ശരീരം കീറിമുറിക്കാതെ പോസ്റ്റ്മോർട്ടം ;സംസ്ഥാനത്ത് വരുന്നൂ "വെര്‍ച്വല്‍ ഓട്ടോപ്‌സി

By :  Devina Das
Update: 2026-06-10 11:22 GMT

കൊച്ചി: നമുക്ക് പ്രിയപ്പെട്ടവരുടെ ശരീരത്തിൽ സർജിക്കൽ ബ്ലേഡ് പതിക്കുന്നതും അത് തുന്നിക്കെട്ടുന്നത് കാണുന്നതിലെ വേദനയും മരണത്തിന് ശേഷമുള്ള മതപരമായ വിശ്വാസങ്ങളും എല്ലാം പലപ്പോഴും വലിയ ദുഃഖത്തിലാണ് പരിണമിക്കുന്നത്.ഇത്തരം ആശങ്കകൾക്ക് പരിഹാരമായി കേരളത്തിലെ ഫോറൻസിക് വിദഗ്ധർവെർച്വൽ ഓട്ടോപ്‌സി അഥവാ വിർട്ടോപ്‌സി എന്ന ആധുനിക മാർഗം സ്വീകരിക്കുകയാണ്.ശരീരം കീറിമുറിക്കാതെ തന്നെ മരണകാരണം കണ്ടെത്താൻ ഈ സാങ്കേതികവിദ്യയിലൂടെ സാധിക്കുമെന്നാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഫോറൻസിക് മെഡിസിൻ വിഭാഗം മേധാവിയും പൊലീസ് സർജനുമായ ഡോ. എ. കെ. ഉന്മേഷ് പറയുന്നത്. പൊതുമേഖലയിൽ ഒരു വെർച്വൽ ഓട്ടോപ്‌സി സെന്റർ സ്ഥാപിക്കുന്നതിനുള്ള വിശദമായ പദ്ധതി രേഖ നിലവിൽ സംസ്ഥാന സർക്കാരിന്റെ പരിഗണനയിലാണ്. എല്ലാ കേസുകളിലും വെർച്വൽ ഓട്ടോപ്‌സി പ്രായോഗികമാകില്ലെങ്കിലും, പരമ്പരാഗത രീതിയിലുള്ള പോസ്റ്റ്‌മോർട്ടങ്ങളുടെ എണ്ണം ഗണ്യമായി കുറയ്ക്കാൻ ഇതിന് സാധിക്കും .

ഏതൊരു മനുഷ്യനും ജീവിതത്തിലും മരണശേഷവും മാന്യത അർഹിക്കുന്നുണ്ടെന്ന് പദ്ധതി രേഖയിൽ പറയുന്നു. പരമ്പരാഗത പോസ്റ്റ്‌മോർട്ടം രീതികൾ പലപ്പോഴും ബന്ധുക്കൾക്ക് വലിയ മാനസിക ആഘാതമാണ് ഉണ്ടാക്കുന്നത്. മൃതദേഹത്തിൽ അധികം മാറ്റങ്ങൾ വരുത്താത്ത പരിശോധനാ രീതികളോടാണ് സമൂഹത്തിന് കൂടുതൽ താൽപ്പര്യമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. വെർച്വൽ ഓട്ടോപ്‌സി ഫോറൻസിക് വിദഗ്ധർക്കും മരിച്ചവരുടെ കുടുംബങ്ങൾക്കും ഒരുപോലെ സ്വീകാര്യമായ ഒരു ബദൽ മാർഗ്ഗമാണ്. വെർച്വൽ ഓട്ടോപ്‌സിക്ക് പരമ്പരാഗത പോസ്റ്റ്‌മോർട്ടത്തെ പൂർണമായി മാറ്റിസ്ഥാപിക്കാനാവില്ല.

സംശയാസ്പദമോ അസ്വാഭാവികമോ ആയ മരണങ്ങളിൽ നിയമപരമായി പോസ്റ്റ്‌മോർട്ടം നിർബന്ധമാണെങ്കിലും, പരമ്പരാഗത രീതികളിൽ ശരീരഭാഗങ്ങൾ കീറിമുറിക്കുന്നത് മൃതദേഹത്തിന്റെ ബാഹ്യരൂപത്തിൽ മാറ്റം വരികയും ചെയ്യുന്നു. ഇത് ബന്ധുക്കൾക്ക് കടുത്ത മാനസിക വിഷമമുണ്ടാക്കുന്നു.

ഈ പദ്ധതി നടപ്പിലാക്കുമ്പോൾ ഇത് കേരളത്തിലെ ആദ്യത്തെ വെർച്വൽ ഓട്ടോപ്‌സി സെന്റർ എന്ന് മാത്രമല്ല, ദക്ഷിണേന്ത്യയിലെ സർക്കാർ മെഡിക്കൽ കോളജുകളിലെ തന്നെ ഇത്തരത്തിലുള്ള ആദ്യത്തെ കേന്ദ്രമായി മാറും . 'വെർച്വൽ ഓട്ടോപ്‌സി നിയമപരമായ മാനദണ്ഡങ്ങൾ പാലിക്കുന്നതോടൊപ്പം തന്നെ മരിച്ചയാളുടെ മാന്യത കാത്തുസൂക്ഷിക്കുകയും, ശാസ്ത്രീയ കൃത്യതയും കുടുംബങ്ങൾക്ക് മാനസിക ആശ്വാസവും ഉറപ്പാക്കുകയും ചെയ്യുന്നു,

നിലവിലെ നിയമപ്രകാരം അസ്വാഭാവിക മരണങ്ങളിൽ പോസ്റ്റ്‌മോർട്ടം പരിശോധന നിർബന്ധമാണ്. സാഹചര്യ തെളിവുകളുടെയും പ്രാഥമിക അന്വേഷണത്തിന്റെയും അടിസ്ഥാനത്തിൽ അന്വേഷണ ഉദ്യോഗസ്ഥർ പോസ്റ്റ്‌മോർട്ടം കൂടാതെ മൃതദേഹം വിട്ടു നൽകുന്നത് വളരെ അപൂർവ്വമായ കേസുകളിൽ മാത്രമാണ്.

പരമ്പരാഗത പോസ്റ്റ്‌മോർട്ടം രീതികൾ പലപ്പോഴും വിവാദങ്ങൾക്കും ഇടയാക്കാറുണ്ട്. നിലവിൽ ഡൽഹി, ഋഷികേശ്, ഷില്ലോങ്, ബംഗളൂരു തുടങ്ങിയ ഇന്ത്യയിലെ ചില തെരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ വെർച്വൽ ഓട്ടോപ്‌സി അവതരിപ്പിച്ചിട്ടുണ്ട്. ഫോറൻസിക് മെഡിസിൻ, റേഡിയോളജി, നീതിന്യായ വ്യവസ്ഥ, നിയമപാലക ഏജൻസികൾ എന്നിവ തമ്മിലുള്ള സഹകരണം ശക്തമാക്കുകയാണ് പുതിയ നിർദ്ദേശത്തിലൂടെ ലക്ഷ്യമിടുന്നത്. വെർച്വൽ ഓട്ടോപ്‌സിയുടെ കൃത്യതയെക്കുറിച്ച് ഒരു വിഭാഗം ഡോക്ടർമാർ ആശങ്ക പ്രകടിപ്പിക്കുന്നുണ്ടെങ്കിലും, എല്ലാ കേസുകളിലും ഇത് പരമ്പരാഗത പോസ്റ്റ്‌മോർട്ടത്തിന് പകരമാകില്ല . കേരളത്തിലെ ഏകദേശം 60% കേസുകളിലും ശരീരം കീറിമുറിക്കാതെ വെർച്വൽ ഓട്ടോപ്‌സിയിലൂടെ മാത്രം മരണകാരണവും മറ്റ് കണ്ടെത്തലുകളും നിർണ്ണയിക്കാൻ കഴിയുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്, റോഡപകട മരണങ്ങൾ, അസാധാരണമായ സാഹചര്യങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ചില സ്വാഭാവിക മരണങ്ങൾ, ദൃക്സാക്ഷികളുള്ള അപകട മരണങ്ങൾ എന്നിവയിലൊക്കെ പരമ്പരാഗത രീതിയിലുള്ള കീറിമുറിക്കലുകൾ ഒഴിവാക്കാൻ ഇതിലൂടെ സാധിക്കും .

നിലവിലെ സിസ്റ്റം നേരിടുന്ന വെല്ലുവിളികൾ:

ശരീരം കീറിമുറിച്ചുള്ള പോസ്റ്റ്മോർട്ടത്തോടുള്ള മതപരവും സാംസ്കാരികവുമായ എതിർപ്പുകൾ.

ഫോറൻസിക് വിദഗ്ധരുടെ കുറവ് മൂലം കേസുകൾ കെട്ടിക്കിടക്കുന്നത്.

പോസ്റ്റ്‌മോർട്ടം കണ്ടെത്തലുകൾ കോടതിയിൽ ഫലപ്രദമായി അവതരിപ്പിക്കുന്നതിലെ ബുദ്ധിമുട്ട്.

പരമ്പരാഗത പോസ്റ്റ്‌മോർട്ടം തെളിവുകൾ കാലക്രമേണ നശിച്ചുപോകുന്നതിനാൽ ദീർഘകാലത്തേക്ക് സൂക്ഷിച്ചുവെക്കുന്നതിലെ പരിമിതികൾ.

എന്തുകൊണ്ട് കേരളത്തിൽ വെർച്വൽ ഓട്ടോപ്സി?

മെഡിക്കോ-ലീഗൽ സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നു.

നീതിന്യായ വ്യവസ്ഥയിലെ സുതാര്യത വർദ്ധിപ്പിക്കുന്നു.

മരണപ്പെട്ടവരുടെ കുടുംബങ്ങളുടെ മാനസിക വിഷമം കുറയ്ക്കുന്നു.

അപ്പീലുകൾക്കും കേസ് പുനഃപരിശോധനകൾക്കുമായി സ്ഥിരമായ ഡിജിറ്റൽ തെളിവുകൾ നൽകുന്നു.

Similar News