ഡല്‍ഹി സ്‌ഫോടനം; ഡോ. ഉമറിന്റെ സുഹൃത്തും കസ്റ്റഡിയില്‍

ഡോ ഷഹീന് ഡല്‍ഹി സ്‌ഫോടനവുമായി ബന്ധമുണ്ടെന്ന് സംശയിക്കുകയാണ് ഡല്‍ഹി പൊലീസ്. ഇന്ത്യയില്‍ ജെയ്‌ഷെ മുഹമ്മദ് വനിതാ വിങ്ങിനെ നിയന്ത്രിച്ചത് ഷഹീന്‍ ആണ്.

By :  Rajesh
Update: 2025-11-11 10:23 GMT


ന്യൂഡല്‍ഹി: ഡല്‍ഹി ചെങ്കോട്ട സ്‌ഫോടനത്തില്‍ ചാവേറായെന്ന് സംശയിക്കുന്ന ഡോക്ടര്‍ ഉമറിന്റെ സുഹൃത്ത് കസ്റ്റഡിയില്‍. പുല്‍വാമ സ്വദേശി ഡോക്ടര്‍ സജാദ് ആണ് കസ്റ്റഡിയില്‍ ആയത്. ചോദ്യം ചെയ്യാനായി ഇയാളെ കസ്റ്റഡിയിലെടുത്തതായി ജമ്മുകാശ്മീര്‍ പൊലീസ് അറിയിച്ചു. അതേസമയം, താരിഖില്‍ നിന്ന് ഉമര്‍ വാഹനം വാങ്ങിയ ദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. വാഹനം പുക പരിശോധനയ്ക്ക് എത്തിച്ചപ്പോഴുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്.



അതേസമയം, ഡോ ഷഹീന് ഡല്‍ഹി സ്‌ഫോടനവുമായി ബന്ധമുണ്ടെന്ന് സംശയിക്കുകയാണ് ഡല്‍ഹി പൊലീസ്. ഇന്ത്യയില്‍ ജെയ്‌ഷെ മുഹമ്മദ് വനിതാ വിങ്ങിനെ നിയന്ത്രിച്ചത് ഷഹീന്‍ ആണ്. ഫരീദാബാദ് കേസില്‍ പ്രതിയായ ഷഹീനെ ഇന്നലെ ലക്‌നൗവില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്. ഉമറും മുസ്മിലും ജോലി ചെയ്തിരുന്ന ഫരീദാബാദിലെ സര്‍വകലാശാലയില്‍ പരിശോധന നടന്നുവരികയാണ്. ഡോക്ടര്‍മാരും വിദ്യാര്‍ഥികളും ജീവനക്കാരും അടക്കം എട്ടു പേരെ ചോദ്യം ചെയ്യുകയാണ്.



ഡല്‍ഹി ചെങ്കോട്ട സ്‌ഫോടനത്തില്‍ പൊട്ടിത്തെറിച്ച കാറിന്റെ സഞ്ചാരം മാപ്പ് ചെയ്ത് പൊലീസ്. ഐ20 കാര്‍ ഡല്‍ഹിയിലേക്ക് കടന്നത് ഇന്നലെ രാവിലെ 8 മണിയോടെയാണെന്ന് ഡല്‍ഹി പൊലീസ് കണ്ടെത്തി. ഫരീദാബാദ് ഭാഗത്ത് നിന്ന് ബദര്‍പൂര്‍ ടോള്‍ ബൂത്തിലൂടെ ദില്ലിയിലേക്ക് കടന്ന കാര്‍ 8.30 ഓടെ ഓഖ്‌ല പെട്രോള്‍ പമ്പിലെത്തി. ഈ ഭാഗത്ത് കുറച്ചു നേരം നിന്നു. പിന്നീട് വൈകുന്നേരം വരെ ദരിയാഗഞ്ച്, കശ്മീരി ഗേറ്റ്, സുനെഹ്രി മസ്ജിദിന് സമീപം സെന്‍ട്രല്‍ ഓള്‍ഡ് ദില്ലിയിലൂടെ കറങ്ങി മൂന്നരയോടെ റെഡ് ഫോര്‍ട്ട് പാര്‍ക്കിംഗിലെത്തി. ആറരയോടെയാണ് സിസിടിവിയില്‍ പതിഞ്ഞ പാര്‍ക്കിംഗ് ഏരിയയില്‍ നിന്ന് കാര്‍ പുറത്തേക്ക് കടക്കുന്നത്. ഇതിന് പിന്നാലെയാണ് സ്‌ഫോടനം നടന്നത്.



അതേസമയം, സ്‌ഫോടനത്തില്‍ പൊട്ടിത്തെറിച്ച കാര്‍ ഓടിച്ചത് ഫരീദാബാദ് ഭീകരസംഘത്തില്‍ ഉള്‍പ്പെട്ട ഡോക്ടര്‍ ഉമര്‍ മുഹമ്മദ് ആണെന്ന് ദില്ലി പൊലീസ് വൃത്തങ്ങള്‍ പറയുന്നു. ഫരീദാബാദ് ഭീകര സംഘം പിടിയിലായതോടെ അവരുടെ കൂട്ടാളിയായ ഡോക്ടര്‍ ഉമര്‍ മുഹമ്മദ് ആസൂത്രണം ചെയ്തത് ആണ് സ്‌ഫോടനം എന്നാണ് ഇതുവരെയുള്ള നിഗമനം. ഡോക്ടര്‍ ഉമര്‍ മുഹമ്മദിന്റെ കശ്മീരിലെ വീട്ടില്‍ എത്തിയ പൊലീസ് അമ്മയെയും സഹോദരനെയും കസ്റ്റഡിയിലെടുത്തു.



ഉമറിന് ഏതെങ്കിലും ഭീകര സംഘങ്ങളുമായി ബന്ധമുള്ളതായി അറിയില്ലെന്നും വീട്ടില്‍ ശാന്ത സ്വാഭാവി ആയിരുന്നുവെന്നും സഹോദരന്റെ ഭാര്യ പറഞ്ഞു. ചെങ്കോട്ട സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരില്‍ തിരിച്ചറിഞ്ഞവരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി തുടങ്ങി. ഇതിനിടെ, സ്‌ഫോടനത്തില്‍ മുന്നറിയിപ്പുമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് രംഗത്തെത്തി. ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. ഒരു സാഹചര്യത്തിലും അവരെ വെറുതെ വിടില്ലെന്നും രാഷ്ട്രത്തിന് ഉറപ്പ് നല്‍കുകയാണെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. മരിച്ചവരുടെ കുടുംബാംഗങ്ങളോട് സുപ്രീംകോടതി അനുശോചനം അറിയിച്ചു.



ചെങ്കോട്ടയിലെ സ്‌ഫോടനം ചാവേര്‍ ആക്രമണം എന്ന് ഡല്‍ഹി പൊലീസ് വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. ഫരീദാബാദിലെ ഭീകര സംഘത്തെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ആക്രമണത്തിന് പദ്ധതി ഇട്ടതെന്നാണ് പൊലീസ് പറയുന്നത്. ചെങ്കോട്ട സ്ഫോടനത്തിന് ശേഷമുള്ള സാഹചര്യം വിലയിരുത്താന്‍ ദില്ലിയില്‍ ഉന്നത തല യോഗം ചേരുകയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലുള്ള യോഗത്തില്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി, ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടര്‍, ഡല്‍ഹി പൊലീസ് കമ്മീഷണര്‍, എന്‍ഐഎ ഡിജി എന്നിവര്‍ അടക്കം ഉന്നതര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ഔദ്യോഗിക വിശദീകരണം ഇന്ന് ഉണ്ടായേക്കും. ജമ്മു കശ്മീര്‍ ഡിജിപിയും ഓണ്‍ലൈനായി യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.




Similar News