മമതയ്ക്ക് വീണ്ടും തിരിച്ചടി ;തൃണമൂലിന്റെ പ്രധാന മുഖമായ സുഷ്മിത ദേവ് പാര്‍ട്ടി വിട്ടു

By :  Devina Das
Update: 2026-06-10 07:32 GMT

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിക്ക് പിന്നാലെ ശക്തമായ വിമതശല്യം നേരിടുന്ന മുൻ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജിക്ക് വീണ്ടും കനത്ത പ്രഹരം . തൃണമൂൽ കോൺഗ്രസിന്റെ മറ്റൊരു രാജ്യസഭാ എംപിയായ സുഷ്മിത ദേവ് പാർട്ടിയുടെ എല്ലാ പദവികളിൽ നിന്ന് രാജിവെച്ചു. ഈ ആഴ്ചയിൽ പാർട്ടി വിടുന്ന രണ്ടാമത്തെ രാജ്യസഭാ എംപിയാണ് സുഷ്മിത ദേവ്. രാജിവെച്ചതിന് പിന്നാലെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുമായി കൂടിക്കാഴ്ച നടത്തിയതോടെ സുഷ്മിത ദേവ് ഉടൻ ബിജെപിയിൽ ചേരുമെന്ന അഭ്യൂഹം ശക്തമായിട്ടുണ്ട്.കോൺഗ്രസ് വിട്ട് 2021ലാണ് 53കാരിയായ സുഷ്മിത ദേവ് തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. അസമിലെ കോൺഗ്രസിന്റെ ശക്തനായ നേതാവും സ്വാധീനമുള്ള ബംഗാളി നേതാവുമായിരുന്ന സന്തോഷ് മോഹൻ ദേവിന്റെ മകളാണ് സുഷ്മിത. കോൺഗ്രസിന്റെ വനിതാ വിഭാഗമായ അഖിലേന്ത്യാ മഹിളാ കോൺഗ്രസിന്റെ അധ്യക്ഷയായിരുന്നു. നേരത്തെ തന്റെ പിതാവിന്റെ ശക്തമായ സ്വാധീനമേഖലയായിരുന്ന അസമിലെ സിൽചാറിൽ നിന്നുള്ള എംപി കൂടിയായിരുന്നു അവർ.

കഴിഞ്ഞ തിങ്കളാഴ്ചയാണ് മുതിർന്ന തൃണമൂൽ നേതാവും രാജ്യസഭാംഗവുമായ സുഖേന്ദു ശേഖർ റോയ് രാജ്യസഭയിൽ നിന്നും പാർട്ടിയിൽ നിന്നും രാജി പ്രഖ്യാപിച്ചത്. തുടർന്ന് പുറത്തുവിട്ട പത്രക്കുറിപ്പിൽ, ബംഗാളിലെ തൃണമൂൽ പാർട്ടിക്കും അതിന്റെ 15 വർഷത്തെ ഭരണത്തിനുമെതിരെ റോയ് കടുത്ത വിമർശനം ഉന്നയിക്കുകയും ചെയ്തു.

ഇതിനിടെ രാഹുൽ ഗാന്ധിയുമായി തൃണമുൽ നേതാവ് അഭിഷേക് ബാനർജി ചർച്ച നടത്തി.ബംഗാളിലെ പാർട്ടിയുടെ നിയമസഭാ അംഗങ്ങളിൽ നിന്ന് ഉണ്ടായ ശക്തമായ വിമത നീക്കത്തിന് തൊട്ടുപിന്നാലെയാണ് ഈ രാജികൾ ഉണ്ടായിരിക്കുന്നത്. നിയമസഭയിൽ പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് പാർട്ടി നിർദേശിച്ച ശോഭൻദേബ് ചട്ടോപാധ്യായയെ തള്ളി, 58 തൃണമൂൽ എംഎൽഎമാർ ഋതബ്രത ബാനർജിയെ പിന്തുണച്ച് പാർട്ടിക്കെതിരെ തിരിഞ്ഞത് വലിയ വാർത്തയായിരുന്നു.ഇതിന് പിന്നാലെ ഋതബ്രതയെ അസംബ്ലി സ്പീക്കർ പ്രതിപക്ഷ നേതാവായി അംഗീകരിക്കുകയും ചെയ്തു.

Similar News