ശബരിമല സ്വർണക്കൊള്ള കേസ്: ‘ഞാൻ മോഷ്ടിച്ചു എന്ന ആരോപണം ആവർത്തിക്കരുത്’ – വി ഡി സതീശനോട് കടകംപള്ളി സുരേന്ദ്രൻ
Sabarimala Gold Theft: Kadakampalli Surendran send notice to VD Satheesan over his defamatory reference
തിരുവനന്തപുരം: ശബരിമല സ്വർണ മോഷണവുമായി ബന്ധപ്പെട്ട് തന്നെക്കുറിച്ച് നടത്തിയ ‘മോഷ്ടിച്ചു’ എന്ന പരാമർശം ഇനി ആവർത്തിക്കരുതെന്ന് മുൻ ദേവസ്വം മന്ത്രിയും സിപിഎം നേതാവുമായ കടകംപള്ളി സുരേന്ദ്രൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ അഭിഭാഷകനോട് ആവശ്യപ്പെട്ടു.
സതീശൻ തന്നെ സ്വർണക്കൊള്ളയിൽ ഉൾപ്പെട്ടയാളായി ചിത്രീകരിച്ചെന്ന ആരോപണത്തിൽ കടകംപള്ളി നൽകിയ മാനനഷ്ടക്കേസിന്റെ വിചാരണയ്ക്കിടെയാണ് ഈ ആവശ്യം ഉന്നയിച്ചത്.
കോടതി ഈ ആവശ്യം പരിഗണിച്ച് പ്രതിപക്ഷ നേതാവിന്റെ നിലപാട് എന്താണെന്ന് അഭിഭാഷകനോട് ചോദിച്ചു. തന്റെ കക്ഷിയോട് ആലോചിച്ചശേഷം മറുപടി അറിയിക്കാമെന്ന് സതീശനെ പ്രതിനിധീകരിക്കുന്ന അഭിഭാഷകൻ മൃദുൽ ജോൺ മാത്യു അറിയിച്ചു. തുടർന്ന് കേസ് പരിഗണന മാറ്റി ഡിസംബർ 18ലേക്ക് നിശ്ചയിച്ചു. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക നിലപാട് അന്ന് കോടതി പരിശോധിക്കും.
സതീശൻ മാപ്പ് പറയണമെന്നും ഇനി ഇത്തരം പ്രസ്താവനകൾ നടത്തില്ലെന്ന് ഉറപ്പ് നൽകണമെന്നും 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നുമുള്ള ആവശ്യങ്ങളാണ് കടകംപള്ളി ഉന്നയിച്ചിരിക്കുന്നത്. ഇതിനെതിരെ സതീശൻ തടസ്സഹർജി സമർപ്പിച്ചിട്ടുണ്ട്.
സ്വർണക്കൊള്ളയിൽ കടകംപള്ളിക്ക് പങ്കുണ്ടെന്ന് പറഞ്ഞത് നല്ലവിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണെന്നാണ് സതീശന്റെ വാദം. ഹൈക്കോടതി നടത്തിയ നിരീക്ഷണത്തിൽ ദ്വാരപാലക ശില്പത്തിലെ സ്വർണപാളികൾ സ്വാർഥതാല്പര്യത്തിനായി ആരെങ്കിലും മാറ്റിയിരിക്കാമെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ഉദ്യോഗസ്ഥ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലായിരിക്കും കോടതി ആ പരാമർശം നടത്തിയത്. 2016 മുതൽ 2021 വരെ ദേവസ്വം മന്ത്രിയായിരുന്നത് കടകംപള്ളിയാണ്. ഈ കാലഘട്ടത്തിലാണ് തിരിമറി നടന്നതെന്ന് കരുതുന്നത്. അതിനാൽ ഉദ്യോഗസ്ഥർക്കും ദേവസ്വം ബോർഡംഗങ്ങൾക്കും ഉള്ള ഉത്തരവാദിത്തം മന്ത്രി എന്ന നിലയിൽ കടകംപള്ളിക്കും ഉണ്ടെന്നാണ് സതീശന്റെ നിലപാട്.
കൂടാതെ, കേസിൽ അറസ്റ്റിലായ പ്രതിയും അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡന്റുമായിരുന്ന പത്മകുമാർ പറഞ്ഞത്, ഉണ്ണികൃഷ്ണൻ പോറ്റിയുടെ അപേക്ഷ പരിഗണിച്ചത് മന്ത്രിയുടെ ഓഫീസിൽനിന്നുള്ള നിർദേശപ്രകാരമാണെന്നാണ്. അതുകൊണ്ടുതന്നെ കടകംപള്ളിക്ക് ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുനിൽക്കാനാവില്ലെന്ന ഉറച്ച ബോധ്യത്തിലാണ് താൻ പ്രസ്താവന നടത്തിയതെന്നും വ്യക്തിപരമായി ആക്ഷേപിക്കാനോ അധിക്ഷേപിക്കാനോ ഉദ്ദേശിച്ചല്ല ആ പ്രസ്താവനയെന്നും അതിൽ ഉറച്ചുനിൽക്കുന്നുവെന്നും സതീശൻ നേരത്തേ വ്യക്തമാക്കിയിരുന്നു.