സമവായമായി: കെടിയു വിസി ഡോ. സിസ തോമസ്, ഡിജിറ്റൽ സർവകലാശാലയിൽ ഡോ. സജി ഗോപിനാഥ്; ഗവർണർ-മുഖ്യമന്ത്രി തർക്കത്തിന് തിരശ്ശീല
Consensus: Dr. Sisa Thomas as KTU Vice Chancellor, Dr. Saji Gopinath at Digital University; Curtains down on Governor-Chief Minister dispute
തിരുവനന്തപുരം: ഡോ. സിസ തോമസിനെ കേരള സാങ്കേതിക സർവകലാശാല (കെടിയു) വൈസ് ചാൻസലറായി നിയമിക്കാൻ അനുവദിക്കില്ലെന്ന പിടിവാശി ഉപേക്ഷിച്ച് മുഖ്യമന്ത്രി ഒടുവിൽ ഗവർണറുമായി ധാരണയിലെത്തി.
കെടിയു വിസിയായി ഡോ. സിസ തോമസിനെയും ഡിജിറ്റൽ സർവകലാശാല വിസിയായി മുഖ്യമന്ത്രിയുടെ പ്രിയപ്പെട്ട ഡോ. സജി ഗോപിനാഥിനെയും നിയമിച്ചുകൊണ്ട് രാജ്ഭവൻ വിജ്ഞാപനമിറക്കി. കഴിഞ്ഞ മൂന്ന് വർഷത്തോളമായി ഡോ. സിസ തോമസിന്റെ നിയമനത്തിൽ ഗവർണറുമായി ഏറ്റുമുട്ടിയ സർക്കാർ അവസാനം ഗവർണറുടെ നിർദേശം അംഗീകരിക്കുകയായിരുന്നു.
റിട്ടയേഡ് ജസ്റ്റിസ് സുധാംശു ധൂലിയ അധ്യക്ഷനായ സേർച്ച് കമ്മിറ്റി പാനലിലെ പേരുകൾക്ക് മുൻഗണനാ ക്രമം നിശ്ചയിച്ച് നൽകണമെന്ന് വെള്ളിയാഴ്ച സുപ്രീം കോടതി നിർദേശിച്ചിരുന്നു. കഴിഞ്ഞ ദിവസം കമ്മിറ്റി ഓൺലൈനായി രണ്ടാമതും യോഗം ചേർന്നപ്പോഴാണ് ഗവർണറുടെയും മുഖ്യമന്ത്രിയുടെയും യോജിച്ച തീരുമാനം കമ്മിറ്റി ചെയർമാനെ അറിയിച്ചത്. ധൂലിയ കമ്മിറ്റിയുടെ റിപ്പോർട്ട് നാളെ സുപ്രീം കോടതിയിൽ സമർപ്പിക്കും.
സർക്കാരിന്റെ ക്രിസ്മസ് വിരുന്നിന് ഗവർണറെ ക്ഷണിക്കാൻ രാജ്ഭവനിലെത്തിയ മുഖ്യമന്ത്രി ഗവർണറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വിസി നിയമന വിഷയത്തിൽ അന്തിമ ധാരണയുണ്ടായത്. എന്നാൽ, മുഖ്യമന്ത്രിയുടെ അഭാവത്തിൽ മന്ത്രിമാരായ പി. രാജീവും ആർ. ബിന്ദുവും ഗവർണറുമായി ചർച്ച നടത്തിയപ്പോൾ മുഖ്യമന്ത്രിയുടെ നിലപാട് അറിയിച്ചിട്ടും ഗവർണർ വഴങ്ങിയിരുന്നില്ല. മുഖ്യമന്ത്രി നേരിട്ട് ചർച്ചയ്ക്കെത്താത്തതിൽ അസംതൃപ്തി പ്രകടിപ്പിച്ച് ഗവർണർ മന്ത്രിമാരോട് പറഞ്ഞിരുന്നു.