പാലക്കാട്ട് നിന്ന് തട്ടിക്കൊണ്ടുപോയ വ്യവസായിയെ രക്ഷപ്പെടുത്തി

Businessman abducted from Palakkad rescued

Update: 2025-12-07 10:28 GMT

പാലക്കാട്: മുഖംമൂടി ധരിച്ച സംഘം തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയ പ്രവാസി വ്യവസായിയെ പോലീസ് കണ്ടെത്തി.

മലപ്പുറം കാളികാവ് പൂങ്ങോട് സ്വദേശി വലിയപീടിയേക്കൽ മുഹമ്മദലി (ആലുങ്ങൽ മുഹമ്മദലി-68) എന്നയാളെയാണ് ചെർപ്പുളശ്ശേരിക്ക് സമീപം കോതകുറിശിയിലെ കുണ്ടടി ജുമാ മസ്ജിദിന് അടുത്തുള്ള ഒരു വീട്ടിൽ നിന്ന് രക്ഷപ്പെടുത്തിയത്.

അക്രമികൾ ഇയാളെ ആ വീട്ടിൽ തടവിലിട്ടിരുന്നു. അവർ ഉറങ്ങിയ സമയം മുഹമ്മദലി അവിടെ നിന്ന് ഇറങ്ങിയോടി, നാട്ടുകാരുടെ സഹായത്തോടെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ ഇടപെട്ട് ഇദ്ദേഹത്തെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബിസിനസ് ഇടപാടുകളിലുണ്ടായ വൈരാഗ്യമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് മുഹമ്മദലി പോലീസിനോട് പറഞ്ഞു.

സംഭവത്തിൽ ചാലിശ്ശേരി പോലീസിന്റെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുന്നു. ഷൊർണൂർ ഡിവൈഎസ്പിയുടെ മേൽനോട്ടത്തിൽ ഏഴ് പ്രത്യേക സംഘങ്ങൾ തിരച്ചിൽ നടത്തിയിരുന്നു. തൃശൂർ റേഞ്ച് ഐജിയും പാലക്കാട് ജില്ലാ പോലീസ് മേധാവിയും അന്വേഷണത്തിന് മേൽനോട്ടം വഹിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പോലീസ് ശേഖരിച്ചിട്ടുണ്ട്. പ്രതികളെ പിടികൂടാനുള്ള ശ്രമം ഊർജിതമായി തുടരുകയാണ്.

Tags:    

Similar News