ശ്രീലങ്കയെ ഞെട്ടിച്ച ദിത്വാ ചുഴലിക്കാറ്റ്
Cyclone Ditwa devastates Si Lanka
കൊളംബോ: കഴിഞ്ഞ വാരാന്ത്യം ശ്രീലങ്കയെ തകർത്തെറിഞ്ഞ ദിത്വാ ചുഴലിക്കാറ്റിൻ്റെ ആഘാതത്തിലാണ് രാജ്യം.
ശ്രീലങ്കൻ ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തമായി കണക്കാക്കപ്പെടുന്നു.
തിങ്കളാഴ്ച വരെയുള്ള കണക്കനുസരിച്ച് കുറഞ്ഞത് 355 പേർ മരിക്കുകയും നൂറുകണക്കിന് ആളുകൾ ഇപ്പോഴും കാണാതായി തുടരുകയും ചെയ്തു. കനത്ത മഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മൂലം ഒട്ടനവധി ഗ്രാമങ്ങൾ പൂർണമായും തകർന്നു. പത്ത് ലക്ഷത്തിലേറെ ജനങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റപ്പെട്ടു.
പ്രസിഡന്റ് അനുര കുമാര ദിസനായകെ രാജ്യത്തെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു. ശ്രീലങ്ക കണ്ട ഏറ്റവും വലുതും പ്രയാസകരവുമായ പ്രകൃതി ദുരന്തം എന്നാണ് അദ്ദേഹം ചുഴലിക്കാറ്റിനെ വിശേഷിപ്പിച്ചത്. എല്ലാ പൗരന്മാരോടും അന്താരാഷ്ട്ര സമൂഹത്തോടും സഹായം അഭ്യർത്ഥിച്ചു
പലയിടത്തും വെള്ളം വീടുകളുടെ മേൽക്കൂര വരെ എത്തി. 15,000-ത്തിലധികം വീടുകൾ പൂർണമായി നശിച്ചു. പതിനായിരക്കണക്കിന് കുടുംബങ്ങൾ ഇപ്പോൾ സ്കൂളുകളിലും ക്ഷേത്രങ്ങളിലും താൽക്കാലിക ക്യാമ്പുകളിലുമായി അഭയം തേടിയിരിക്കുന്നു.
റോഡുകളും പാലങ്ങളും വൈദ്യുതി ലൈനുകളും തകർന്നതിനാൽ രക്ഷാപ്രവർത്തകർക്ക് ഇപ്പോഴും പലയിടത്തും എത്തിച്ചേരാൻ കഴിയുന്നില്ല. സൈന്യവും നാവികസേനയും വ്യോമസേനയും രാപകൽ എന്നില്ലാതെ പ്രവർത്തിക്കുന്നു. ബോട്ടുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ച് മേൽക്കൂരകളിലും വെള്ളത്തിനടിയിലായ റോഡുകളിലും കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്തുന്നു.
ഇന്ത്യ വിമാനങ്ങളിലും കപ്പലുകളിലും രക്ഷാസംഘങ്ങളെ അയച്ചു. പാക്കിസ്ഥാൻ നാവികസേനയുടെ ഒരു ഹെലികോപ്റ്റർ കൊളംബോ പ്രദേശത്ത് നിരവധി ജീവനുകൾ രക്ഷിച്ചു. ഐക്യരാഷ്ട്രസഭ ഭക്ഷണം, ശുദ്ധജലം, മരുന്നുകൾ എന്നിവ ഏകോപിപ്പിക്കുന്നു; കൂടുതൽ സഹായം വൈകിയാൽ തിങ്ങിക്കിടക്കുന്ന ക്യാമ്പുകളിൽ രോഗങ്ങൾ പടർന്നേക്കുമെന്ന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
ശ്രീലങ്കയ്ക്ക് ഈ ദുരന്തം ദുഷ്‌കരമായ സമയത്താണ് വരുന്നത്. പതിനായിരക്കണക്കിന് ആളുകളുടെ മരണത്തിന് കാരണമായ 2004ലെ സുനാമിയിൽ നിന്നും, 2019ലെ ഈസ്റ്റർ ബോംബാക്രമണങ്ങളിൽ നിന്നും, കോവിഡ് -19 പ്രതിസന്ധിയിൽ നിന്നും, 2022ലെ ഗുരുതരമായ സാമ്പത്തിക തകർച്ചയിൽ നിന്നും രാജ്യം ഇപ്പോഴും കരകയറിയിട്ടില്ല. അന്ന് നിരവധി ആളുകൾക്ക് ഭക്ഷണമോ ഇന്ധനമോ വാങ്ങാൻ കഴിഞ്ഞില്ല.
രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുന്നു. വെള്ളം കയറിക്കിടക്കുന്ന പ്രദേശങ്ങളിലേക്ക് രക്ഷാപ്രവർത്തകർ എത്തുന്നതോടെ മരണസംഖ്യ ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.
വീടുകളും റോഡുകളും ജീവിതവും പുനർനിർമ്മിക്കുന്നതിന് നിരവധി മാസങ്ങളോ വർഷങ്ങളോ എടുക്കും. എങ്കിലും ശ്രീലങ്കയിലെ ജനങ്ങളും അയൽരാജ്യങ്ങളും കഴിയുന്നത്ര ജീവൻ രക്ഷിക്കാൻ ഒരുമിച്ച് പ്രവർത്തിക്കുന്നു.