ഭസ്മവും കുങ്കുമവും കലര്‍ന്ന നോട്ടുകള്‍, പ്രതിദിനം അയച്ചത് 6000 രൂപ: ശബരിമലയിലെ ദിവസവേതനക്കാര്‍ക്കെതിരെ അന്വേഷണം

Daily wages staff to be investigated for financial irregularities in Sabarimala

Update: 2026-02-09 08:06 GMT

തിരുവനന്തപുരം: ശബരിമല സന്നിധാനത്തിലെ സാമ്പത്തിക ക്രമക്കേടുകൾ സംബന്ധിച്ച അന്വേഷണം ഇപ്പോൾ ദിവസവേതന ജീവനക്കാരിലേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ്. സീസൺ അവസാനിച്ച ശേഷമാണ് ദിവസവേതനക്കാർക്കുള്ള പ്രതിഫലം നൽകുന്നതെങ്കിലും, പലരും സീസണിനിടെ തന്നെ പ്രതിദിനം പണം കൈമാറ്റം നടത്തിയതായി കണ്ടെത്തിയതാണ് അന്വേഷണത്തിന് കാരണം.

സന്നിധാനത്തിലെ രണ്ട് ബാങ്കുകളും (എസ്ബിഐ, ധനലക്ഷ്മി ബാങ്ക്) പോസ്റ്റ് ഓഫിസും വഴിയാണ് ഈ ഇടപാടുകൾ നടന്നതെന്ന് വ്യക്തമായി. ദേവസ്വം വിജിലൻസ് വിഭാഗം ഇതിന്റെ വിശദമായ പരിശോധനയ്ക്ക് തയ്യാറെടുക്കുകയാണ്.

കാണിക്ക പരിപാലനം ഉൾപ്പെടെയുള്ള വിവിധ ജോലികൾക്കായി നൂറിലധികം ദിവസവേതനക്കാർ സന്നിധാനത്ത് പ്രവർത്തിക്കുന്നുണ്ട്. ഇവരിൽ ചിലർ പോസ്റ്റ് ഓഫിസ് വഴി പ്രതിദിനം 6000 രൂപ വരെ മണി ഓർഡറോ മറ്റു മാർഗങ്ങളിലോ അയച്ചതായാണ് വിവരം. പോസ്റ്റ് ഓഫിസ് ജീവനക്കാർ നൽകിയ സൂചന പ്രകാരമാണ് വിജിലൻസ് നടപടി ആരംഭിച്ചത്. ഇത്തരം ഇടപാടുകളിൽ ഉപയോഗിച്ച നോട്ടുകളിൽ ഭസ്മവും കുങ്കുമവും പുരണ്ടിരുന്നതായി പോസ്റ്റ് ഓഫിസ് ജീവനക്കാർ വിജിലൻസിനെ അറിയിച്ചു.

ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ, സന്നിധാനത്തെ ബാങ്ക് ശാഖകളിൽ നിന്ന് വിശദാംശങ്ങൾ ശേഖരിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾ നടത്തിയവരുടെ പട്ടിക തയ്യാറാക്കിയാണ് അന്വേഷണം മുന്നോട്ടുപോകുന്നത്. ജീവനക്കാർ പലരും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പേരിലാണ് പണം കൈമാറ്റം ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. അനധികൃതമായി പണം സമ്പാദിച്ച അഞ്ച് പേരെങ്കിലും തിരിച്ചറിഞ്ഞതായി സൂചനയുണ്ട്.

Tags:    

Similar News