മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയും ലോക്സഭാ സ്പീക്കറും മുതിർന്ന കോൺഗ്രസ് നേതാവുമായ ശിവരാജ് പാട്ടീൽ (90) അന്തരിച്ചു

Former Union Home Minister and Senior Congress Leader Shivraj Patil Passes Away

Update: 2025-12-12 04:08 GMT

ലാത്തൂർ: ഇന്നു പുലർച്ചെ 6.30ഓടെ ലാത്തൂരിലെ സ്വവസതിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങൾ മൂർച്ഛിച്ചതിനെ തുടർന്ന് വീട്ടിലെ ചികിത്സയിലായിരുന്നു അദ്ദേഹം.

ഏഴു തവണ തുടർച്ചയായി ലാത്തൂർ ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് പാർലമെന്റിലെത്തിയ അപൂർവ നേതാക്കളിൽ ഒരാളായിരുന്നു ശിവരാജ് പാട്ടീൽ. 1980, 1984, 1989, 1991, 1996, 1998, 1999 വർഷങ്ങളിൽ ജയിച്ചുകയറി. 2004ൽ മാത്രം ബിജെപിയുടെ രൂപതായി പാട്ടീൽ നിലംഗേക്കറോടു തോറ്റു. എങ്കിലും അന്നത്തെ യുപിഎ സർക്കാരിൽ ആഭ്യന്തര മന്ത്രിയായി നിയമിതനായി.

2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവച്ചത് അദ്ദേഹത്തിന്റെ രാഷ്ട്രീയജീവിതത്തിലെ ഏറ്റവും വേദനാജനകമായ നിമിഷമായിരുന്നു.

1972ലും 1978ലും ലാത്തൂർ നിയമസഭാ മണ്ഡലത്തിൽനിന്നു വിജയിച്ച അദ്ദേഹം മഹാരാഷ്ട്ര നിയമസഭയിൽ ഡെപ്യൂട്ടി സ്പീക്കറും സ്പീക്കറുമായിരുന്നു. ഇന്ദിരാഗാന്ധി മന്ത്രിസഭയിൽ പ്രതിരോധ സഹമന്ത്രിയായും രാജീവ്ഗാന്ധി മന്ത്രിസഭയിൽ വ്യോമയാന–വിനോദസഞ്ചാരം, പ്രതിരോധോൽപ്പാദനം തുടങ്ങിയ വകുപ്പുകളുടെ സ്വതന്ത്ര ചുമതലയുള്ള മന്ത്രിയായും പ്രവർത്തിച്ചു. 

1991–96 കാലഘട്ടത്തിൽ ലോക്സഭാ സ്പീക്കറായിരുന്ന കാലത്ത് ചോദ്യോത്തരവേളയുടെ തത്സമയ സംപ്രേഷണവും പുതിയ പാർലമെന്റ് ലൈബ്രറി കെട്ടിട നിർമാണവും അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് പൂർത്തിയായത്.

സൗമ്യനും ഗാംഭീര്യമുള്ളതുമായ സംസാരശൈലിയും ഭരണഘടനാ മൂല്യങ്ങളോടുള്ള അചഞ്ചലമായ പ്രതിബദ്ധതയും കൊണ്ട് ശ്രദ്ധേയനായിരുന്നു പാട്ടീൽ. 2010–15 കാലയളവിൽ പഞ്ചാബ് ഗവർണറായും ചണ്ടീഗഢ് അഡ്മിനിസ്ട്രേറ്ററായും സേവനമനുഷ്ഠിച്ചു.

അദ്ദേഹത്തിന്റെ വിയോഗത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. രാഷ്ട്രീയ എതിരാളികൾ പോലും ശിവരാജ് പാട്ടീലിനോട് ആദരവ് പ്രകടിപ്പിച്ചു. 

വിടവാങ്ങിയത് അഞ്ചു പതിറ്റാണ്ടു നീണ്ട പൊതുജീവിതത്തിനൊടുവിൽ ഒരു ശാന്തശീലനായ രാഷ്ട്രീയ പ്രവർത്തകൻ.

Tags:    

Similar News