രാജ്യസഭാ തെരഞ്ഞെടുപ്പ് ;കോൺഗ്രസിന് തിരിച്ചടി; മീനാക്ഷി നടരാജന്റെ പത്രിക തള്ളി
ന്യൂഡല്‍ഹി: രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ കോണ്‍ഗ്രസിന് തിരിച്ചടി. മധ്യപ്രദേശില്‍ നിന്നുള്ള കോണ്‍ഗ്രസ് രാജ്യസഭാ സ്ഥാനാര്‍ഥി മീനാക്ഷി നടരാജന്റെ നാമനിര്‍ദ്ദേശ പത്രിക റിട്ടേണിങ് ഓഫീസർ തള്ളി. തെലങ്കാനയിലെ ഒരു കോടതിയിൽ നിലവിലുള്ള കേസിന്റെ വിവരങ്ങൾ സത്യവാങ്മൂലത്തിൽ മറച്ചുവെച്ചുവെന്ന ആരോപണത്തെത്തുടര്‍ന്നാണ് നടപടി. മീനാക്ഷി നടരാജന്റെ പത്രിക തള്ളിയ സാഹചര്യത്തിൽ ബിജെപി സ്ഥാനാർത്ഥി മഹേഷ് കേവതിനെ എതിരില്ലാതെ തെരഞ്ഞെടുത്തു.
സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു.തെലങ്കാന കോടതിയില്‍ മീനാക്ഷി നടരാജനെതിരെ ഒരു ക്രിമിനല്‍ കേസ് നിലവിലുണ്ടെന്നും അത് സത്യവാങ്മൂലത്തില്‍ പരാമര്‍ശിച്ചിട്ടില്ലെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് റിട്ടേണിങ് ഓഫീസര്‍ അവരുടെ നാമനിര്‍ദ്ദേശ പത്രിക നിരസിച്ചതെന്ന് ബിജെപി സ്ഥാനാര്‍ഥിയുടെ അഭിഭാഷകന്‍ പറഞ്ഞു. സുപ്രീം കോടതിയുടെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, സത്യവാങ്മൂലത്തില്‍ ഈ വിവരങ്ങള്‍ നല്‍കേണ്ടത് നിര്‍ബന്ധമാണെന്നും അഭിഭാഷകന്‍ കൂട്ടിച്ചേര്‍ത്തു.