിക്കുന്നതിനും ഉപയോഗിക്കുന്ന കേന്ദ്രങ്ങളെയാണ് ലക്ഷ്യമിട്ടതെന്ന് അമേരിക്കൻ സെൻട്രൽ കമാൻഡ് അറിയിച്ചു. നടപടി പ്രതിരോധ സ്വഭാവമുള്ളതാണെന്നും അന്താരാഷ്ട്ര കപ്പൽഗതാഗതം സംരക്ഷിക്കാനാണ് ശ്രമമെന്നും അമേരിക്ക വ്യക്തമാക്കി.അതേസമയം, ഗൾഫ് ഓഫ് ഒമാൻ മേഖലയിലെ കപ്പൽഗതാഗതത്തിൽ അമേരിക്ക അനാവശ്യ ഇടപെടലുകൾ നടത്തുകയാണെന്നും അതിനുള്ള മറുപടിയായാണ് നടപടി സ്വീകരിച്ചതെന്നുമാണ് ഇറാന്റെ വാദം. അമേരിക്കയും ഇറാനും തമ്മിൽ നേരത്തെ പ്രഖ്യാപിച്ചിരുന്ന വെടിനിർത്തൽ കരാർ ഇതിനകം തന്നെ ദുർബലമായിരിക്കുകയാണ്. പുതിയ ഡ്രോൺ ആക്രമണവും അമേരിക്കൻ പ്രത്യാക്രമണവും കൂടുതൽ ആശങ്ക സൃഷ്ടിക്കുകയാണ്. ഇരുരാജ്യങ്ങളും പരസ്പരം പ്രകോപനപരമായ നടപടികളാണ് സ്വീകരിക്കുന്നതെന്ന ആരോപണങ്ങളുമുണ്ട്.

Similar News