രാഷ്ട്രീയം പറയുന്ന ആയിഷ ഹസീന്‍; കാര്‍ട്ടൂണിലെ പെണ്‍കരുത്ത്

Cartoonist Aysha Haseen

By :  Rajesh
Update: 2025-09-24 14:28 GMT


ഹരിദാസ് ബാലകൃഷ്ണന്‍

കാര്‍ട്ടൂണിസ്റ്റുകളുടെ ലോക ചരിത്രം പരിശോധിച്ചാലും ഇന്ത്യയുടെ ചരിത്രം പരിശോധിച്ചാലും നമുക്ക് കാണാന്‍ കഴിയുന്ന ഒരു കാര്യം, കാര്‍ട്ടൂണ്‍ രംഗത്ത് പുരുഷാധിപത്യമാണ്. കാര്‍ട്ടൂണ്‍ രംഗത്ത് ഇന്നും അധികം സ്ത്രീകള്‍ ഇന്ത്യയില്‍ കടന്നു വരുന്നില്ല. മായാ കമ്മത്തും സ്മിതാ ബാന്‍ദ്രയും കനിക മിശ്രയേയും മറന്നു കൊണ്ടല്ല ഇത് പറയുന്നത്. അവര്‍ ഇന്ത്യന്‍ കാര്‍ട്ടുണിലെ പെണ്‍കരുത്തുകള്‍ തന്നെയാണ്. ആ കരുത്തിലേക്ക് കേരളത്തില്‍ നിന്ന് ആയിഷ ഹസീന്‍ ചേരുന്നു എന്നത് മലയാളികള്‍ക്കെല്ലാം അഭിമാനമാണ്. ഇന്ത്യയിലേയും കേരളത്തിലേയും പത്രങ്ങളില്‍ സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റായി സ്ത്രീകള്‍ കടന്നുവരുന്നത് വളരെ ചുരുക്കമാണ്. അവിടെയും പുരുഷാധിപത്യം തന്നെയാണ് നിലനില്‍ക്കുന്നത്. ആകാശത്തിന്റെ അതിര്‍ത്തികള്‍ ഭേദിച്ച് സുനിത വില്യംസ് അടക്കമുള്ള സ്ത്രീകള്‍ കടന്നുവരുമ്പോഴാണ് കാര്‍ട്ടൂണ്‍ രംഗത്ത് സ്ത്രീകളുടെ ഈ അവസ്ഥ. ഗോവിന്ദപ്പിള്ളയില്‍ തുടങ്ങി ശങ്കറിലൂടെ അബുവിലൂടെ വിജയനിലൂടെ കേരളവര്‍മ്മയിലൂടെ കുട്ടിയിലൂടെ സാമുവേലിലൂടെ രജീന്ദ്രപുരിയിലൂടെ വളര്‍ന്നു വന്ന ഇന്ത്യന്‍ കാര്‍ട്ടൂണിന്റെ തലസ്ഥാനമാണ് കേരളം.

പുരുഷന്മാരേക്കാള്‍ നര്‍മ്മവും ഭാവനയും സ്ത്രീകള്‍ക്ക് കൂടുതലാണെന്നാണ് ഈ ലേഖകന്റെ അഭിപ്രായം. എന്നിട്ടും എന്തുകൊണ്ടാണ് കാര്‍ട്ടൂണ്‍ രംഗത്ത് സ്ത്രീകള്‍ കടന്നുവരാത്തത്. അത് പരിശോധിക്കപ്പെടേണ്ടതാണ്. പൊതുവേ രാഷ്ട്രീയത്തോടുള്ള സ്ത്രീകളുടെ ആഭിമുഖ്യം ഇല്ലായ്മയാണ് ഒരു കാരണമെന്ന് പറയപ്പെടുന്നു. അതുകൊണ്ടുതന്നെ, ഏറെപ്പേരും ചിത്രകാരികളായി ഒതുങ്ങുകയാണ് ചെയ്യുന്നത്. അതിനൊരു അപവാദമാണ് ആയിഷ ഹസീന്‍.

കോഴിക്കോട് ജില്ലയിലെ അഴിയൂരില്‍ പരേതനായ മായന്റെയും നഫീസയുടേയും മകളായി ജനിച്ച ആയിഷ ഹസീന്‍ സ്‌കൂള്‍ കാലം തൊട്ടു തന്നെ ചിത്രകലയിലും കാര്‍ട്ടൂണിലും ആകര്‍ഷകയായി. മാഹിയിലും തലശ്ശേരിയിലുമായി സ്‌കൂള്‍, കോളേജ് വിദ്യാഭ്യാസം കഴിഞ്ഞ ആയിഷ, വിവാഹശേഷം ഭര്‍ത്താവിനോടൊപ്പം ഷാര്‍ജയില്‍ പോകുകയും സ്‌കൂള്‍ ടീച്ചറായി ജോലി നോക്കുകയും ചെയ്തു. അപ്പോഴും കാര്‍ട്ടൂണിനോടും ചിത്രകലയോടുമുള്ള ഇഷ്ടം കൂടെ കൊണ്ടുനടന്നു.

ഏതൊരു പുരുഷ കാര്‍ട്ടൂണിസ്റ്റിനോടൊപ്പവും നില്‍ക്കാനുള്ള കരുത്തും ഭാവനയും ആഴത്തിലുള്ള നര്‍മ്മവും ആയിഷ ഹസീന് ഉണ്ട്. അത് അവരുടെ കാര്‍ട്ടൂണുകള്‍ തെളിയിക്കുന്നുമുണ്ട്. ലോക സ്വാതന്ത്ര്യ സൂചികയില്‍ 151-ാം സ്ഥാനമുള്ള ഇന്ത്യയിലിരുന്ന് കാര്‍ട്ടൂണ്‍ വരക്കുന്നതിന് പരിമിതികള്‍ ഉണ്ട്. പക്ഷേ തന്റെ മനസ്സിലുള്ള ആശയങ്ങള്‍ അനീതിക്കെതിരെ നിര്‍ഭയമായി വരക്കാനാണ് ആയിഷ ഇഷ്ടപ്പെടുന്നത്. പലപ്പോഴും അതിന് കുടുംബത്തിനകത്തും പുറത്തും വലിയ വില കൊടുക്കേണ്ടിയും വന്നിട്ടുണ്ട്. മായാ കമ്മത്തും സ്മിതാ ബാന്‍ദ്രയും കനിക മിശ്രയും അടക്കമുള്ള കാര്‍ട്ടൂണിസ്റ്റുകളുടെ നിരയിലേക്ക് ഉയര്‍ന്ന ആയിഷയെ മലയാള മാധ്യമങ്ങള്‍ വേണ്ടത്ര പരിഗണിച്ചിട്ടുണ്ടോ എന്ന് സംശയമാണ്. പക്ഷേ കേരള കാര്‍ട്ടൂണ്‍ അക്കാഡമി അവരെ പരിഗണിക്കുകയും പിന്തുണക്കുകയും ചെയ്തിട്ടുണ്ട്. കേരള കാര്‍ട്ടൂണ്‍ അക്കാഡമി നടത്തിയ എ.ഐ ക്യാമ്പില്‍ വച്ചാണ് ആയിഷയെ പരിചയപ്പെടുന്നതും ആ പരിചയമാണ് ഇന്ത്യന്‍ കാര്‍ട്ടൂണിലെ പെണ്‍കരുത്തായ ആയിഷയെകുറിച്ച് എഴുതാന്‍ പ്രേരിപ്പിച്ചതും.

ആയിഷയുടെ കാര്‍ട്ടൂണുകളില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ആഴത്തിലുള്ള നിരീക്ഷണങ്ങള്‍ വിഷയമാകുന്നുണ്ട്. മനോഹരമായ വരയിലൂടെ കുറിക്കുകൊള്ളുന്ന നര്‍മ്മത്തിലൂടെ കറുത്ത ഹാസ്യം സൃഷ്ടിക്കാന്‍ ഒരു പ്രത്യേക കഴിവ് ആയിഷക്കുണ്ട്. ഇന്ത്യന്‍ രാഷ്ട്രീയത്തിലേയും ലോക രാഷ്ട്രീയത്തിലേയും സംഭവ വികാസങ്ങള്‍ അവരുടെ കാര്‍ട്ടൂണുകള്‍ക്ക് വിഷയമായി തീരുന്നു.

ഭരണകൂടത്തിന്റെ ബുള്‍ഡോസര്‍ രാജിനെതിരെ ആയിഷ വരച്ച കാര്‍ട്ടൂണ്‍ ശ്രദ്ധേയമാണ്. നീതി ദേവതയുടെ പുറത്തു കൂടി ജെ.സി.ബി കയറ്റിയിറക്കുന്നതാണ് കാര്‍ട്ടൂണ്‍. നീതിദേവതയുടെ വാളും ത്രാസുമെല്ലാം രണ്ടു സൈഡിലേക്കും ചിതറി കിടക്കുന്നു. നിരാലംബയായി വീണു കിടക്കുന്നു നീതി ദേവത. 2022-ലാണ് ഈ കാര്‍ട്ടൂണ്‍ ആയിഷ വരച്ചത്. ഭരണകൂടങ്ങള്‍ പലപ്പോഴും നീതിന്യായ സംവിധാനങ്ങളെ നോക്കുകുത്തിയാക്കുന്ന കാഴ്ച നമുക്ക് സുപരിചിതമാണ്. സഞ്ജയ് ഗാന്ധിയാണ് ബുള്‍ഡോസര്‍ രാജിന് തുടക്കം കുറിച്ചതെന്ന് നമുക്കറിയാം. ഇന്ന് ഇന്ത്യ ഭരിക്കുന്നവര്‍ അത് ഏറ്റെടുത്ത് മുന്നോട്ടു പോകുന്നു.

രാഷ്ട്രീയത്തിലെ കറുത്ത ഹാസ്യം അടയാളപ്പെടുത്തിയ അവരുടെ കാര്‍ട്ടൂണുകള്‍ ജനാധിപ്യത്തിലെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടുന്നുണ്ട്. കോണ്‍ഗ്രസ്സില്‍ നിന്നും ബിജെ.പിയിലേക്ക് പോയ ടോം വടക്കന്റെ ഒരു കാര്‍ട്ടൂണ്‍ രസകരമാണ്. ടിവി സെറ്റില്‍ നിന്നും ഇറങ്ങി വന്ന് പണത്തിന് കൈനീട്ടുന്ന ടോം വടക്കന്‍ രാഷ്ട്രീയത്തിന്റെ ജീര്‍ണ്ണത തുറന്നുകാട്ടുന്നു.

ഗാന്ധിജിയുടെ കൈ പിടിച്ചു കൊണ്ട് മേഘങ്ങളുടെ മുകളില്‍ നില്‍ക്കുന്ന ഗൗരി ലങ്കേഷ്! ഏറെ ശ്രദ്ധേയമാണ് ഈ കാര്‍ട്ടൂണ്‍. ഗൗരി ലങ്കേഷിന്റെ ഇടതു കൈയില്‍ പേന പിടിച്ചിരിക്കുന്നു. ഗാന്ധിജി അവരെ സ്വാഗതം ചെയ്യുകയാണ്. Welcome Betti, to the league of Anti-Nationals- ഗാന്ധിജിയും ഗൗരി ലങ്കേഷും ഹിന്ദുമതതീവ്രവാദികളുടെ വെടിയേറ്റാണ് മരിച്ചതെന്നും ഈ കാര്‍ട്ടൂണ്‍ ഓര്‍മ്മിപ്പിക്കുന്നു.

എംഎല്‍എമാരെ രാഷ്ട്രീയക്കാര്‍ പണം കൊടുത്ത് ചാക്കിട്ട് പിടിക്കുന്നതിനെ കളിയാക്കിക്കൊണ്ട് ആയിഷ വരച്ച കാര്‍ട്ടൂണ്‍ ജനാധിപത്യത്തിന്റെ പണവാഴ്ചയെ തുറന്നുകാണിക്കുന്നു. സ്റ്റാച്യു ഒഫ് യൂണിറ്റി എന്ന പട്ടേലിന്റെ പ്രതിമയില്‍ ഹാരാര്‍പ്പണം നടത്താന്‍ വിമാനത്തില്‍ പോകുന്ന മോഡി! ഈ കാര്‍ട്ടൂണും ശക്തമാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പ്രശസ്തമായ ഒരു മുദ്രാവാക്യമാണ് ജയ് ജവാന്‍, ജയ് കിസാന്‍. പക്ഷേ നരേന്ദ്രമോദി അതിനെ ജയ് കിസാന്‍ എന്നു പറയുമ്പോള്‍ പാവം കര്‍ഷകര്‍ പേടിച്ചു വിറക്കുന്നതാണ് ആയിഷ വരച്ച ഒരു കാര്‍ട്ടൂണ്‍. കാരണം കര്‍ഷകസ്നേഹം മോഡിക്ക് തോന്നുന്നത് ഇലക്ഷന്‍ ആകുമ്പോഴാണ്! മറ്റൊരു കാര്‍ട്ടൂണില്‍ ഖാദി ബോര്‍ഡില്‍ നിന്നും ഇറങ്ങിപ്പോകുന്ന ഗാന്ധിയോട് അധികൃതര്‍ പറയുന്നത് 'Get a make over sir you are out of fashion.-! എന്നാണ്. തുടര്‍ന്ന് കോണ്‍ട്രാക്ട് ക്യാന്‍സല്‍ഡ് എന്ന് പറയുന്നു.

ലോക പോലീസായ ട്രംപിനെ കുറിച്ചുള്ള കാര്‍ട്ടൂണ്‍ രസകരമാണ്. ട്രംപിന് രണ്ടു കൊമ്പുകള്‍ ആയിഷ വരച്ചു ചേര്‍ത്തിട്ടുണ്ട്. റൂള്‍ ഓഫ് ലോയും കോണ്‍സ്റ്റിറ്റിയൂഷനും ഡെമോക്രസിയും സ്റ്റാച്യൂ ഒഫ് ലിബര്‍ട്ടിയുമെല്ലാം ട്രംപിന്റെ ചുറ്റും ചിതറി കിടക്കുന്നു. താഴെ എഴുതുന്നത് ഇങ്ങനെയാണ്. 'Make America great again'

മറ്റൊരു കാര്‍ട്ടൂണില്‍ ഒരു ഫലിതം മനോഹരമായ വരകളിലൂടെ ആയിഷ വരച്ചുചേര്‍ക്കുന്നു. രണ്ടു മനുഷ്യര്‍ കൂടിയാലോചന നടത്തുന്നു. അടിയില്‍ എഴുതിയിട്ടുണ്ട്. 'As an emergency step, we need to hire maniputators'!

ആയിഷ ഹസീന്‍ വെറുമൊരു പേരല്ല, ഇന്ത്യന്‍ കാര്‍ട്ടൂണിലെ സമാനതകളില്ലാത്ത പെണ്‍കരുത്താണ്. ഈ കരുത്തിന് വലിയ പിന്തുണയാണ് മക്കളായ ഇഷാനും ഐറ സാറയും നല്‍കുന്നത്. ദേശീയ നിലവാരത്തിലുള്ള അവരുടെ കാര്‍ട്ടൂണ്‍ ഒരുപാട് ഉയരങ്ങളിലേക്ക് എത്തുമെന്നാണ് പ്രത്യാശ!


Similar News