കാനത്തിൽ ജമീല ഇനി ഓർമ: ഔദ്യോഗിക ബഹുമതികളോടെ അത്തോളി കുനിയിൽ കടവ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്തു

Kanathil Jameela laid to rest with State honours

Update: 2025-12-02 18:09 GMT

കോഴിക്കോട്: കൊയിലാണ്ടിയുടെ പ്രിയപ്പെട്ട ജനനായികയായിരുന്ന കാനത്തിൽ ജമീല (59) ഇനി ജനഹൃദയങ്ങളിലെ ഓർമ മാത്രം. ഔദ്യോഗിക ബഹുമതികളോടെ അത്തോളി കുനിയിൽ കടവ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ ചൊവ്വാഴ്ച വൈകിട്ട് മൃതദേഹം ഖബറടക്കി. നൂറുകണക്കിന് ആളുകൾ അന്തിമോപചാരമർപ്പിക്കാൻ എത്തി.


ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം രാവിലെ സിപിഎം നേതാക്കൾ ഏറ്റുവാങ്ങിയാണ് പൊതുദർശനത്തിനായി ജില്ലാ കമ്മിറ്റി ഓഫിസിൽ എത്തിച്ചത്. രാവിലെ എട്ടു മുതൽ പത്തു മണി വരെ സിപിഎം കോഴിക്കോട് ജില്ലാ കമ്മറ്റി ഓഫിസിലും 11 മണി മുതൽ കൊയിലാണ്ടി ടൗൺഹാളിലുമായിരുന്നു പൊതു ദർശനം. നൂറുകണക്കിനു പേർ പ്രിയ നേതാവിന് അന്തിമോപചാരം അർപ്പിക്കാനായി എത്തി.


സ്പീക്കർ എ.എൻ.ഷംസീർ, മന്ത്രിമാരായ എം.ബി.രാജേഷ്, പി.എ.മുഹമ്മദ് റിയാസ്, കെ.രാജൻ, എ.കെ.ശശീന്ദ്രൻ, കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല, സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജൻ, പി.കെ.ശ്രീമതി, എളമരം കരീം, കെ.കെ.ശൈലജ, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി.മോഹനൻ, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി.വസീഫ് തുടങ്ങിയവർ ആദരാഞ്ജലികളർപ്പിച്ചു.


ഉച്ചകഴിഞ്ഞ് അത്തോളി തലക്കുളത്തൂരിലെ കൺവൻഷൻ സെന്ററിലും പൊതുദർശനത്തിനു ശേഷം തലക്കുളത്തൂരിലെ വീട്ടിലേക്കും കൊണ്ടുപോയി. ഇവിടെയും വലിയ ജനക്കൂട്ടമാണ് പ്രിയ നേതാവിന് അന്തിമോപചാരം അർപ്പിക്കാനെത്തിയത്.


തുടർന്ന് ഔദ്യോഗിക ബഹുമതികൾ നൽകിയ ശേഷം കുനിയിൽ കടവ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ മറവു ചെയ്തു.


വീട്ടമ്മയിൽ നിന്ന് പൊതു പ്രവർത്തനത്തിലേക്ക്:  

സാധാരണ വീട്ടമ്മയിൽ നിന്ന് പടിപടിയായി ഉയർന്ന് ത്രിതല പഞ്ചായത്ത് അധ്യക്ഷയായി, പിന്നീട് നിയമസഭാംഗമായി മാറിയ കൊയിലാണ്ടിയുടെ പ്രിയ നേതാവ് ഇനി ജനമനസ്സുകളിൽ നിത്യസ്മരണയായി ജീവിക്കും.


അർബുദബാധിതയായി കോഴിക്കോടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കാനത്തിൽ ജമീല ശനിയാഴ്ച രാത്രിയാണ് അന്തരിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കൊയിലാണ്ടി മണ്ഡലത്തിൽ നിന്ന് വിജയിച്ചാണ് അവർ നിയമസഭയിലെത്തിയത്. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് അവസാനകാലത്ത് പൊതുപ്രവർത്തനത്തിൽ നിന്ന് വിട്ടുനിന്നിരുന്നെങ്കിലും ആരോഗ്യം മെച്ചപ്പെട്ടപ്പോഴെല്ലാം ജനങ്ങളോടൊപ്പം ഉണ്ടായിരുന്നു.


കേരളത്തിലെ ജനകീയാസൂത്രണത്തിന്റെ ഏറ്റവും മികച്ച വനിതാ മുഖങ്ങളിലൊന്നായിരുന്നു കാനത്തിൽ ജമീല. കുറ്റ്യാടിയിൽ ജനിച്ച് തലക്കുളത്തൂരിൽ വിവാഹം കഴിഞ്ഞെത്തിയ ഒരു സാധാരണ വീട്ടമ്മയിൽ നിന്ന് 1995-ൽ തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് അംഗമായി തുടക്കം കുറിച്ചു. അതേ വർഷം തന്നെ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൂടെ തന്നെ ഉയർന്ന് പഞ്ചായത്ത്, ബ്ലോക്ക്, ജില്ലാ തലങ്ങളിൽ അധ്യക്ഷയായി. ജനകീയാസൂത്രണത്തിന്റെ കരുത്തിൽ നിയമസഭാംഗമായി മാറിയ അപൂർവ വനിതാ നേതാക്കളിൽ ഒരാളായി കാനത്തിൽ ജമീല മാറി.

Tags:    

Similar News