ലൈംഗികാതിക്രമ ആരോപണങ്ങൾ: നിലവിൽ 4 എംഎൽഎമാർക്കെതിരെ കുറ്റപത്രം

Sexual assault allegations: Chargesheet filed against 4 sitting MLAs

Update: 2025-11-28 13:03 GMT

തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യുവതി നൽകിയ ലൈംഗിക പീഡന പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതോടെ, ഇപ്പോൾ സിറ്റിംഗ് എംഎൽഎമാരിൽ നാലുപേർ ലൈംഗികാതിക്രമ കേസുകളിൽ പ്രതികളായി മാറി.

ഇതിൽ സിപിഎമ്മിന്റെ എം. മുകേഷിനെതിരെ രണ്ട് കേസുകളിലും കോൺഗ്രസ് എംഎൽഎമാരായ എം. വിൻസെന്റ്, എൽദോസ് കുന്നപ്പിള്ളി എന്നിവർക്കെതിരെ ഒരോ കേസിലും കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.

കോവളം മണ്ഡലം എംഎൽഎയും കോൺഗ്രസ് നേതാവുമായ എം. വിൻസെന്റിനെതിരെ 2017ൽ അയൽവാസിയായ 51കാരി നൽകിയ ബലാത്സംഗ കേസിൽ നെയ്യാറ്റിൻകര കോടതിയിൽ കുറ്റപത്രം നിലവിലുണ്ട്. അന്ന് അറസ്റ്റിലായ വിൻസെന്റ് പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങി. അതേ വർഷം അവസാനത്തോടെ കുറ്റപത്രം സമർപ്പിച്ചു.

കൊല്ലം എംഎൽഎയും സിപിഎം നേതാവും നടനുമായ എം. മുകേഷിനെതിരെ രണ്ട് ലൈംഗികാതിക്രമ കേസുകളിലാണ് കുറ്റപത്രം നിലവിലുള്ളത്. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പരാമർശങ്ങളെ തുടർന്ന് രജിസ്റ്റർ ചെയ്ത കേസുകളിലാണ് ഈ വർഷം കുറ്റപത്രം സമർപ്പിച്ചത്. സിനിമാ രംഗത്ത് സജീവമായിരിക്കെ സ്ത്രീകളെ ബലാത്സംഗം ചെയ്തു എന്നതാണ് ആരോപണം. ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ പരിശോധിച്ച ശേഷമാണ് പൊലീസ് കുറ്റപത്രം നൽകിയത്.

പെരുമ്പാവൂർ എംഎൽഎയും കോൺഗ്രസ് നേതാവുമായ എൽദോസ് കുന്നപ്പിള്ളിക്കെതിരെ 2022-ൽ തിരുവനന്തപുരം സ്വദേശിനിയായ അധ്യാപിക നൽകിയ പരാതിയിലും ബലാത്സംഗ കേസിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. പലതവണ പീഡിപ്പിച്ചു, ജീവനെടുക്കാൻ ശ്രമിച്ചു എന്നീ ആരോപണങ്ങളാണ് പരാതിക്കാരി ഉന്നയിച്ചത്.

നിലവിൽ കേരള നിയമസഭയിലെ നാല് അംഗങ്ങൾ ലൈംഗികാതിക്രമ-ബലാത്സംഗ കേസുകളിൽ പ്രതിചേർക്കപ്പെട്ട് വിചാരണ നേരിടുന്ന സ്ഥിതി.

Tags:    

Similar News