ഒമാന്‍ തീരത്ത് യുഎസ് ഹെലികോപ്റ്റര്‍ തകർന്നുവീണു;പിന്നിൽ ഇറാനെന്ന ആരോപണവുമായി ഡോണള്‍ഡ് ട്രംപ്

By :  Devina Das
Update: 2026-06-10 06:01 GMT

വാഷിങ്ടൺ: പശ്ചിമേഷ്യയിൽ ഇസ്രായേലും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം കണക്കുന്നതിനിടെ ഒമാൻ തീരത്ത് യുഎസ് ആർമിയുടെ അപ്പാച്ചെ ഹെലികോപ്റ്റർതകർന്നുവീണു . പിന്നിൽ ഇറാൻ ആണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആരോപിച്ചു.തുടർന്ന് ഇറാനെതിരെ അമേരിക്കൻ സൈന്യം വീണ്ടും ആക്രമണം ആരംഭിച്ചു .

'അന്യായമായ ഇറാനിയൻ ആക്രമണത്തിനുള്ള ആനുപാതികമായ മറുപടി' ആയിരിക്കും ഈ ആക്രമണങ്ങളെന്ന് യുഎസ് സെൻട്രൽ കമാൻഡ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പ്രസ്താവനയിൽ പറഞ്ഞു. ഹെലികോപ്റ്റർ വെടിവെച്ചിട്ടതിന് ട്രംപ് ഇറാനെ കുറ്റപ്പെടുത്തുകയും യുഎസ് ഇതിന് മറുപടി നൽകുമെന്ന് പറഞ്ഞതിനും പിന്നാലെയാണ് അമേരിക്കൻ ആക്രമണം.ഹോർമുസ് കടലിടുക്കിലെ ഒരു ഇറാനിയൻ ദ്വീപിൽ സ്‌ഫോടന ശബ്ദം കേട്ടതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തങ്ങളുടെ രാജ്യത്തിന്റെ അതിർത്തിക്ക് സമീപമുള്ള വിദേശ സൈനിക ശക്തികൾ 'നിരന്തരമായ അപകടസാധ്യതയിലാണ്' എന്ന് ഇറാൻ അധികൃതർ പറഞ്ഞു.

ഒരു ഡ്രോൺ ബോട്ട് ഉപയോഗിച്ചാണ് ആക്രമണത്തിന് വിധേയമായ അപ്പാച്ചെ ഹെലികോപ്റ്ററിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരെ രക്ഷപ്പെടുത്തിയത്. 'ഇറാനികൾ ഞങ്ങളുടെ അത്യാധുനിക അപ്പാച്ചെ ഹെലികോപ്റ്ററുകളിലൊന്ന് വെടിവെച്ചിട്ടു' എന്ന് സൈനിക ഉദ്യോഗസ്ഥർ തന്നോട് പറഞ്ഞതായി ട്രംപ് സോഷ്യൽ മീഡിയ പോസ്റ്റിൽ വ്യക്തമാക്കി. ഇരു സൈനികരും പരിക്കേൽക്കാതെ രക്ഷപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി. ഈ ആക്രമണത്തിന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് തീർച്ചയായും മറുപടി നൽകേണ്ടതുണ്ടെന്നും ട്രംപ് കുറിച്ചു.താൽക്കാലിക വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നതിനുശേഷം ആദ്യമായി ഇറാനും ഇസ്രയേലും പരസ്പരം വെടിയുതിർത്തതിന്റെ തൊട്ടടുത്ത ദിവസമാണ് ഹെലികോപ്റ്റർ തകർന്നുവീണത്. ഇത് രണ്ടുമാസത്തെ വെടിനിർത്തൽ കരാറിനെ കൂടുതൽ പ്രതിസന്ധിയിലാക്കുമോ എന്ന ആശങ്കയിലാണ് ലോകം.

Similar News