കോണ്‍ഗ്രസ് പരിപാടിയില്‍ ആലപിച്ചത് ബംഗ്ലാദേശ് ദേശീയഗാനം; അന്വേഷണത്തിന് ഉത്തരവിട്ട് അസം സര്‍ക്കാര്‍

തിങ്കളാഴ്ചയാണ് ശ്രീഭൂമി പട്ടണത്തിലെ കോണ്‍ഗ്രസ് ജില്ലാ ഓഫീസായ ഇന്ദിരാ ഭവനില്‍ നടന്ന കോണ്‍ഗ്രസ് സേവാദള്‍ യോഗത്തിനിടെ കോണ്‍ഗ്രസ് നേതാക്കള്‍ ബംഗ്ലാദേശിന്റെ ദേശീയ ഗാനം ആലപിച്ച് പരിപാടിക്ക് തുടക്കമിട്ടത്.

By :  Rajesh
Update: 2025-10-29 16:08 GMT


ദിസ്പുര്‍ : അസമില്‍ കോണ്‍ഗ്രസിന്റെ പരിപാടിയില്‍ ബംഗ്ലാദേശ് ദേശീയ ഗാനം ആലപിച്ച സംഭവത്തില്‍ അന്വേഷണം. അസം സര്‍ക്കാര്‍ ആണ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുള്ളത്. ബരാക് താഴ്വരയിലെ ശ്രീഭൂമിയില്‍ നടന്ന ഒരു കോണ്‍ഗ്രസ് പരിപാടിയില്‍ ആണ് ബംഗ്ലാദേശിലെ ദേശീയ ഗാനമായ അമര്‍ സോണാര്‍ ബംഗ്ല ആലപിച്ചത്.



അസം കോണ്‍ഗ്രസ് നേതാവ് ബിദു ഭൂഷണ്‍ ദാസ് ആണ് പരിപാടിയില്‍ ബംഗ്ലാദേശിന്റെ ദേശീയ ഗാനം ആലപിച്ചത്. കഴിഞ്ഞദിവസം ബംഗ്ലാദേശിന്റെ നിലവിലെ ഭരണാധികാരി മുഹമ്മദ് യൂനുസ് പാകിസ്താന്‍ പ്രധാനമന്ത്രിക്ക് നല്‍കിയ ബംഗ്ലാദേശ് ഭൂപടത്തില്‍ വടക്കുകിഴക്കന്‍ ഇന്ത്യയുടെ ചില ഭാഗങ്ങള്‍ അതിര്‍ത്തിക്കുള്ളില്‍ കാണിച്ചതിനെത്തുടര്‍ന്ന് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായിരിക്കുന്ന സമയത്താണ് അസമിലെ കോണ്‍ഗ്രസിന്റെ ഈ വിഘടനവാദപരമായ പെരുമാറ്റം ഉണ്ടായിരിക്കുന്നത്.



തിങ്കളാഴ്ചയാണ് ശ്രീഭൂമി പട്ടണത്തിലെ കോണ്‍ഗ്രസ് ജില്ലാ ഓഫീസായ ഇന്ദിരാ ഭവനില്‍ നടന്ന കോണ്‍ഗ്രസ് സേവാദള്‍ യോഗത്തിനിടെ കോണ്‍ഗ്രസ് നേതാക്കള്‍ ബംഗ്ലാദേശിന്റെ ദേശീയ ഗാനം ആലപിച്ച് പരിപാടിക്ക് തുടക്കമിട്ടത്.



ദേശീയതയ്ക്ക് നേരെയുള്ള അപമാനമാണ് അസമില്‍ നടന്നതെന്ന് ബിജെപി കുറ്റപ്പെടുത്തി. സംഭവം വിവാദമായതോടെ ബംഗാളി സംസ്‌കാരത്തെ ആഘോഷിക്കാനാണ് തങ്ങള്‍ ഈ ഗാനം ആലപിച്ചത് എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ അഭിപ്രായപ്പെടുന്നത്. ബംഗ്ലാദേശ് ദേശീയ ഗാനം ടാഗോറിന്റെ രചനയാണെന്നും അത് ആലപിക്കുന്നതില്‍ തെറ്റില്ലെന്ന് ആണ് കോണ്‍ഗ്രസ് വാദിക്കുന്നത്. ബിജെപിയാണ് ഈ സംഭവത്തെ തെറ്റായി വ്യാഖ്യാനിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് എന്നാണ് അസം കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടത്.




Similar News