രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസ്: കൂട്ടുപ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി
Rape Case Against MLA Rahul Mamkootathil: The anticipatory bail plea hearing for Joby Joseph, co-accused in the case, has been postponed to January
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിൽ എംഎല്‍എ യുവതിയെ പീഡിപ്പിച്ച് നിര്‍ബന്ധിത ഗര്‍ഭഛിദ്രം നടത്തിയ കേസിലെ കൂട്ടുപ്രതി പത്തനംതിട്ട കോന്നി അറ്റച്ചാല്‍ സ്വദേശി ജോബി ജോസഫിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതു മൂന്നാം തവണയും മാറ്റി.
പൊലീസ് റിപ്പോർട്ട് ഹാജരാക്കാത്തതിനാലാണു വാദം പറയുന്നതു മാറ്റി വയ്ക്കേണ്ടി വരുന്നത്. അപേക്ഷയിൽ കോടതി വാദം ക്രിസ്മസ് അവധിക്കുശേഷം ജനുവരി 1ന് പരിഗണിക്കും. തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പൽ സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്.
യുവതിക്ക് ഗര്‍ഭഛിദ്രത്തിന് കഴിക്കാനുളള ഗുളിക ജോബി ജോസഫിന്റെ പക്കലാണ് രാഹുല്‍ മാങ്കൂട്ടത്തിൽ കൊടുത്തുവിട്ടതെന്നും യുവതി ഗുളിക കഴിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്താന്‍ ആ സമയം ജോബിയുടെ സാന്നിധ്യം ഉണ്ടായിരുന്നു എന്നുമാണു പ്രോസിക്യൂഷന്‍ വാദം.
എന്നാൽ യുവതി ആവശ്യപ്പെട്ട ഗുളിക ഒരു മെഡിക്കല്‍ റെപ്രസെന്റേറ്റീവില്‍ നിന്നു വാങ്ങി നല്‍കുകയായിരുന്നെന്നും ആ ഗുളിക എന്തിനുളളതാണെന്നു തനിക്ക് അറിയില്ലായിരുന്നെന്നുമാണ് ജോബിയുടെ വാദം. യുവതി തനിക്ക് അയച്ചു തന്ന ലൊക്കേഷനില്‍ ഗുളിക എത്തിക്കുക മാത്രമാണു താന്‍ ചെയ്തതെന്നും ജോബി പറയുന്നു. ഇതിന്റെ സ്‌ക്രീന്‍ ഷോട്ടും ജോബി കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.