വിമാന ഇന്ധനവിലയിൽ "10 ശതമാനം" വർധന

By :  Devina Das
Update: 2026-06-10 05:08 GMT

ന്യൂഡൽഹി: വിമാന ഇന്ധനത്തിന്റെ വില 10 ശതമാനം വർധിപ്പിച്ചു എണ്ണവിതരണകമ്പനികൾ . ഈ സാഹചര്യത്തിൽ ആഭ്യന്തര വിമാനക്കമ്പനികൾക്കുള്ള ജെറ്റ് ഇന്ധനത്തിന്റെ വില ലിറ്ററിന് 104.93 രൂപയിൽ നിന്ന് ഏകദേശം 115 രൂപയായാണ് ഉയർന്നിരിക്കുന്നത് .ഇതോടെ വിമാന കമ്പനികൾ വിമാന യാത്രാ നിരക്ക് ഉയർത്താനുള്ള സാധ്യതയുണ്ട് .

ആഭ്യന്തര വിമാനക്കമ്പനികൾക്ക് മൂന്ന് വർഷം വരെ സ്ഥിരമായ ഇന്ധന നിരക്ക് വാഗ്ദാനം ചെയ്യുന്ന വില സ്ഥിരീകരണ പദ്ധതി അടുത്തിടെ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു. ആഗോള എണ്ണവിലയിലുണ്ടാകുന്ന പെട്ടെന്നുള്ള വ്യതിയാനങ്ങളിൽ നിന്ന് വിമാനക്കമ്പനികളെയും യാത്രക്കാരെയും സംരക്ഷിക്കുകയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. സർക്കാർ സ്‌പോൺസർ ചെയ്യുന്ന ഈ വില സ്ഥിരീകരണ പദ്ധതിയിൽ പങ്കാളികളാകാൻ താൽപ്പര്യപ്പെടുന്ന വിമാനക്കമ്പനികൾക്ക് ഈ പുതിയ നിരക്ക് അടുത്ത മൂന്ന് വർഷത്തേക്ക് ഇതേ നിലവാരത്തിൽ മാറ്റമില്ലാതെ തുടരും.

ഒരു എയർലൈന്റെ പ്രവർത്തനച്ചെലവിന്റെ 60 ശതമാനത്തോളം വിമാന ഇന്ധനത്തിനാണ് വരുന്നത്. രൂപയുടെ മൂല്യത്തകർച്ചയും ഇന്ധനവില വർധനവും മൂലമുള്ള ഉയർന്ന പ്രവർത്തനച്ചെലവിന് പുറമെ, യാത്രക്കാരുടെ എണ്ണത്തിൽ ഉണ്ടായ കുറവ് കാരണം വിമാനക്കമ്പനികൾ സർവീസുകൾ വെട്ടിച്ചുരുക്കുന്നതും വിമാന യാത്രാനിരക്ക് വർദ്ധിക്കാൻ കാരണമാകുന്നുണ്ട്.കഴിഞ്ഞ ആഴ്ചയാണ് സർക്കാർ 'വില സ്ഥിരതാ പിന്തുണാ' (price stabilisation support) പദ്ധതി പ്രഖ്യാപിച്ചത്. എന്നാൽ, ഈ 10,000 കോടി രൂപയുടെ പദ്ധതി നിർബന്ധിതമല്ല, മറിച്ച് തെരഞ്ഞെടുക്കാവുന്ന ഒന്നാണ്. തെരഞ്ഞെടുക്കാത്ത വിമാനക്കമ്പനികൾ അന്താരാഷ്ട്ര എയർലൈനുകളെപ്പോലെ നിലവിലെ വിപണി വിലയായ ലിറ്ററിന് ഏകദേശം 142 രൂപ തന്നെ തുടർന്നും നൽകേണ്ടിവരും.

Similar News