‘പോറ്റിയെ കേറ്റിയേ’ ഇതുവരെ കേട്ടിട്ടില്ല; വിവാദം മനസിലാക്കാൻ പാട്ട് കേൾക്കും: പാരഡി ഗാനത്തിൽ ദേവസ്വം ബോർഡ് പരാതി നൽകില്ലെന്ന് കെ. ജയകുമാർ
Devaswom Board will not file complaint against parody song says K Jayakumar
തിരുവനന്തപുരം: ‘പോറ്റിയേ കേറ്റിയേ’ എന്ന തിരഞ്ഞെടുപ്പ് പ്രചാരണ പാരഡി ഗാനം മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ പൊലീസ് കേസെടുത്തിട്ടും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രത്യേക പരാതി നൽകില്ല. ബോർഡിന്റെ ഭാഗത്തുനിന്ന് നേരിട്ട് പരാതി സമർപ്പിക്കാനുദ്ദേശിക്കുന്നില്ലെന്ന് പ്രസിഡന്റ് കെ. ജയകുമാർ വ്യക്തമാക്കി.
സ്വർണപ്പാളി വിവാദവുമായി ബന്ധപ്പെട്ട പാരഡി പാട്ടിനെതിരെ ബോർഡ് പരാതി നൽകില്ല. അത്തരമൊരു ആലോചനയേ മനസിൽ ഇല്ല. അയ്യപ്പന്റെ പേരിൽ വിവാദങ്ങൾ ഉണ്ടാക്കേണ്ടതില്ല. വിവാദങ്ങളിൽ പ്രതികരിക്കാനും താൽപ്പര്യമില്ല. വിവാദത്തിന് കാരണമായ പാട്ട് ഇതുവരെ കേട്ടിട്ടില്ലെങ്കിലും, ഉയർന്ന ആരോപണങ്ങൾ മനസിലാക്കാൻ പാട്ട് കേൾക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും കെ. ജയകുമാർ പറഞ്ഞു.
തിരുവാഭരണപാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രശാന്ത് കുഴിക്കാലയുടെ പരാതിയിലാണ് ഗാനരചയിതാവ് ജി.പി. കുഞ്ഞബ്ദുല്ല, ഗായകൻ ഡാനിഷ് മലപ്പുറം, റീൽസ് നിർമിച്ച സുബൈർ പന്തല്ലൂർ എന്നിവർക്കെതിരെയും സുബൈറിന്റെ സ്ഥാപനമായ സിഎംഎസ് മീഡിയയ്ക്കെതിരെയും തിരുവനന്തപുരം സൈബർ ക്രൈം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. മതവികാരം വ്രണപ്പെടുത്തൽ, സമുദായങ്ങൾക്കിടയിൽ വിദ്വേഷം വളർത്തൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
ഗാനം പ്രചരിപ്പിച്ചവർക്കെതിരെയും കേസെടുക്കുമെന്നാണ് സൂചന. കൂടുതൽ പരാതികൾ ഉയർന്നാൽ വിവിധ പൊലീസ് സ്റ്റേഷനുകളിൽ അധിക കേസുകൾ രജിസ്റ്റർ ചെയ്യാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നത്.