കളമശ്ശേരി എച്ച്എംടിക്ക് സമീപം കണ്ടെത്തിയ മൃതദേഹം സൂരജ് ലാമയുടേത് ;സ്ഥിതീകരിച്ച് ഡിഎന്‍എ ഫലം
കൊച്ചി: കളമശ്ശേരി എച്ച്എംടിക്ക് സമീപം കണ്ടെത്തിയ മൃതദേഹം കുവൈത്തിൽ റസ്റ്ററന്റുകളുടെ ഉടമയായ സൂരജ് ലാമയുടേതെന്ന് സ്ഥിരീകരണം. ഡിഎൻഎ പരിശോധനയിലാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ഡിഎൻഎ പരിശോധനാ ഫലം ഉൾപ്പെട്ട റിപ്പോർട്ട് മുദ്രവച്ച കവറിൽ പൊലീസ് ഹൈക്കോടതിയിൽ സമർപ്പിച്ചു. മൃതദേഹം പിതാവിന്റേതാണെന്ന് ഡിഎൻഎ പരിശോധനയിൽ തെളിഞ്ഞതായി സൂരജ് ലാമയുടെ മകൻ സാന്റോൺ ലാമ മാധ്യമങ്ങളോട് പ്രതികരിച്ചു.കൊൽക്കത്തയിൽ വേരുകളുള്ള സൂരജ് ലാമയുടെ വർഷങ്ങളായി ബംഗളൂരുവിലാണ് താമസിച്ച് വരുന്നത്. കുവൈത്തിൽ നാല് റസ്‌റ്റോറന്റുകളുടെ ഉടമ കൂടിയാണ് സൂരജ്. സെപ്റ്റംബർ അഞ്ചിന് കുവൈത്തിൽ വെച്ച് കുഴഞ്ഞു വീണതിന് പിന്നാലെ സുരജ് ലാമയ്ക്ക് ഓർമ നഷ്ടപ്പെട്ടിരുന്നു.
ഇതിനിടെ വിസ കാലാവധി കഴിഞ്ഞതോടെ കുവൈത്തിൽനിന്ന് നാടുകടത്തുകയും ചെയ്തു. ബംഗളൂരുവിന് പകരം കൊച്ചിയിലെത്തിയ ലാമയെ പിന്നീട് കാണാതാവുകയായിരുന്നു.
കുവൈത്തിൽ നിന്ന് നാടുകടത്തപ്പെട്ട സൂരജ് ലാമ ഒക്ടോബർ 30 ന് കൊച്ചിയിലെത്തി. പിന്നാലെയാണ് കാണാതാവുകയായിരുന്നു. സൂരജ് ലാമയെ കയറ്റിവിടുന്ന കാര്യം ബന്ധുക്കളെയും അറിയിച്ചിരുന്നില്ല. സൂരജ് ലാമ കൊച്ചിയിൽ എത്തിയെന്ന തിരിച്ചറിഞ്ഞതോടെയാണ് മകൻ കേരളത്തിലെത്തിയത്. ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഹർജിയും സമർപ്പിച്ചിരുന്നു.
മകൻ നടത്തിയ അന്വേഷണത്തിൽ തൃക്കാക്കരയിൽ അവശനിലയിൽ കണ്ടെത്തിയ ലാമയെ പൊലീസ് ഇടപെട്ട് കളമശ്ശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു എന്ന് കണ്ടെത്തി. ഇവിടെ നിന്നും ഇറങ്ങിപ്പോയ സൂരജ് ലാമയെ കുറിച്ച് പിന്നീട് വിവരം ലഭിച്ചിരുന്നില്ല. ഇതിനിടെയാണ് കളമശ്ശേരി എച്ച്എംടിയ്ക്ക് സമീപത്തെ ആളൊഴിഞ്ഞ ഭാഗത്ത് പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഒരു മാസത്തോളം പഴക്കമുള്ളതിനാൽ തിരിച്ചറിയാൻ കഴിയാത്ത സാഹചര്യമായിരുന്നു.