കോൺഫിഡന്റ് ഗ്രൂപ്പ് എംഡി ടി.എ. ജോസഫിന്റെ വിശദീകരണം: പരിശോധന സാധാരണ നടപടി മാത്രം; നിക്ഷേപകർക്ക് ആശങ്ക വേണ്ട
Confident Group MD TA Joseph dismisses social media allegations, challenges accusers to produce proof, and assures clients that all projects will continue as planned
കൊച്ചി: കോൺഫിഡന്റ് ഗ്രൂപ്പുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ നടന്നത് സാധാരണ ആദായനികുതി, ജിഎസ്ടി പരിശോധനകൾ മാത്രമാണെന്ന് കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ ടി.എ. ജോസഫ് വ്യക്തമാക്കി.
പരിശോധനയ്ക്കിടെ ആദായനികുതി ഉദ്യോഗസ്ഥർ ആരെയും ബുദ്ധിമുട്ടിച്ചിട്ടില്ലെന്നും, മറിച്ചുള്ള വാർത്തകൾ പൂർണമായും തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
ചെയർമാൻ ഡോ. സി.ജെ. റോയിയുടെ മരണത്തിന്റെ കാരണങ്ങൾ എന്താണെന്ന് തനിക്കറിയില്ലെന്നും, അന്വേഷണം നടന്നുവരികയാണെന്നും ജോസഫ് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിശദാംശങ്ങൾ പറയാൻ എസ്‌ഐടിയുടെ നിയന്ത്രണങ്ങൾ ഉള്ളതിനാൽ അതിന് കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സി.ജെ. റോയിയെ ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെന്ന കുടുംബത്തിന്റെ ആരോപണം ശരിയല്ലെന്ന് ജോസഫ് പറഞ്ഞു. കുടുംബത്തിന് പൂർണ വിവരങ്ങൾ അറിയില്ലെന്നും, വൈകാരികമായി പ്രതികരിച്ചത് ശരിയായിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എസ്‌ഐടി അന്വേഷണത്തിൽ തൃപ്തിയുണ്ടെന്നും പരാതികളൊന്നുമില്ലെന്നും ജോസഫ് അഭിപ്രായപ്പെട്ടു.
ബെംഗളൂരുവിലെ പരിശോധനയും സാധാരണ നടപടിയായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ചില ന്യൂമീഡിയകളിലൂടെയും യൂട്യൂബ് ചാനലുകളിലൂടെയും കമ്പനി ചെയർമാനെയും കുടുംബത്തെയും അധിക്ഷേപിക്കുന്നതും കുടുംബത്തെ തകർക്കുന്ന തരത്തിലുള്ള വാർത്തകൾ പ്രചരിപ്പിക്കുന്നതും ശരിയല്ലെന്ന് ജോസഫ് വിമർശിച്ചു.
കമ്പനിക്ക് ആർക്കും പണം നൽകാനില്ലെന്നും, മറിച്ച് പലരിൽ നിന്നും കമ്പനിക്ക് തന്നെ പണം ലഭിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. മരണശേഷവും സി.ജെ. റോയിയെ വിമർശിക്കുന്നത് ശരിയല്ലെന്നും, അദ്ദേഹം ആരുടെയും പണം അപഹരിച്ചിട്ടില്ലെന്നും, നിക്ഷേപകരെ വഞ്ചിച്ചിട്ടില്ലെന്നും ജോസഫ് വാദിച്ചു.
കള്ളക്കടത്തോ ബെനാമി ഇടപാടുകളോ കമ്പനി നടത്തിയിട്ടില്ലെന്നും, സിനിമാ മേഖലയിൽ നിന്നോ വിദേശത്ത് നിന്നോ നിക്ഷേപം സ്വീകരിച്ചതിന് തെളിവുകൾ ഹാജരാക്കിയാൽ തുകയുടെ ഇരട്ടി തിരികെ നൽകുമെന്നും അദ്ദേഹം വെല്ലുവിളി ഉയർത്തി. സിനിമാ മേഖലയിൽ നിന്ന് ആർക്കും പണം തിരികെ നൽകാനില്ലെന്നും, പലരും കമ്പനിക്ക് പണം നൽകാനുള്ളവരാണെന്നും ജോസഫ് കൂട്ടിച്ചേർത്തു.
കോൺഫിഡന്റ് ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾ സുഗമമായി മുന്നോട്ട് പോകുകയാണെന്നും, ആർക്കും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എംഡി ടി.എ. ജോസഫ് ഉറപ്പ് നൽകി.