പ്രമുഖ ചെറുകഥാകാരനും നോവലിസ്റ്റും നാടകകൃത്തുമായിരുന്ന എം. രാഘവൻ (95) അന്തരിച്ചു
Noted Malayalam writer M Raghavan passes away
മയ്യഴി: പ്രമുഖ ചെറുകഥാകാരനും നോവലിസ്റ്റും നാടകകൃത്തും എം. മുകുന്ദന്റെ മൂത്ത സഹോദരനുമായ എം. രാഘവൻ (95) അന്തരിച്ചു.
തിങ്കളാഴ്ച പുലർച്ചെ 5.30ഓടെ മയ്യഴിയിലെ ഭാരതിയാർ റോഡിലുള്ള മണിയമ്പത്ത് വീട്ടിലായിരുന്നു അന്ത്യം.
സ്‌പീക്കർ എ എൻ ഷംസീർ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു.
സംസ്കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് മാഹി മുനിസിപ്പൽ ശ്മശാനത്തിൽവച്ച് നടന്നു.
ഡൽഹിയിലെ ഫ്രഞ്ച് എംബസിയുടെ സാംസ്കാരിക വിഭാഗത്തിൽ ഉന്നത ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. മയ്യഴിയിലെ എക്കോൽ സെംത്രാൽ എ കൂർ കോംപ്ലമാംതേറിൽ നിന്ന് ബ്രവേ പരീക്ഷ പാസായ രാഘവൻ, മുംബൈയിലെ ഫ്രഞ്ച് കോൺസുലേറ്റിന്റെ സാംസ്കാരിക വിഭാഗത്തിലും ഡൽഹി എംബസിയിലും സേവനമനുഷ്ഠിച്ചു. 1983-ൽ എംബസിയുടെ സാംസ്കാരിക വിഭാഗം സെക്രട്ടറിയായി വിരമിച്ചശേഷം മയ്യഴിയിൽ സ്ഥിരതാമസമാക്കി സാഹിത്യരചനയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.
നനവ്, വധു, സെപ്തംബർ അകലെയല്ല, ഇനിയുമെത്ര കാതം (ചെറുകഥാസമാഹാരങ്ങൾ), നങ്കീസ്, അവൻ, യാത്ര പറയാതെ, ചിതറിയ ചിത്രങ്ങൾ (നോവലുകൾ), കർക്കിടകം, ചതുരംഗം (നാടകങ്ങൾ) തുടങ്ങിയവയാണ് പ്രധാന കൃതികൾ.
ഫ്രഞ്ച് ഭാഷാ പണ്ഡിതനായിരുന്ന എം. രാഘവൻ മയ്യഴി അലിയാൻസ് ഫ്രാൻസേസിന്റെ പ്രസിഡന്റായും മയ്യഴിയിലെ എഴുത്തുകാരുടെ കൂട്ടായ്മയായ യൂന്യോം ദ് അമിക്കാലിന്റെ പ്രസിഡന്റായും പ്രവർത്തിച്ചു. മലയാള കലാഗ്രാമത്തിന്റെ ആദ്യകാല പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. ഡൽഹിയിലെ മലയാളി സമാജത്തിന്റെ വാർഷികാഘോഷങ്ങൾക്കായി നിരവധി നാടകങ്ങൾ രചിച്ചു. ഭാര്യ അംബുജാക്ഷി മിക്ക നാടകങ്ങളിലും നായികാവേഷം അവതരിപ്പിച്ചു. ഇളക്കങ്ങൾ എന്ന കഥ അതേപേരിൽ ചലച്ചിത്രമായി. ഫ്രഞ്ചിൽനിന്ന് ധാരാളം ചെറുകഥകളും നാടകങ്ങളും മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.
പുതുച്ചേരി സർക്കാർ മലയാളരത്നം ബഹുമതി നൽകി ആദരിച്ചു. കേരള സാഹിത്യ അക്കാദമി പുരസ്കാരം, അബൂദാബി ശക്തി അവാർഡ്, വൈക്കം മുഹമ്മദ് ബഷീർ പുരസ്കാരം ഉൾപ്പെടെ നിരവധി ബഹുമതികൾ ലഭിച്ചിട്ടുണ്ട്. എം
എം മുകുന്ദൻ എന്ന എഴുത്തുകാരനെയും ഫ്രഞ്ച് എംബസിയിലെ ഉന്നതഉദ്യോഗസ്ഥനെയും സൃഷ്ടിക്കുന്നതിൽ ജ്യേഷ്‌ഠനായ എം രാഘവന്റെ പങ്ക് വലുതായിരുന്നു.
ഫ്രഞ്ച് ഭരണകാലത്ത് മയ്യഴിയിൽ ഹോട്ടൽ ഉടമയായിരുന്ന മണിയമ്പത്ത് കൃഷ്ണന്റെയും കൊറമ്പാത്തിയമ്മയുടെയും മൂത്തമകനാണ്. ഭാര്യ: അംബുജാക്ഷി (അമ്മു). മക്കൾ: ഡോ. പിയൂഷ് (കോയമ്പത്തൂർ), സന്തോഷ്. മരുമക്കൾ: ഡോ. മൻവീൻ (പഞ്ചാബ്), പ്രഭ (ധർമടം). സഹോദരങ്ങൾ: മണിയമ്പത്ത് ശിവദാസ് (റിട്ട. ചീഫ് എൻജിനീയർ, ഭക്രാനംഗൽ), എം. വിജയലക്ഷ്മി (ധർമടം), പരേതരായ മണിയമ്പത്ത് ബാലൻ (എൻജിനീയർ), കഥാകൃത്ത് എം. ശ്രീജയൻ (പെരിങ്ങാടി), എഴുത്തുകാരി കൗസല്യ, ദേവകി (മാഹി).