ദാദര്‍ നായര്‍ സമാജം പ്രായം 102! ഒരു നൂറ്റാണ്ട് പിന്നിട്ട മലയാളി കൂട്ടായ്മ

Mumbai Dadar Nayar Samajam

By :  Rajesh
Update: 2025-09-24 14:43 GMT


ഹണി വി.ജി.

മലയാളികളെ കുറിച്ച് കളിയും കാര്യവുമായി പറയാറുണ്ട്: ചന്ദ്രനില്‍ പോയാലും മലയാളിയുടെ ചായക്കട കാണാം! വെറുതെ പറയുന്നതല്ല ഇത്. ലോകത്തിന്റെ ഏതുകോണില്‍ പോയാലും മലയാളിയുണ്ട്. തൊഴില്‍തേടിയുള്ള മലയാളിയുടെ കുടിയേറ്റം. അതിന് നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്. കൗതുകകരമായൊരു കാര്യം, 32 രാജ്യങ്ങളില്‍ മലബാര്‍ എന്ന പേരില്‍ സ്ഥലങ്ങളുണ്ട്! കൗതുകം എന്നതിനപ്പുറം മലയാളിയുടെ കുടിയേറ്റ ചരിത്രത്തിന്റെ ആഴം വ്യക്തമാക്കുന്നുണ്ട് ഇത്.

ഏതുനാട്ടിലിരുന്നും മലയാളി, സ്വന്തം നാടിന്റെ നന്മകളെ ചേര്‍ത്തുപിടിക്കും. കൂട്ടായ്മകള്‍ രൂപപ്പെടുത്തും. അതിലൂടെ നാടിനെ അറിയും. മലയാളികള്‍ ഉളളിടത്തെല്ലാം കൂട്ടായ്മകളുമുണ്ട്. അത്തരമൊരു കൂട്ടായ്മയെ കുറിച്ചാണ് പറയുന്നത്. വേണമെങ്കില്‍ കേരളത്തിന് പുറത്തുള്ള ഏറ്റവും പഴക്കം ചെന്ന മലയാളി സംഘടന എന്നും വിശേഷിപ്പിക്കാം. കാരണം ഈ മലയാളി കൂട്ടായ്മ ഒരു നൂറ്റാണ്ട് പിന്നിടുകയാണ്. മുംബൈയിലെ ദാദര്‍ നായര്‍ സമാജം, നൂറും കടന്ന് നൂറ്റി രണ്ടാം വയസ്സിലേക്ക് കടക്കുന്നു. ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന മലയാളി സംഘടനകളിലൊന്നാണിത്.

തുടക്കം 1923-ല്‍

1923-ലാണ് നായര്‍ സമാജത്തിന് തുടക്കമിട്ടത്. ഊര്‍ജസ്വലരും കര്‍മനിരതരുമായ പത്തോളം ചെറുപ്പക്കാരായിരുന്നു സമാജത്തിന് അടിത്തറ പാകിയത്. അവരില്‍ പ്രധാനിയായിരുന്നു കോഴിക്കോട് ജില്ലയില്‍ പേരാമ്പ്ര സ്വദേശിയായിരുന്ന കുഞ്ഞപ്പ നായര്‍. 70-ലും 80-കളിലും എസ്.എസ്.എല്‍.സി.യും ടൈപ്പ്റൈറ്റിങ്ങും പാസായാല്‍ നേരെ മുംബെയ്ക്ക് വണ്ടി കയറുമായിരുന്നു മലയാളി. എന്നാല്‍, അതിനും എത്രയോ വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ദാദര്‍ നായര്‍ സമാജത്തിന്റെ ഫൗണ്ടര്‍ പ്രസിഡന്റ് കുഞ്ഞപ്പ നായര്‍ 1922-ല്‍ ബിഎ പഠനം കഴിഞ്ഞ് മുംബൈയില്‍ എത്തിയത്. അദ്ദേഹത്തിന്റെ മകന്‍ പിന്നീട് മണ്ഡലത്തില്‍ എം എല്‍ എ ആയതും ചരിത്രം.

ബോംബെയിലെ 'മദ്രാസികള്‍'

ഒന്നാം ലോകമഹായുദ്ധം അവസാനിച്ച നാളുകളില്‍ ബ്രിട്ടീഷ്-ഇന്ത്യ സാമ്പത്തിക കെണിയില്‍ നിന്ന് കരകയറാന്‍ പുതിയ വ്യവസായങ്ങള്‍ക്ക് രൂപം നല്‍കി എന്നാണ് ചരിത്രം. അങ്ങനെ പുതിയ തൊഴിലവസരങ്ങള്‍ തേടിയാണ്, 'മദ്രാസികള്‍' എന്ന വിളിപ്പേരില്‍ അറിയപ്പെട്ട തെക്കേ ഇന്ത്യക്കാര്‍, പ്രത്യേകിച്ച് മലയാളികള്‍ അന്നത്തെ 'ബോംബെ'യിലേക്ക് കുടിയേറിയത്. ഉപജീവനമാര്‍ഗ്ഗം തേടി നൂറുകണക്കിന് മലയാളി യുവാക്കളാണ് ഈ നഗരത്തിലേക്ക് എത്തിയത്. 1921-ലെ സെന്‍സസ് അനുസരിച്ച് അന്നത്തെ ബോംബെയില്‍ മാത്രം എത്തിയ മലയാളികളുടെ എണ്ണം 1,941 ആയിരുന്നു.

അയിത്ത കാലം

കുടിയേറ്റക്കാരില്‍ ഭൂരിഭാഗവും നായര്‍ സമുദായത്തില്‍ നിന്നുള്ളവരായിരുന്നു അന്ന്. താമസത്തിനും ഭക്ഷണത്തിനും അവര്‍ നന്നേ കഷ്ടപ്പെട്ടു. ബ്രിട്ടീഷ് ഭരണാധികാരികള്‍ ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനം പ്രോത്സാഹിപ്പിച്ചിരുന്ന കാലം. കൂടാതെ അയിത്തം കൊടുംമ്പിരികൊണ്ടിരുന്ന കാലവും. അക്കാലത്ത് ബ്രാഹ്‌മണസമൂഹം നടത്തിയിരുന്ന ഭക്ഷണ ശാലകളില്‍ നായര്‍ സമുദായ അംഗങ്ങള്‍ക്കോ മറ്റുള്ള സമുദായത്തില്‍ പെട്ടവര്‍ക്കോ പ്രവേശനം ഉണ്ടായിരുന്നില്ലത്രെ. അങ്ങനെയിരിക്കെയാണ് ദാദര്‍ നായര്‍ സമാജത്തിന്റെ 'കാരണവരായ' ടി. കെ. കുഞ്ഞപ്പ നായര്‍ ഒരിക്കല്‍ തന്റെ സുഹൃത്തിനൊപ്പം മാട്ടുംഗയിലെ ഒരു ഭക്ഷണ ശാലയില്‍ പോയി ഭക്ഷണം കഴിക്കുന്നത്. പക്ഷേ, ബ്രാഹ്‌മണ സമുദായത്തില്‍ പെട്ടവര്‍ നടത്തിയിരുന്ന ആ ഭക്ഷണ ശാലയില്‍ നിന്നും പൂണൂല്‍ ഇല്ലാത്തതിനാല്‍ അപമാനിതനായി ഇറങ്ങി പോകേണ്ടി വന്നു അദ്ദേഹത്തിനും സുഹൃത്തിനും. എന്നാല്‍, അന്ന് തന്നെ അദ്ദേഹത്തിന്റെ മനസ്സിലുദിച്ച ആശയമാണ് 'നായര്‍ സമാജം'. പിന്നീടത് ചരിത്രത്തിന്റെ ഭാഗമായി.

കല മുതല്‍ ആയുര്‍വേദം വരെ

തുടക്കം മുതല്‍ തന്നെ പല പ്രവര്‍ത്തനങ്ങളും സമാജം നടത്തിയിരുന്നു. 1956 മുതല്‍ കൂടുതല്‍ സജീവമായിത്തുടങ്ങി. സാമൂഹിക പ്രതിബദ്ധത ഏറ്റെടുത്ത് സമാജം കേരളത്തില്‍ നിന്നും കഥകളി, കൃഷ്ണനാട്ടം, നിഴല്‍കൂത്ത്, ഭരതനാട്യം, മോഹിനിയാട്ടം എന്നീ കലാരൂപങ്ങള്‍, പല വര്‍ഷങ്ങളിലായി ബോംബെയിലെ അരങ്ങുകളില്‍ എത്തിച്ചു. 1957-ല്‍ സമാജം സ്വന്തമായി ദാദറില്‍ ഒരു ഇരുനില കെട്ടിടം വാങ്ങി. 1964-ല്‍ മറ്റൊരു നില കൂടി പണിത് കമ്മ്യൂണിറ്റി ഹാള്‍ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. 1970-ലാണ് ഒന്നാം നിലയില്‍ നായര്‍ സമാജ് വൈദ്യ ശാല തുടങ്ങിയത്. പിന്നീട് 1994-ലാണ്

കോയമ്പത്തൂര്‍ ആര്യവൈദ്യശാലയുമായി ചേര്‍ന്ന്, ഒരു സംയുക്ത സംരംഭമായി നായര്‍ സമാജ് ആയുര്‍വേദിക് സെന്റര്‍ നിലവില്‍ വന്നത്. എല്ലാവിധ ആയുര്‍വേദ ചികിത്സകളും ഇന്ന് ഇവിടെ ലഭ്യമാണ്.

സാമൂഹിക സേവനം, ക്ലാസിക്കല്‍ കേരളകലകള്‍, സംസ്‌കാരം, സാമൂഹികക്ഷേമം, ആയുര്‍വേദ പ്രചാരണം, ദേശീയ ഏകീകരണം എന്നിവയുടെ കേന്ദ്രമായി ഇത് പിന്നീട് വളര്‍ന്നു. കലയും സംസ്‌കാരവും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കലാമണ്ഡലം ഗോപി, പിന്നണി ഗായകരായ ചിത്ര, ഉണ്ണിമേനോന്‍, മഹേന്ദ്ര കപൂര്‍, മുന്‍കാല ഹിന്ദി താരം വഹിദാ റഹ്‌മാന്‍ എന്നിവരുള്‍പ്പെടെ നിരവധി കലാകാരന്മാരെ ഉള്‍പ്പെടുത്തി പരിപാടികള്‍ നടത്തിയിട്ടുണ്ട്.

മലയാളികള്‍ക്ക് കൈത്താങ്ങ്

മുംബൈയില്‍ മലയാളികള്‍ക്ക് സാമൂഹികവും സാമ്പത്തികവുമായ പിന്തുണാ സംവി

ധാനം ഇല്ലാതിരുന്ന സമയത്ത് സംഘടനയുടെ കീഴില്‍ തൊഴിലവസര സഹായം, വിദ്യാഭ്യാസത്തിനുള്ള സാമ്പത്തിക സഹായം, വിവാഹങ്ങള്‍, വൈദ്യസഹായം എന്നിവ നല്‍കി. ഇതിലൂടെ കുടിയേറ്റക്കാരുടെ പ്രതീക്ഷയുടെ ദീപസ്തംഭമായി സമാജം ഉയര്‍ന്നുവന്നിട്ടുണ്ടെന്ന് ജനറല്‍ സെക്രട്ടറി ഉണ്ണി മേനോനും പ്രസിഡന്റ് പി.പി.സുരേഷും പറഞ്ഞു. മഹാരാഷ്ട്രയിലെ നിരവധി തലമുറകളെ പിന്തുണച്ച നായര്‍ സമാജം, മുംബൈയുടെ ഹൃദയഭാഗമായ ദാദറിലാണെന്നതും എടുത്ത് പറയേണ്ടതാണ്. പ്രമുഖരായ പ്രൊഫഷണലുകള്‍, വ്യവസായികള്‍, കലാകാരന്മാര്‍ എന്നിവര്‍ ഈ പ്രസ്ഥാനത്തിന്റെ പൂര്‍വ സാരഥികളാണ്.

''നായര്‍ സമാജവുമായുള്ള എന്റെ ബന്ധം 1983 മുതലുള്ളതാണ്. കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയില്‍, ഭാവി തേടി മുംബൈയിലെത്തിയ ഞാനുള്‍പ്പെടെ ആയിരക്കണക്കിന് യുവാക്കള്‍ക്ക് പ്രതീക്ഷയുടെയും പിന്തുണയുടെയും ഒരു ദീപസ്തംഭമായിരുന്നു സംഘടന.

ഭക്ഷണവും പാര്‍പ്പിടവും മാത്രമല്ല നല്‍കിയിരുന്നത്, സ്വന്തമാണെന്ന ഒരു ബോധവും സൃഷ്ടി ച്ചിരുന്നു. സമാജത്തില്‍ ഉണ്ടായിരുന്ന ഒരുപാട് പേര്‍ ഇന്ത്യയിലും വിദേശത്തും വ്യത്യസ്ത മേഖലകളില്‍ അവരുടേതായ മേഖലകളില്‍ കഴിവ് തെളിയിച്ചവരാണ്. നായര്‍ സമാജമെന്നത് വെറുമൊരു സംഘടനയല്ല, ഇത് വലിയൊരു കുടുംബമാണ്. രണ്ടാമത്തെ വീടു കൂടിയാണ്' ചെയര്‍മാന്‍ സച്ചിന്‍ മേനോന്‍ പറഞ്ഞു.

ചരിത്ര മുഹൂര്‍ത്തം

നൂറ്റാണ്ട് പിന്നിട്ട ദാദറിലെ നായര്‍ സമാജത്തിന്റെ ശതാബ്ദി ആഘോഷങ്ങള്‍ ഓഗസ്റ്റ് 30-ന് 3.30 മുതല്‍ മുളുണ്ടിലെ മഹാകവി കാളിദാസ് നാട്യ മന്ദിറില്‍ നടക്കുകയാണ്. വലിയൊരു ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കാന്‍ പോകുകയാണ് കാളിദാസ് നാട്യ മന്ദിര്‍.

കാലാകാലങ്ങളായി സംഘടനയ്ക്ക് നേതൃത്വം കൊടുത്ത ഭാരവാഹികള്‍ക്ക് കൂടി അഭിമാനിക്കാവുന്ന നിമിഷങ്ങളാണിത്. പലരും ഇന്ന് മണ്മറഞ്ഞു പോയെങ്കിലും ഇന്നുള്ളവര്‍ സംഘടനയെ അതിന്റെ ശോഭ ഒട്ടും കെടുത്താതെ മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്.

സന്തോഷം കണ്ടെത്താന്‍ കഴിയുന്നവര്‍ക്ക് സ്വര്‍ഗമാണീ നഗരം. എന്തൊക്കെ കുറവുകളുണ്ടെങ്കിലും മഹാനഗരത്തെ പ്രണയിച്ചവരാണ് മലയാളികളില്‍ ഭൂരിഭാഗവും.

ലോകമെങ്ങും പടര്‍ന്നുപന്തലിച്ച മലയാളി സമൂഹത്തിന്റെ അതിജീവനത്തിന്റെയും പ്രവാസത്തിന്റെയും കഥയാണ് ദാദര്‍ നായര്‍ സമാജത്തിന് പറയാനുള്ളത്. അടിച്ചമര്‍ത്തലുകള്‍, അവഗണന, കഠിനാധ്വാനത്തിന്റെയും വിയര്‍പ്പിന്റെയും ഉള്ളുപൊള്ളുന്ന ദിനങ്ങള്‍... അങ്ങനെ ജീവിതം സമ്മാനിച്ച നഗരത്തിന് നല്‍കുന്ന എളിയ ദക്ഷിണ കൂടിയാണ് നൂറാം വാര്‍ഷികാഘോഷം.

Similar News