ജാമ്യമില്ല: രാഹുൽ ഈശ്വറിനെ നാളെ വൈകീട്ട് 5 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

Defamation Case: Bail denied to Rahul Easwar; remanded to police custody for 24 hours

Update: 2025-12-03 09:15 GMT

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പീഡന പരാതി നൽകിയ യുവതിയെ സാമൂഹിക മാധ്യമങ്ങളിൽ അപമാനിച്ചുവെന്ന കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വരിനെ കോടതി നാളെ (ഡിസംബർ 4) വൈകീട്ട് 5 മണി വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.


രാഹുൽ ഈശ്വർ ജില്ലാ കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഈ ഹർജി ഡിസംബർ 6-ന് പരിഗണിക്കും.


അഡീഷണൽ സിജെഎം കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിച്ചത്. കേസിൽ ഗൂഢാലോചനയുണ്ടോ എന്ന് അന്വേഷിക്കേണ്ടതുണ്ടെന്നും രാഹുൽ ഈശ്വറിന്റെ ഓഫീസിൽ തിരച്ചിൽ നടത്തണമെന്നും പൊലീസ് ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങൾ അംഗീകരിച്ചാണ് കോടതി ഒരു ദിവസത്തെ കസ്റ്റഡി അനുവദിച്ചത്.


കഴിഞ്ഞ ദിവസം അറസ്റ്റിലായ രാഹുലിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. നിലവിൽ പൂജപ്പുര ജയിലിൽ നിരാഹാര സമരം നടത്തുകയാണ് അദ്ദേഹം.


യുവതിയെ തിരിച്ചറിയാൻ സാധിക്കുന്ന വിവരങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചുവെന്ന ആരോപണത്തിലാണ് രാഹുൽ ഈശ്വർ, കോൺഗ്രസ് നേതാവ് സന്ദീപ് വാരിയർ ഉൾപ്പെടെ ആറു പേർക്കെതിരെ കേസെടുത്തിരിക്കുന്നത്.


യുവതിയുടെ സ്വകാര്യത ലംഘിച്ച് വ്യക്തിത്വം വെളിപ്പെടുത്തൽ, സ്ത്രീത്വത്തെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ, ഇലക്ട്രോണിക് ഉപകരണങ്ങളുടെ ദുരുപയോഗം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇവയ്ക്ക് രണ്ടു വർഷം വരെ തടവ് ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പുകളുമുണ്ട്.


പ്രതിപ്പട്ടികയിൽ ഒന്നാം പ്രതി മഹിളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രഞ്ജിത പുളിക്കൻ ആണ്. രണ്ടാം പ്രതി അഭിഭാഷക ദീപ ജോസഫ്, മൂന്നാം പ്രതി അതേ പേരിലുള്ള മറ്റൊരു അക്കൗണ്ടുടമ, ആറാം പ്രതി പാലക്കാട് സ്വദേശിയായ വ്ലോഗർ എന്നിവരാണ്. കേസിൽ കൂടുതൽ പേരെ പ്രതി ചേർക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായാണ് വിവരം.

Tags:    

Similar News