മുലയൂട്ടുന്ന അമ്മമാരുടെ മുലപ്പാലിൽ യുറേനിയത്തിന്റെ സാന്നിധ്യം കണ്ടെത്തി

By :  Devina Das
Update: 2025-11-24 09:56 GMT

ബിഹാർ : പട്​നയിലെ മഹാവീർ കാൻസർ സൻസ്താൻ ആൻഡ് റിസർച്ച് സെന്റർ, പഞ്ചാബിലെ ജലന്ധറിലുള്ള ലവ്‌ലി പ്രൊഫഷണൽ യൂണിവേഴ്‌സിറ്റി, ഡൽഹി എയിംസ് എന്നീ സ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞന്മാരുടെ സംഘം നടത്തിയ പഠനത്തിൽ ബിഹാറിൽ മുലയൂട്ടുന്ന അമ്മമാരുടെ മുലപ്പാലിൽ യൂറേനിയത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുകയാണ് .

ബിഹാറിലെ ആറ് ജില്ലകളിൽ നിന്നുള്ള മുലപ്പാൽ സാമ്പിളുകളിലാണ് ഗണ്യമായ അളവിൽ യുറേനിയത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്.

ഭോജ്പൂർ, സമസ്തിപൂർ, ബെഗുസാരായ്, ഖഗരിയ, കതിഹാർ, നളന്ദ എന്നീ ജില്ലകളിൽ നിന്നുള്ള മുലയൂട്ടുന്ന അമ്മമാരെ കേന്ദ്രീകരിച്ചായിരുന്നു പഠനം. മുലപ്പാലിലെ യുറേനിയത്തിന്റെ സാന്നിദ്ധ്യം ശിശുക്കൾക്ക് ഗുരുതരമായ അർബുദമല്ലാത്ത ആരോഗ്യ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്നും പഠനം പറയുന്നു.

പട്നയിലെ മഹാവീർ കാൻസർ സൻസ്ഥാൻ, ന്യൂഡൽഹിയിലെ എയിംസുമായി സഹകരിച്ച് 40 അമ്മമാരുടെ മുലപ്പാൽ സാമ്പിളുകൾ വിശകലനം ചെയ്താണ് പഠനം നടത്തിയത്.

പഠനം നടത്തിയ എല്ലാ സാമ്പിളുകളിലും യുറേനിയം കണ്ടെത്തി .

ബീഹാറിലെ ഭൂരിഭാഗം ജനങ്ങളുടെയും കുടിവെള്ള, ജലസേചന സ്രോതസ്സ് ഭൂഗർഭ ജലമാണ്.ബീഹാറിലെ പല ജില്ലകളിലും ഭൂഗർഭജലത്തിലെ ഉയർന്ന യുറേനിയത്തിന്റെ അളവ് മുൻ പഠനങ്ങൾ ഇതിനകം കണ്ടെത്തിയിട്ടുണ്ട്.

സംസ്ഥാനത്തെ ഭൂഗർഭജലത്തിലെ യുറേനിയത്തിന്റെ ഉയർന്ന സാന്നിധ്യമാണ് ഇതിന് കാരണമെന്ന് കരുതപ്പെടുന്നു.യുറേനിയം ശരീരത്തിനുള്ളിൽ എത്തുന്നത് വൃക്ക തകരാറുകൾ, നാഡീ വൈകല്യങ്ങൾ, ബുദ്ധിവികാസം വൈകുന്നത് എന്നിവയ്ക്ക് കാരണമാകുമെന്നും, പിന്നീടുള്ള ജീവിതത്തിൽ കാൻസർ സാധ്യത വർദ്ധിപ്പിക്കുമെന്നും മെഡിക്കൽ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട് .

അതേസമയം നവജാത ശിശുക്കൾക്ക് രോഗപ്രതിരോധ ശേഷിക്കും ശാരീരിക വികസനത്തിനും മുലയൂട്ടൽ വളരെ ആവശ്യമായതിനാൽ വ്യക്തമായ നിർദ്ദേശം കിട്ടിയാൽ മാത്രമേ മുലയൂട്ടൽ നടത്താവൂ എന്നുള്ള നിർദേശം ഉണ്ട് .

Similar News