‘മലയാളി തിരിച്ചറിയണം, ഇതല്ലേ യഥാർഥ മുന്ന? എത്ര പാലങ്ങൾ ഇങ്ങനെ നിർമിച്ചു’: പിഎം ശ്രീ വിവാദത്തിൽ ജോൺ ബ്രിട്ടാസിനുനേരെ യുഡിഎഫിന്റെ കടുത്ത വിമർശനം
PM SHRI: UDF criticises John Brittas for brokering State–Centre deal
തിരുവനന്തപുരം: രാജ്യസഭാ എംപി ജോൺ ബ്രിട്ടാസ് പാർലമെന്റിൽ ബിജെപിയെ ‘മുന്ന’ എന്ന് വിളിച്ച് ആഞ്ഞടിച്ച വാക്കുകൾ തിരിച്ചടിയായി.
പിഎം ശ്രീ സ്കൂൾ പദ്ധതിയിൽ കേരളത്തിനും കേന്ദ്രത്തിനുമിടയിൽ ഇടനിലക്കാരനായി ബ്രിട്ടാസ് പ്രവർത്തിച്ചെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ വെളിപ്പെടുത്തിയതോടെ, ആ ‘മുന്ന’ പരാമർശം തന്നെ യുഡിഎഫ് നേതാക്കൾ ബ്രിട്ടാസിനെതിരെ ഉയർത്തിക്കാട്ടി.
സിനിമയിലെ മുന്നയല്ല, ഇതാണ് യഥാർഥ മുന്ന എന്ന് യുഡിഎഫ് നേതാക്കൾ പരിഹസിച്ചു. “സിനിമയിലെ മുന്നയൊക്കെ എന്ത്, ഇതല്ലേ യഥാർഥ മുന്ന!” എന്ന് ഷിബു ബേബി ജോൺ ഫേസ്ബുക്കിൽ കുറിച്ചു.
മുസ്ലിം ലീഗ് നേതാവ് കെ.പി.എ. മജീദ് കുറിച്ചു: “മതേതര കേരളത്തെ ഒറ്റുകൊടുത്ത മുന്നയെ മലയാളി മറക്കില്ല.”എംഎസ്എഫ് സംസ്ഥാന അധ്യക്ഷൻ പി.കെ. നവാസ് കടന്നാക്രമിച്ചു: “കേരളത്തിലെ യഥാർഥ മുന്ന ജോൺ ബ്രിട്ടാസ് തന്നെ! ആർഎസ്എസ് എഴുതിക്കൊടുക്കുന്ന അക്ഷരമാലകൾ മാരാർജി ഭവനിൽനിന്ന് കേരളത്തിലെ സ്കൂളുകളിലേക്ക് ഇറക്കാൻ ബ്രിട്ടാസിനെ ആര് ഏൽപ്പിച്ചു? ആർഎസ്എസിനെതിരെ കവലയിൽ ചീറിപ്പായുന്ന എസ്എഫ്ഐ പോലും ഡൽഹിയിലെ ഈ മധ്യസ്ഥപ്പണി അറിഞ്ഞില്ല. പാർട്ടി ഏൽപ്പിച്ച ജോലി ദീൻ ദയാൽ ഉപാധ്യായ വഴി ഇരന്നുവാങ്ങലായി മാറിയോ? എത്ര പാലങ്ങൾ ഇങ്ങനെ ബ്രിട്ടാസ് പണിതു? മലയാളി ചർച്ച ചെയ്യണം. ഈ പാലം ചിലപ്പോൾ പാലത്തായി കേസിലേക്ക് നീണ്ടേക്കും.”
മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി അഡ്വ. നജ്മ തബ്ഷീഫ് കുറിച്ചു: “മുന്നമാർക്ക് എല്ലാക്കാലവും ആരുടെയെങ്കിലും കീഴിൽ ഒളിച്ചിരിക്കാൻ കഴിയില്ല. പുതിയ കാലത്തെ ഇടതുപക്ഷത്തിന്റെ പ്രോട്ടോടൈപ്പാണ് ജോൺ ബ്രിട്ടാസ്.”
വഖഫ് ഭേദഗതി ബില്ലിന്മേൽ രാജ്യസഭയിൽ നടന്ന ചർച്ചയിൽ ‘എമ്പുരാൻ’ സിനിമയിലെ ‘മുന്ന’ എന്ന കഥാപാത്രത്തെ ഉപമിച്ച് ബിജെപിയെ വിമർശിച്ചത് ബ്രിട്ടാസായിരുന്നു. “എമ്പുരാൻ സിനിമയിലെ മുന്നയെ ഈ ബിജെപി ബെഞ്ചിൽ കാണാം. ഈ മുന്നയെ മലയാളി തിരിച്ചറിയും” എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. സുരേഷ് ഗോപിയെ ചൂണ്ടിക്കാട്ടിയായിരുന്നു ആ പ്രസംഗം; ഇരുവരും തമ്മിൽ വാഗ്വാദവും നടന്നു. ഇപ്പോൾ ആ വാക്കുകൾ തന്നെ ബ്രിട്ടാസിനെതിരെ തിരിച്ചുവിട്ട് പ്രതിപക്ഷം രംഗത്തെത്തിയിരിക്കുകയാണ്.