സിഡ്നി ബോണ്ടി ബീച്ച് വെടിവയ്പ്പ്: ആക്രമികളിൽ ഒരാൾ ഹൈദരാബാദ് സ്വദേശി; സ്റ്റുഡൻ്റ് വീസയിൽ ഓസ്‌ട്രേലിയയിലെത്തി
Bondi Beach Shooting: One of the attackers a Hyderabad native
സിഡ്നി: ഓസ്‌ട്രേലിയയിലെ സിഡ്നിയിലെ പ്രശസ്തമായ ബോണ്ടി ബീച്ചിൽ ജൂതരുടെ ഹനൂക്ക ആഘോഷത്തിനിടെ നടന്ന ഭീകരാക്രമണത്തിനു പിന്നിൽ പ്രവർത്തിച്ച തോക്കുധാരികളിൽ ഒരാളായ സാജിദ് അക്രം ഹൈദരാബാദ് സ്വദേശിയാണ്.
സാജിദ് അക്രവും (50) മകൻ നവീദ് അക്രവും (24) ചേർന്നാണ് ആക്രമണം നടത്തിയത്. 27 വർഷം മുമ്പ് സ്റ്റുഡൻ്റ് വീസയിൽ ഹൈദരാബാദിൽനിന്ന് ഓസ്‌ട്രേലിയയിലേക്ക് എത്തിയതാണ് സാജിദ് അക്രം. ഹൈദരാബാദിൽ ബി.കോം ബിരുദം നേടിയ ശേഷം 1998 നവംബറിലാണ് അദ്ദേഹം ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയത്. പിന്നീട് യൂറോപ്യൻ വംശജയായ വെനേര ഗ്രോസോയെ വിവാഹം ചെയ്ത് ഓസ്‌ട്രേലിയയിൽ സ്ഥിരതാമസമാക്കി. ദമ്പതികൾക്ക് രണ്ട് മക്കൾ ജനിച്ചു.
സാജിദ് അക്രത്തിന് ഇപ്പോഴും ഇന്ത്യൻ പാസ്പോർട്ടുണ്ട്. മകൻ നവീദ് അക്രവും മകളും ഓസ്‌ട്രേലിയയിൽ ജനിച്ച് ഓസ്‌ട്രേലിയൻ പൗരത്വമുള്ളവരാണ്.
ഇന്ത്യയിലെ ബന്ധുക്കളിൽനിന്നുള്ള വിവരങ്ങൾ പ്രകാരം, കഴിഞ്ഞ 27 വർഷമായി ഹൈദരാബാദിലെ കുടുംബവുമായി സാജിദിന് വളരെ പരിമിതമായ ബന്ധം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയ ശേഷം ആറ് തവണ മാത്രമാണ് ഇന്ത്യ സന്ദർശിച്ചത് – സ്വത്ത് കാര്യങ്ങൾ, പ്രായമായ മാതാപിതാക്കളെ കാണൽ തുടങ്ങിയ കുടുംബസംബന്ധമായ ആവശ്യങ്ങൾക്കായി. പിതാവിന്റെ മരണവേളയിൽ പോലും അദ്ദേഹം ഇന്ത്യയിലെത്തിയിരുന്നില്ല.
ഓസ്‌ട്രേലിയയിലേക്ക് പോകുന്നതിന് മുമ്പ് സാജിദിന്റെ പേരിൽ യാതൊരു ക്രിമിനൽ കേസുകളോ സംശയാസ്പദമായ പ്രവർത്തനങ്ങളോ ഇല്ലായിരുന്നുവെന്നാണ് തെലങ്കാന പൊലീസിന്റെ വിവരം. അദ്ദേഹത്തിന്റെ തീവ്രവാദ ചിന്താഗതിയെക്കുറിച്ച് ഒന്നും അറിയില്ലെന്നും ബന്ധുക്കൾ പറയുന്നു.
ബോണ്ടി ബീച്ചിൽ ഹനൂക്ക ആഘോഷത്തിനെത്തിയവരെ ലക്ഷ്യമിട്ടാണ് ആക്രമികൾ വെടിയുതിർത്തത്. സംഭവം ഭീകരാക്രമണമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. വെടിവയ്പ്പിൽ മൂന്നാമതൊരു വ്യക്തി ഉൾപ്പെട്ടിട്ടുണ്ടോ എന്നും അന്വേഷണം നടക്കുന്നുണ്ട്.