തിരുവനന്തപുരം കോർപ്പറേഷനിൽ ‘വർക്ക് ഫ്രം ഡൽഹി’: മേയർ ഓൺലൈനിലൂടെ ഭരണം നടത്തുന്നു!
Mayor administers online: 'Work from Delhi' in Thiruvananthapuram Corporation
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ ഭരണം ഇപ്പോൾ ഡൽഹിയിൽ നിന്നാണോ നടക്കുന്നത്? അങ്ങനെ പറയാമെന്ന് തോന്നിപ്പിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.
മേയർ വി.വി. രാജേഷിന്റെ നേതൃത്വത്തിലുള്ള ഭരണപക്ഷ കൗൺസിലർമാരുടെ സംഘം ട്രെയിനിൽ ഡൽഹിക്ക് പോയതോടെ കോർപ്പറേഷൻ ഭരണം പൂർണമായും ഓൺലൈൻ രീതിയിലായി. ദൈനംദിന പ്രവർത്തനങ്ങൾ തടസ്സപ്പെടാതിരിക്കാൻ ഓൺലൈനിലൂടെ ഭരണനിർവഹണം തുടരുകയാണെന്നാണ് മേയർ വി.വി. രാജേഷ് വ്യക്തമാക്കിയത്. ഓൺലൈനായി ഫയലുകൾ പരിശോധിച്ച് അംഗീകരിക്കുകയും ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്യുന്നുണ്ട്.
ഡൽഹിയിൽ കേന്ദ്രമന്ത്രിമാരുമായി തിരുവനന്തപുരത്തിന്റെ വികസനവുമായി ബന്ധപ്പെട്ട കൂടിക്കാഴ്ചകൾ നടത്തുകയാണ്. ഓരോ സെഷനും കഴിയുമ്പോൾ ഇവിടെനിന്നുള്ള ഓൺലൈൻ ചർച്ചകളിലൂടെ സെക്രട്ടറിയോടും സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാരോടും ഫയലുകൾ പരിശോധിച്ച് അംഗീകരിക്കുമെന്നും മേയർ പറഞ്ഞു. ലാപ്‌ടോപ്പിലൂടെ മേയറുടെ ലോഗിനിൽ പ്രവേശിച്ച് ഇവയെല്ലാം നിർവഹിക്കാമെന്നും അദ്ദേഹം വിശദീകരിച്ചു.
ആശുപത്രി ചെലവുകൾ, ജീവനക്കാരുടെയും ദിവസവേതനക്കാരുടെയും ശമ്പളം, ഇന്ധന ബിൽ തുടങ്ങിയവ ഒന്നും തടസ്സപ്പെട്ടിട്ടില്ല; എല്ലാം അപ്പോൾ തന്നെ പാസാക്കി വിടുന്നുണ്ടെന്നും രാജേഷ് കൂട്ടിച്ചേർത്തു.
എന്നാൽ, കോർപ്പറേഷനിൽ വലിയ പ്രതിസന്ധിയാണുള്ളതെന്നാണ് കോൺഗ്രസ് കൗൺസിലർ കെ.എസ്. ശബരീനാഥന്റെ ആരോപണം. വാർഡ് സഭകൾ ചേരാനുള്ള തീയതി കോർപ്പറേഷൻ തന്നെ നിശ്ചയിച്ചിട്ടും സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാർ ഇല്ലാത്തതിനാൽ ചേരാൻ കഴിഞ്ഞില്ല. ശ്മശാന ജീവനക്കാരുടെ ശമ്പളവും ഗ്യാസ് കുടിശ്ശികയും നൽകാനുണ്ട്. പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുത്ത ബിജെപി കൗൺസിലർമാർ 13-ന് തിരിച്ചെത്തുമെങ്കിലും 14-ന് രണ്ടാം ശനിയാഴ്ചയായതിനാൽ സാധാരണ പ്രവർത്തനങ്ങൾ തുടങ്ങാൻ അടുത്ത തിങ്കളാഴ്ച വരെ കാത്തിരിക്കേണ്ട അവസ്ഥയാണെന്നും പ്രതിപക്ഷം ആരോപിക്കുന്നു.
ഫയൽ സംവിധാനം പൂർണമായി ഡിജിറ്റലായിട്ടില്ലെന്ന് മുൻ മേയരും സിപിഎം കൗൺസിലറുമായ കെ. ശ്രീകുമാർ പറഞ്ഞു. കരാറുകാർക്ക് പണം നൽകുന്നത് ഉൾപ്പെടെ ദിവസവും തീരുമാനമെടുക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. നൂറുകണക്കിന് ഫയലുകളിൽ മേയറുടെ ഒപ്പ് വേണം. ഓൺലൈനിൽ ഫയൽ നോക്കുന്നുണ്ടെന്നത് അസത്യമാണെന്നും അദ്ദേഹം വിമർശിച്ചു. എന്നാൽ, കരാറുകാരുടെ ബില്ലുകൾ പാസാക്കാത്തത് ആവശ്യമായ രേഖകൾ സമർപ്പിക്കാത്തതുകൊണ്ടാണെന്ന് മേയർ രാജേഷ് പ്രതികരിച്ചു. ആ പദ്ധതികൾ മുൻ മേയർ ആര്യാ രാജേന്ദ്രന്റെ കാലത്ത് പാസാക്കിയതാണ്. രേഖകൾ കൃത്യമായി പരിശോധിക്കാതെ പണം നൽകാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഓൺലൈൻ സംവിധാനമുള്ളതിനാൽ മേയർക്ക് ഡൽഹിയിൽ ഇരുന്ന് എല്ലാ ഫയലുകളും കാണാനും അംഗീകരിക്കാനും കഴിയുമെന്ന് ആരോഗ്യവിഭാഗം സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷനും ബിജെപി കൗൺസിലറുമായ എം.ആർ. ഗോപൻ പറഞ്ഞു. ഭരണപരമായ കാര്യങ്ങൾ ഉദ്യോഗസ്ഥരാണ് നിർവഹിക്കുന്നത്. സെക്രട്ടറി ഉൾപ്പെടെ എല്ലാവരും കോർപ്പറേഷനിലുണ്ടല്ലോ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പുതുക്കിയ ബജറ്റ് പാസാക്കാൻ രണ്ടാഴ്ച മാത്രം ബാക്കിയുള്ളപ്പോൾ ഡൽഹി യാത്ര നടത്തിയത് പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ ഈ മാസം അവസാനത്തോടെ ബജറ്റ് പാസാക്കേണ്ടതുണ്ടെങ്കിലും പ്രാരംഭ പ്രവർത്തനങ്ങൾ മാത്രമേ നടന്നിട്ടുള്ളൂ. വകുപ്പ് മേധാവികളിൽ നിന്നുള്ള നിർദേശങ്ങൾ സ്വരൂപിക്കാനുള്ള നടപടികളും തുടങ്ങിയിട്ടില്ല. മുൻ ബജറ്റിലെ വകയിരുത്തൽ, ചെലവഴിച്ച തുക, സ്പിൽ ഓവർ പദ്ധതികൾ തുടങ്ങിയവ തയാറാക്കിയിട്ടില്ലെന്നും എൽഡിഎഫും യുഡിഎഫും ആരോപിക്കുന്നു.
മേയറും ഡപ്യൂട്ടി മേയറും കൗൺസിലർമാരും സ്ഥലത്തില്ലാത്തതിനാൽ കോർപ്പറേഷനിൽ അവധി മൂഡാണെന്നാണ് ജീവനക്കാരുടെ സംഘടനാ പ്രതിനിധികൾ പറയുന്നത്. ജനകീയ വിഷയങ്ങളുമായി എത്തുന്നവരുടെ എണ്ണം കുറഞ്ഞു. കെട്ടിട പെർമിറ്റ്, ജനന-മരണ-വിവാഹ സർട്ടിഫിക്കറ്റുകൾ തുടങ്ങിയവ ഓൺലൈനായി അപേക്ഷിക്കാമെങ്കിലും, സ്ത്രീ സുരക്ഷാ പെൻഷൻ പോലുള്ള സാമൂഹിക സുരക്ഷാ കാര്യങ്ങൾ ഉദ്യോഗസ്ഥർ പരിശോധിച്ച് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റിക്ക് നൽകുകയും കമ്മിറ്റി-കൗൺസിൽ പാസാക്കിയ ശേഷം മാത്രം തുടർനടപടികൾ സാധ്യമാക്കുകയും ചെയ്യുന്നു.
ഓൺലൈനിൽ അപേക്ഷിക്കാനാവാത്ത ജനകീയ പ്രശ്നങ്ങൾക്ക് ഇടപെടൽ തേടിയാണ് സാധാരണക്കാർ കോർപ്പറേഷനിലെത്തുന്നത്. പ്രദേശത്തെ തർക്കങ്ങൾ പരിഹരിക്കാൻ കൗൺസിലർമാർ ഉദ്യോഗസ്ഥരോടൊപ്പം സ്ഥലത്തെത്തി പരിശോധന നടത്തി നിർദേശങ്ങൾ നൽകാറുണ്ട്. നഗരത്തിലെ ആശുപത്രികൾ, അംഗനവാടികൾ, സ്കൂളുകൾ, റോഡുകൾ തുടങ്ങിയവയുടെ പരിപാലനവും കോർപ്പറേഷന്റെ ചുമതലയാണ്. ഇവ സംബന്ധിച്ച കാര്യങ്ങൾ മേയറും ഡപ്യൂട്ടി മേയറും പരിശോധിച്ച ശേഷമാണ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകാറുള്ളത്.