മെക്സിക്കോ തിരുവ: അഭ്യാസം വേണ്ടെന്ന് ഇന്ത്യ; ആദ്യം സമാധാനപരമായ പരിഹാരം, ഇല്ലെങ്കിൽ അതേ നാണയത്തിൽ തിരിച്ചടി
Mexico's Tariff On India: India warns of 'appropriate measures'
ന്യൂഡൽഹി: മെക്സിക്കോ ഏകപക്ഷീയമായി ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 50% തീരുവ ചുമത്തിയ നടപടിക്കെതിരെ തിരിച്ചടി പരിഗണിക്കുകയാണ് ഇന്ത്യ.
മുൻകൂർ അറിയിപ്പോ കൂടിയാലോചനയോ ഇല്ലാതെയാണ് മെക്സിക്കോ ഈ തീരുമാനം കൈക്കൊണ്ടത്. ഇതിനെതിരെ ഇന്ത്യ ശക്തമായ പ്രതിഷേധം മെക്സിക്കോയെ ഔദ്യോഗികമായി അറിയിച്ചു.
കയറ്റുമതിക്കാർക്ക് സംരക്ഷണം ഉറപ്പാക്കുമെന്നും മെക്സിക്കോയ്ക്കെതിരെ പ്രതികാര നടപടി സ്വീകരിക്കാനുള്ള അവകാശം ഇന്ത്യയ്ക്കുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ആദ്യ ഘട്ടമായി തീരുവ പിൻവലിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെടും. ഇരു രാജ്യങ്ങൾക്കുമിടയിൽ സ്വതന്ത്ര വ്യാപാര കരാർ (FTA) ഏർപ്പെടുത്താനുള്ള നിർദേശവും മുന്നോട്ടുവെക്കും. മെക്സിക്കോ ഇതിന് തയാറാകാതിരുന്നാൽ കർശനമായ തിരിച്ചടി നൽകുമെന്ന സൂചനയും ഇന്ത്യ നൽകിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് 2026 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിൽ ഇന്ത്യയുൾപ്പെടെയുള്ള ചില ഏഷ്യൻ രാജ്യങ്ങൾക്കെതിരെ മെക്സിക്കോ 50% തീരുവ പ്രഖ്യാപിച്ചത്. ചൈന, ദക്ഷിണകൊറിയ, തായ്‌ലൻഡ്, ഇന്തോനേഷ്യ എന്നിവയാണ് മറ്റ് രാജ്യങ്ങൾ. ആഭ്യന്തര ഉൽപ്പാദനം പ്രോത്സാഹിപ്പിക്കാനാണീ നടപടിയെന്നാണ് മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോം പാർഡോയുടെ സർക്കാർ വിശദീകരണം. എന്നാൽ, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ സന്തോഷിപ്പിക്കാനുള്ള ശ്രമമാണിതെന്ന വിമർശനം ഉയരുന്നുണ്ട്.
വാഹനങ്ങൾ, വാഹന ഘടകങ്ങൾ, വസ്ത്രങ്ങൾ, പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ, സ്റ്റീൽ, മെറ്റൽ ഉൽപ്പന്നങ്ങൾ, പാദരക്ഷകൾ തുടങ്ങിയവയ്ക്കാണ് 35% മുതൽ 50% വരെ പുതിയ തീരുവ ഏർപ്പെടുത്തിയത്. മാരുതി സുസുക്കി ഉൾപ്പെടെയുള്ള ഇന്ത്യൻ വാഹന നിർമാതാക്കൾക്ക് മെക്സിക്കോ പ്രധാന വിപണിയാണ്. കാറുകളുടെ തീരുവ 20%ൽ നിന്ന് 50% ആയി ഉയരുന്നത് കയറ്റുമതിയെ ബാധിക്കും.
2024-25 സാമ്പത്തിക വർഷത്തിൽ ഇന്ത്യ മെക്സിക്കോയിലേക്ക് 570 കോടി ഡോളർ മൂല്യമുള്ള ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്തു. അതേസമയം, 290 കോടി ഡോളറിന്റെ മെക്സിക്കൻ ഉൽപ്പന്നങ്ങൾ ഇന്ത്യ ഇറക്കുമതി ചെയ്തു. വാഹനങ്ങൾക്ക് പുറമെ മരുന്നുകൾ, എഞ്ചിനീയറിംഗ് ഉൽപ്പന്നങ്ങൾ, രാസവസ്തുക്കൾ, ടെലികമ്യൂണിക്കേഷൻ ഉപകരണങ്ങൾ എന്നിവയാണ് ഇന്ത്യയുടെ പ്രധാന കയറ്റുമതി ഇനങ്ങൾ.