"പ്രിയദർശിനി പദ്ധതി "ഈ മാസം 15 മുതൽ ;ആദ്യഘട്ടം ഓര്‍ഡിനറി ബസുകളില്‍;മാസം 70 കോടി ബാധ്യത
തിരുവനന്തപുരം: കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതി ജൂൺ 15 മുതൽ ആരംഭിക്കുമെന്ന് വി.ഡി.സതീശൻ. ‘പ്രിയദർശിനി’ എന്നാണ് പദ്ധതിക്ക് പേര് നൽകിയിരിക്കുന്നത് .ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം . വരുമാനം, പ്രായം എന്നിവ കണക്കാക്കാതെ എല്ലാ സ്ത്രീകൾക്കും പദ്ധതിയുടെ ഗുണം ലഭിക്കും. ട്രാൻസ്‌ഡെൻഡേഴ്‌സിനും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. ഈ പദ്ധതിക്ക് മാസം 65-70 കോടി രൂപയുടെ ബാധ്യത സംസ്ഥാന സർക്കാരിന് വരും. ഒരു വർഷം 800 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയാണ് കെഎസ്ആർടിസിക്ക് വരികയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കെഎസ്ആർടിസിക്ക് ഉണ്ടാകുന്ന സാമ്പത്തിക ബാധ്യത പരിഹരിക്കാനായി സർക്കാർ ഈ പണം കോർപ്പറേഷന് അനുവദിക്കും. നിലവിൽ ശമ്പളം, പെൻഷൻ തുടങ്ങിയ കാര്യങ്ങൾക്കായി സർക്കാർ ഇപ്പോൾ തന്നെ 1500 കോടി രൂപ നൽകുന്നുണ്ട്. ഇതുകൂടാതെ, സൗജന്യ യാത്രയ്ക്ക് വേണ്ടി വരുന്ന സാമ്പത്തിക ബാധ്യത നികത്താനുള്ള പണം കൂടി സർക്കാർ കെഎസ്ആർടിസിക്ക് നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.കെഎസ്ആർടിസിയോട് ആറു മാസത്തിനുള്ളിൽ വരുമാനം വർധിപ്പിക്കാനുള്ള മാർഗങ്ങൾ ആരായണമെന്ന് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. കെഎസ്ആർടിസി മാനേജ്‌മെന്റ് ഇത് അംഗീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. നേരത്തെ നിയമിച്ചവരെക്കൂടാതെ, 40 ഗവൺമെന്റ് പ്ലീഡർമാരെ കൂടി നിയമിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഹൈക്കോടതിയിലെ സ്റ്റേറ്റ് അറ്റോർണിയായി അനൂപ് വി നായരെ നിയമിക്കാനും തീരുമാനിച്ചുവെന്ന് മുഖ്യമന്ത്രി വിഡി സതീശൻ അറിയിച്ചു.