കഥകളിയില്‍ ഒരു മൊഞ്ചത്തി; ചരിത്രമായി സാബ്രി
Sabri Makes History as First Muslim Girl to Perform Kathakali
ബി പി ഉണ്ണിക്കൃഷ്ണ പിള്ള
കേരളത്തിന്റെ തനത് കലാരൂപമാണ് കഥകളി. പരമ്പരാഗത കലാരൂപങ്ങള്‍ പലതും അസ്തമിച്ചുപോയെങ്കിലും ഇന്നും പ്രാധാന്യത്തോടെ നിലനില്‍ക്കുന്ന കലാരൂപമാണിത്. കാലത്തിന്റെ വേലിയേറ്റത്തെ അതിജീവിക്കുവാന്‍ ഈ ശ്രേഷ്ഠ കലാരൂപത്തിന് കഴിഞ്ഞുവെന്നതാണ് അതിന്റെ പ്രസക്തി. സുന്ദരകലകളായ നൃത്തം, നൃത്യം, നാട്യം, ഗീതം, വാദ്യം തുടങ്ങിയവയുടെ സമ്മേളനമായ കഥകളിയില്‍, പാട്ട്, കൊട്ട്, വേഷം, അഭിനയംഎന്നിങ്ങനെ വിഭിന്ന ഘടകങ്ങള്‍ ഇഷ്ടപ്പെടുന്ന പ്രേക്ഷകരുണ്ട്. അവരെയെല്ലാം തൃപ്തിപ്പെടുത്തുന്ന വിധമാണ് ഈ കലാരൂപം ചിട്ടപ്പെടുത്തിയിരിക്കുന്നത്.കഥകളി, കലകളുടെ രാജാവും അതേ സമയം രാജാക്കന്മാരുടെ കലയുമായിട്ടാണ് വളര്‍ന്നുവന്നത്. ക്ഷേത്രങ്ങളുടെയും കൊട്ടാരങ്ങളുടെയും മതില്‍ക്കെട്ടുകള്‍ക്കുള്ളില്‍ ഒതുങ്ങിക്കഴിഞ്ഞിരുന്ന കഥകളിക്ക് ഇന്ന് ലോകമെമ്പാടും ആസ്വാദകരുണ്ട്.
2022 മുതലാണ് കലാമണ്ഡലത്തില്‍ പെണ്‍കുട്ടികള്‍ക്ക് കഥകളി അഭ്യസിക്കുന്നതിനുള്ള അവസരം ലഭിച്ചു തുടങ്ങിയത്. വടക്കന്‍ കളരിയുടെ മേധാവിയായിരുന്ന കലാമണ്ഡലം സൂര്യനാരായണന്‍ ആശാന്‍ ശുപാര്‍ശ ചെയ്തത് പ്രകാരം കഥകളി ആചാര്യന്‍ കലാമണ്ഡലം ഗോപി ആശാന്റെയും വൈസ് ചാന്‍സലര്‍ ആയിരുന്ന ഡോ. ടി. കെ. നാരായണന്റെയും പ്രത്യേക താല്പര്യവും ഇക്കാര്യത്തിലുണ്ടായി.
കഥകളിയിലെ വിവിധ മുഹൂര്‍ത്തങ്ങള്‍ ക്യാമറയിലൊപ്പിയെടുക്കാന്‍ പോയിരുന്ന ഫോട്ടോഗ്രാഫറായ പിതാവിനൊപ്പം കൂടി ആ കല തീരെ കുഞ്ഞായിരിക്കുമ്പോള്‍ മുതല്‍ ആസ്വദിച്ചുതുടങ്ങുകയും ചെയ്തൊരു കൊച്ചുകുട്ടിയുണ്ട് അഞ്ചലില്‍! മെല്ലെ മെല്ലെ കഥകളി ഒരാവേശമായി ആ കുട്ടിയുടെ ഹൃദയത്തിലേറി. അടക്കാനാവാത്ത ആഗ്രഹത്തോടെ കലാമണ്ഡലത്തില്‍ ചേര്‍ന്ന് കഥകളി അഭ്യസിക്കുകയും ഒടുവില്‍ 2025 ഒക്ടോബര്‍ 2-ന് രാത്രി 8 മണിക്ക് കഥകളി അരങ്ങേറ്റം നടത്തുകയും ചെയ്ത ഒരു കൊച്ചുമോള്‍ നാടിന്റെ അഭിമാനമായി മാറിയിരിക്കുന്നു. പേര് സാബ്രി.
സാബ്രി എന്നത് അറബി വാക്കാണ്. ക്ഷമ എന്നര്‍ഥം. കൊല്ലം ജില്ലയില്‍ ഇടമുളക്കല്‍ പാലമുക്ക്, മതുരപ്പ 'തേജസി'ല്‍ ഫോട്ടോഗ്രാഫറായ നിസാം അമ്മാസ്-അനീസ ദമ്പതികളുടെ മകളാണ് സാബ്രി. നിസാം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു വിവാഹ ചടങ്ങിന്റെ ഫോട്ടോയെടുക്കാന്‍ പോയപ്പോഴാണ് വധുവിന്റെ, സാബ്രി എന്ന പേര് ശ്രദ്ധിച്ചത്. അത് മനസ്സില്‍ കോറിയിട്ടു. മകള്‍ ജനിച്ചപ്പോള്‍ അവള്‍ക്ക് പുതുമയുള്ള ഒരു പേരിടണമെന്ന് ആഗ്രഹം തോന്നി. അങ്ങനെയാണ് സാബ്രി എന്ന പേര് വന്നതിന്റെ കഥ.
2010-ലാണ് സാബ്രിയുടെ ജനനം. ഒന്നു മുതല്‍ നാല് വരെ അഞ്ചല്‍ സെന്റ് ജോണ്‍സ് സെന്‍ട്രല്‍ സ്‌കൂളിലായിരുന്നു പഠനം. 2019-ലെ കോവിഡ് വ്യാപന ത്തെത്തുടര്‍ന്ന് പഠനം ഓണ്‍ലൈനിലായി. അതേത്തുടര്‍ന്ന് ടി. സി. വാങ്ങി ഇടമുളക്കല്‍ ജവാഹര്‍ സ്‌കൂളില്‍ അഞ്ചാം ക്ലാസ്സില്‍ ചേര്‍ന്നു. ഏഴ് വരെ അവിടെ പഠിച്ചു. കേരളസംസ്‌കാരം അടിസ്ഥാനമാക്കി വിവിധ വിഷയങ്ങള്‍ സംബന്ധിച്ച് ഫോട്ടോയെടുക്കുന്ന ശീലമുള്ള നിസാം, അടുത്ത പ്രദേശത്ത് എവിടെ കഥകളിയുണ്ടെങ്കിലും ക്യാമറയുമായി അവിടെയെത്തി, അണിയറയിലേയും അരങ്ങിലേയും ചിത്രങ്ങള്‍ പകര്‍ത്തുക പതിവാണ്. അങ്ങനെയുള്ള അവസരങ്ങളില്‍ സാബ്രിയും കൂടെ പോകാന്‍ നിര്‍ബന്ധം പിടിക്കും. എത്ര നിരുത്സാഹപ്പെടുത്തിയാലും സാബ്രി വഴങ്ങില്ല.
കഥകളിയുടെ തുടക്കം മുതല്‍ ഒടുക്കം വരെ സാബ്രി അത് ആസ്വദിക്കും. വെളുപ്പാന്‍ കാലത്ത് കഥകളി തീര്‍ന്ന് വീട്ടില്‍ എത്തിയാലും സാബ്രി ഉറങ്ങാന്‍ പോകുകയല്ല പതിവ്. മറിച്ച് കഥകളി വേഷക്കാര്‍ ചുട്ടി കുത്തുന്നതിന്റെയും ആടയാഭരണങ്ങള്‍ അണിയുന്നതിന്റെയും ഒക്കെ നിസാം എടുത്ത ചിത്രങ്ങള്‍ സൂക്ഷ്മതയോടെ കാണുകയും ഓരോ ചിത്രങ്ങളെപ്പറ്റിയും അറിവ് നേടാന്‍ ശ്രമിക്കുകയും ചെയ്യും. ഓരോ നിറങ്ങളുടെയും പ്രത്യേകതകളുള്‍പ്പെടെ പിതാവില്‍ നിന്ന് സാബ്രി ചോദിച്ചു മനസ്സിലാക്കും. കുഞ്ഞുന്നാളിലേ നെഞ്ചോട് ചേര്‍ത്ത് പിടിച്ച, കഥകളി ഒരഭിനിവേശമായി സാബ്രിയിലുണ്ടെന്ന് മനസ്സിലാക്കിയ പിതാവിന്റെ 'കഥകളി പഠിക്കണോ?' എന്ന ചോദ്യത്തില്‍ സാബ്രി കയറിപ്പിടിച്ചു. കഥകളി പഠിക്കണം എന്ന് മറുപടിയും നല്‍കി!
പിന്നെ ഒട്ടും അമാന്തിച്ചില്ല. നിസാം ഒരു സുഹൃത്തിനെയും കൂട്ടി കലാമണ്ഡലത്തിലെത്തി അവിടത്തെ അഡ്മിഷന്‍ സംബന്ധിച്ചുള്ള വിവിധ വിവരങ്ങള്‍ ചോദിച്ചു മനസ്സിലാക്കി. മടങ്ങിയെത്തിയ നിസാം കൊല്ലം ജില്ലയില്‍ ചടയമംഗലത്തിനടുത്ത് പോരേടം എന്ന സ്ഥലത്തുള്ള കഥകളി കലാകാരനായ ആരോമലിനെ കണ്ട് ഉപദേശം തേടി. തുടര്‍ന്ന് സാബ്രിയേയും കൂട്ടി നിസാം ആരോമല്‍ ആശാന്റെ വീട്ടിലെത്തുകയും അദ്ദേഹവുമായുള്ള സംസാരത്തില്‍ സാബ്രിക്ക് കഥകളി എന്ന കലാരൂപത്തോടുള്ള അതിയായ താല്പര്യം അദ്ദേഹത്തിന് ബോധ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് ആറു മാസത്തോളം ശനി, ഞായര്‍ ദിവസങ്ങളില്‍ ആരോമല്‍ ആശാന്റെ കീഴില്‍ കഥകളി അഭ്യസിച്ചു.
അപ്പോഴേക്കും കലാമണ്ഡലത്തില്‍ എട്ടാം ക്ലാസ്സ് പ്രവേശനത്തിനുള്ള സമയമായി. അങ്ങനെ ജവാഹര്‍ സ്‌കൂളില്‍ നിന്ന് ടി.സിയും വാങ്ങി നേരേ കലാമണ്ഡലത്തിലേക്ക്. അവിടെ സാബ്രിക്ക് എട്ടാം ക്ലാസ്സിലേക്ക് പ്രവേശനം. ഒപ്പം കഥകളി പഠനവും. ആരോമല്‍ ആശാന്റെ കീഴില്‍ നടത്തിയ കഥകളി പരിശീലനം കലാമണ്ഡലത്തിലെ പ്രവേശനപ്പരീക്ഷയും അഭിമുഖവും വിജയിക്കുന്നതില്‍ സാബ്രിക്ക് വളരെയേറെ സഹായകമായി. തെക്കന്‍ചിട്ട (കപ്ലിങ്ങാടന്‍)യാണ് അഭ്യസ നത്തിന് തെരെഞ്ഞെടുത്തത്.
മുസ്ലിം സമുദായത്തിലെ ഒരു പെണ്‍കുട്ടി കഥകളി പഠനത്തിനായി കലാമണ്ഡലത്തില്‍! അതൊരു ചരിത്രമുഹൂര്‍ത്തമായി. ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ വിഖ്യാതനായ കലാമണ്ഡലം ഗോപി ആശാന്റെ സാന്നിധ്യത്തില്‍ 'ആചാര്യസന്നിധിയില്‍' എന്ന ചടങ്ങ് നടന്നു. അന്ന് അവിടെ വച്ച് സാബ്രിക്ക് ആദ്യമായി കഥകളിമുദ്രകള്‍ പകര്‍ന്നു നല്‍കിയത് ഗോപി ആശാനാണ് എന്നത് മഹാഭാഗ്യവും!
കലാമണ്ഡലത്തിലെ ചിട്ടവട്ടങ്ങളും വീട്ടില്‍ നിന്ന് ആദ്യമായി മാറിനില്‍ക്കുന്നതിന്റെ പ്രശ്നങ്ങളും തുടക്കത്തില്‍ അല്പം ബുദ്ധിമുട്ടുണ്ടാക്കിയെങ്കിലും സാബ്രി അതൊക്കെ വളരെ പെട്ടെന്ന് തരണം ചെയ്യുകയും അവയുമായി പൊരുത്തപ്പെടുകയും ചെയ്തു. 2025 ഒക്ടോബര്‍ 02. 2023 -ല്‍ കലാമണ്ഡലത്തില്‍ എട്ടാം ക്ലാസ്സില്‍ ചേര്‍ന്ന് സ്‌കൂള്‍ പഠനവും കഥകളി പഠനവും ഒന്നിച്ച് നടത്തി വന്ന സാബ്രി, രണ്ടു വര്‍ഷത്തെ അഭ്യസനത്തിന് ശേഷം കഥകളിയില്‍ അരങ്ങേറ്റം നടത്തുന്ന ദിവസം. അന്നേ ദിവസം രാവിലെ തനിക്ക് ആദ്യ മുദ്രകള്‍ പറഞ്ഞു തന്ന ഗോപിയാശാന്റെ വീട്ടിലെത്തി ദക്ഷിണ നല്‍കി അനുഗ്രഹം വാങ്ങി. കഥകളി സംഗീതത്തിലെ അതുല്യ പ്രതിഭയായിരുന്ന ഹൈദരാലിയുടെ സഹധര്‍മ്മിണിയെ ഫോണില്‍ വിളിച്ച് അനുഗ്രഹം തേടി.
സമയം രാത്രി 8 മണി. സുമുഹൂര്‍ത്തമായി. സാബ്രിയുടെയും കുടുംബാംഗങ്ങളുടെയും അധ്യാപകരുടെയും മറ്റ് അഭ്യുദയകാംക്ഷികളുടെയും ഒരു വലിയ സ്വപ്നം യാഥാര്‍ഥ്യമാകാന്‍ പോകുന്നു. കലാമണ്ഡലത്തിലെ കൂത്തമ്പലത്തില്‍ അന്നേ ദിവസം അരങ്ങേറ്റം കുറിയ്ക്കുന്ന മറ്റ് സഹപാഠികള്‍ക്കൊപ്പം സാബ്രിയുമെത്തി. ആടയാഭരണങ്ങളും വേഷഭൂഷാദികളുമണിഞ്ഞ്. എല്ലാവരെയും മനസ്സില്‍ ധ്യാനിച്ച് സാബ്രി പുറപ്പാട് ഭാഗം അവതരിപ്പിച്ചു. ആശാന്മാരുടെ നിര്‍ദേശമനുസരിച്ച് കൃഷ്ണ വേഷമാണ് കെട്ടിയത്. ഇരുപത് മിനിറ്റ് മാത്രം നീണ്ടുനിന്ന പ്രകടനം. അത് കഴിഞ്ഞപ്പോള്‍ മാതാപിതാക്കളുടെ കണ്ണുകളില്‍ ആനന്ദാശ്രു. ഏക സഹോദരന്‍ മുഹമ്മദ് യാസീന്‍ സന്തോഷം അടക്കാന്‍ പ്രയാസപ്പെട്ടു. കളരിയിലെ ക്ലാസ്സ് ടീച്ചറായ അനില്‍കുമാറും മറ്റ് അധ്യാപകരും (ആശാന്മാര്‍) സാബ്രിയെ അഭിനന്ദിച്ചു.
ഇപ്പോള്‍ എസ്എസ്എല്‍സി വിദ്യാര്‍ത്ഥിനിയായ സാബ്രി, കലാമണ്ഡലത്തില്‍ തന്നെ തന്റെ പഠനവും കഥകളി അഭ്യസനവും തുടരാനാണ് ആഗ്രഹിക്കുന്നത്. പഠനത്തിലും സാബ്രി ഒട്ടും പിന്നിലല്ല.
കലാമണ്ഡലത്തില്‍ പ്രവേശനം നേടിയതിന്റെ അടുത്ത ദിവസം തന്നെ കഥകളിയിലെ ഭാവഗായകനായിരുന്ന ഹൈദരാലിയുടെ വീടും അദ്ദേഹത്തിന്റെ മരണ ത്തിനിടയാക്കിയ വാഹന അപകടം നടന്ന സ്ഥലവുമൊക്കെ അന്വേഷിച്ച് കണ്ടെത്തിയതും അദ്ദേഹത്തിന്റെ വിധവ അഫ്സയുടെ അനുഗ്രഹം നേടാന്‍ കഴിഞ്ഞതുംഒരു ഭാഗ്യമായി സാബ്രി കരുതുന്നു.