പോറ്റിയാണ് ഗോവർധന്റെയും ഭണ്ഡാരിയുടെയും പങ്ക് വെളിപ്പെടുത്തിയത്: മുൻ ദേവസ്വം ബോർഡ് അംഗങ്ങളെ ചോദ്യം ചെയ്യും
Unnikrishnan Potty’s testimony names Pankaj Bhandari and Govardhan in Sabarimala gold theft
തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ച കേസിൽ പങ്കജ് ഭണ്ഡാരിയുടെയും ഗോവർധന്റെയും പങ്ക് ചൂണ്ടിക്കാട്ടിയത് മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി.
പ്രതികളുടെ റിമാൻഡ് റിപ്പോർട്ട് പുറത്തുവന്നതോടെയാണ് ഈ വിവരം വ്യക്തമായത്. ഇരുവരിൽനിന്നും സ്വർണം കണ്ടെടുത്തിട്ടുണ്ട്. ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് സ്ഥാപനം പണിക്കൂലിയായി 150 ഗ്രാം സ്വർണം സ്വീകരിച്ചു. ഗോവർധനിൽനിന്ന് 470 ഗ്രാം സ്വർണം പിടിച്ചെടുത്തു. മുൻ ദേവസ്വം ബോർഡ് അംഗങ്ങളായ ശങ്കർ ദാസിനെയും വിജയകുമാറിനെയും അന്വേഷണസംഘം ചോദ്യം ചെയ്യാനൊരുങ്ങുന്നു.
ദ്വാരപാലക ശില്പങ്ങളിൽ സ്വർണം പൂശിയ ചെന്നൈ സ്മാർട്ട് ക്രിയേഷൻസിന്റെ സിഇഒ പങ്കജ് ഭണ്ഡാരിയെയും കവർന്ന സ്വർണം വാങ്ങിയ ബെല്ലാരി ജ്വല്ലറി ഉടമ ഗോവർധനെയും ഇന്നലെ എസ്ഐടി അറസ്റ്റ് ചെയ്തു. പ്രധാന പ്രതികളുടെ അറസ്റ്റിൽ കാലതാമസമുണ്ടായതിനെച്ചൊല്ലി ഹൈക്കോടതി എസ്ഐടിയോട് ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി ഉണ്ടായത്.
കേസിലെ പ്രധാന പ്രതി ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയിൽനിന്ന് കൊണ്ടുപോയ ദ്വാരപാലക ശില്പങ്ങളിൽനിന്ന് സ്വർണം വേർതിരിച്ചെടുത്തത് സ്മാർട്ട് ക്രിയേഷൻസിൽ വച്ചാണ്. ഈ സ്വർണം ഇടനിലക്കാരനായ കൽപേഷ് വഴി ഗോവർധന് വിൽക്കുകയായിരുന്നുവെന്നാണ് എസ്ഐടിയുടെ നിഗമനം. ഗോവർധന്റെ ബെല്ലാരിയിലെ ജ്വല്ലറിയിൽനിന്ന് 800 ഗ്രാമിലധികം സ്വർണം കണ്ടെടുത്തിരുന്നു.